Mpox: ഭീതി വേണ്ട; ആദ്യ എംപോക്സ് വാക്സിന് അനുമതി നൽകി ലോകാരോഗ്യ സംഘടന
Mpox: എംപോക്സ് രോഗബാധയെ തുടർന്ന് കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ 107 മരണങ്ങളും 3,160 പുതിയ കേസുകളുമാണ് ആഫ്രിക്കയിൽ റിപ്പോർട്ട് ചെയ്തത്.
ജനീവ: എംപോക്സ് വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ആദ്യ വാക്സിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന. ബവേറിയൻ നോർഡിക് വികസിപ്പിച്ചെടുത്ത എംവിഎ–ബിഎൻ വാക്സീനാണ് അംഗീകാരം നൽകിയത്. എംപോക്സ് വ്യാപനം ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന പ്രദേശങ്ങളിൽ അടിയന്തരമായി വിതരണം ചെയ്യാനാണ് വാക്സിന് പ്രീക്വാളിഫിക്കേഷൻ അനുമതി നൽകിയിരിക്കുന്നത്. ജപ്പാനിലെ കെ.എം ബയോളജിക്‌സ് നിർമ്മിച്ച LC16 എന്ന മറ്റൊരു വാക്‌സിനും അനുമതി ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
പ്രീക്വാളിഫിക്കേഷൻ അനുമതി നൽകുന്നതിലൂടെ യുഎൻ അംഗീകൃത ഏജൻസികൾക്ക് വാക്സിൻ വാങ്ങുവാനും വ്യാപനമുള്ള ഇടങ്ങളിലേക്ക് എത്തിക്കാനും ഇതിലൂടെ സാധിക്കും. 18 വയസിന് മുകളിലുള്ള വ്യക്തികൾക്ക് എംപോക്സ് വാക്സിൻ രണ്ട് ഡോസുകളായാണ് നൽകുക. മങ്കിപോക്സ് വെെറസ് വ്യപാനം രൂക്ഷമായാൽ 18 വയസിന് താഴെയുള്ളവർക്കും എംവിഎ–ബിഎൻ വാക്സീൻ നൽകുമെന്ന് ഡബ്യൂഎച്ച്ഒ വ്യക്തമാക്കി.
എംപോക്സിനെതിരായ പോരാട്ടത്തിന്റെ നിർണ്ണായക ചുവടുവയ്പ്പാണ് ഇതെന്നും ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥാനോം ഗബ്രിയേസൂസ് പറഞ്ഞു. വ്യാപന മേഖലയിലേക്ക് വാക്സിനുകൾ എത്തിക്കാനാണ് ശ്രമിക്കുന്നത്. വാക്സിൻ ജനങ്ങളിലേക്ക് എത്തിക്കുന്നതോടെ വെെറസ് വ്യാപനം നിയന്ത്രിക്കാനും മരണനിരക്ക് കുറയ്ക്കാനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ 107 മരണങ്ങളും 3,160 പുതിയ കേസുകളുമാണ് ആഫ്രിക്കയിൽ റിപ്പോർട്ട് ചെയ്തത്.
രാജ്യത്ത് ഒരു എംപോക്സ് കേസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹരിയാനയിലെ ഹിസാർ സ്വദേശിയായ 26-കാരനാണ് വെെറസ് ബാധയെ തുടർന്ന് ഡൽഹി എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലുള്ളത്. വൈറസ് ബാധയെത്തുടർന്ന് ശരീരത്തിൽ പാടുകളുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. എംപോക്സിന്റെ പഴയ വകഭേദമായ ക്ലേഡ് 2-വാണ് യുവാവിൽ കണ്ടെത്തിയത്. ആഫ്രിക്കൻ രാജ്യത്ത് നിന്നാണ് ഇയാൾ ഇന്ത്യയിലെത്തിയത്.