Nahid Islam: വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിലേക്ക്; ബംഗ്ലാദേശ് രാഷ്ട്രീയത്തില്‍ പുതിയ അധ്യായം തുറക്കാന്‍ നാഹിദ് ഇസ്ലാം; ആരാണ് ഈ യുവനേതാവ്?
Who is Nahid Islam: നാഹിദ് ഇസ്ലാമാണ് പാര്‍ട്ടിയെ നയിക്കുന്നത്. എന്‍സിപിയുടെ കണ്‍വീനറാണ് നാഹിദ്. മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാരിൽ നിന്ന് നാഹിദ് രാജിവച്ചിരുന്നു. പുതിയ ബംഗ്ലാദേശ് സ്ഥാപിക്കുമെന്നാണ് പ്രഖ്യാപനം. എന്‍സിപി ഒരു ലിബറല്‍ പാര്‍ട്ടിയായിരിക്കുമെന്ന് നേതാക്കള്‍

നാഹിദ് ഇസ്ലാം
ധാക്ക: ഷെയ്ഖ് ഹസീനയ്‌ക്കെതിരെ നടന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികള്‍ ബംഗ്ലാദേശില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. നാഷണൽ സിറ്റിസൺസ് പാർട്ടി (എൻസിപി) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. പാർലമെന്റ് മന്ദിരത്തോട് ചേർന്നുള്ള മണിക് മിയ അവന്യൂവിൽ നടന്ന റാലിയില്‍ നിരവധി പേര്‍ പങ്കെടുത്തു. ഐക്യം, സുതാര്യത, അഴിമതിരഹിത ഭരണം, സ്വതന്ത്ര വിദേശനയം തുടങ്ങിയവയാണ് ലക്ഷ്യങ്ങളെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അട്ടിമറിച്ച പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വിദ്യാര്‍ത്ഥി ഗ്രൂപ്പിലുള്ളവരാണ് പാര്‍ട്ടിക്ക് നേതൃത്വം നല്‍കുന്നത്.
പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ യുവനേതാവായ നാഹിദ് ഇസ്ലാമാണ് പാര്‍ട്ടിയെ നയിക്കുന്നത്. എന്‍സിപിയുടെ കണ്‍വീനറാണ്. മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാരിൽ നിന്ന് നാഹിദ് അടുത്തിടെ രാജിവച്ചിരുന്നു. പുതിയ ബംഗ്ലാദേശ് സ്ഥാപിക്കുമെന്നാണ് നാഹിദിന്റെ പ്രഖ്യാപനം. എന്‍സിപി ഒരു ലിബറല്‍ പാര്‍ട്ടിയായിരിക്കുമെന്നാണ് നേതാക്കളുടെ വിശദീകരണം.
“ഞങ്ങൾക്ക് ഐക്യവും സമത്വവും വേണം. ഞങ്ങൾ ഇന്ത്യ അനുകൂലികളോ പാകിസ്ഥാൻ അനുകൂലികളോ അല്ല. ബംഗ്ലാദേശി ജനതയുടെ താൽപ്പര്യപ്രകാരമുള്ള ബംഗ്ലാദേശ് ഞങ്ങള്‍ നിര്‍മിക്കും. വിഭജനത്തിലൂടെ ബംഗ്ലാദേശിനെ ദുർബലപ്പെടുത്താനുള്ള ഗൂഢാലോചന ഞങ്ങൾ തകർത്തു. കഴിഞ്ഞ 15 വർഷത്തിനുള്ളിൽ ഫാസിസ്റ്റ് സർക്കാർ സ്ഥാപനങ്ങളെ നശിപ്പിച്ചു”-നാഹിദ് ഇസ്ലാം പറഞ്ഞു.
ബംഗ്ലാദേശിലെ മൊത്തം ജനസംഖ്യയുടെ ഭൂരിഭാഗവും യുവതലമുറയായതിനാൽ എൻസിപി അവരെയാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ 29 വയസ്സിന് താഴെയുള്ളവരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ ഏകദേശം 57 ശതമാനമാണ്.
ആരാണ് നാഹിദ് ഇസ്ലാം?
ഷെയ്ഖ് ഹസീനയ്‌ക്കെതിരെ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുത്തതോടെയാണ് നാഹിദ് ഇസ്ലാം ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. 27 വയസാണ് പ്രായം. ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് (ഐ & ബി) ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട് രാജിവച്ചു. ധാക്ക സർവകലാശാലയിലെ സോഷ്യോളജി വിഭാഗത്തിലെ വിദ്യാർത്ഥിയായിരുന്നു. പിന്നീടാണ് വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത്.
ധാക്ക സർവകലാശാലയിൽ ഡെമോക്രാറ്റിക് സ്റ്റുഡന്റ് ഫോഴ്‌സ് എന്ന വിദ്യാർത്ഥി സംഘടന രൂപീകരിച്ചു. ഹസീനയുടെ പുറത്താകലിന് പിന്നാലെ മുഹമ്മദ് യൂനുസ് മന്ത്രിസഭയിൽ ഇൻഫർമേഷൻ ഉപദേഷ്ടാവായി അദ്ദേഹത്തെ നിയമിക്കുകയായിരുന്നു. ആറുമാസം സേവനമനുഷ്ഠിച്ച ശേഷം, ഫെബ്രുവരി 25 ന് രാജിവച്ചു. പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ലക്ഷ്യമിട്ടായിരുന്നു രാജി.