Keir Starmer: ഋഷി സുനക്ക് പടിയിറങ്ങുമ്പോൾ ഇനി വരുന്നത് കെയർ സ്റ്റാർമറിന്റെ കാലം; അറിയാം പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെപ്പറ്റി
New UK Prime Minister Keir Starmer: അരനൂറ്റാണ്ടിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ആകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി തീരും സ്റ്റാർമർ . 61കാരനായ കെയർ സ്റ്റാർമർ മനുഷ്യാവകാശ പ്രവർത്തകനും പബ്ലിക് പ്രോസിക്യൂട്ടറുമാണ്.
ലണ്ടൻ: ബ്രിട്ടൻ പൊതു തെരഞ്ഞെടുപ്പിൽ 14 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണത്തെ പുറത്താക്കി ലേബർ പാർട്ടി അധികാരത്തിലെത്തിയിരിക്കുന്നു. ഭരണ കാലാവധി പൂർത്തിയാകും മുമ്പാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. ഇന്ത്യൻ വംശജനും പ്രധാനമന്ത്രിയുമായ ഋഷി സുനക് കനത്ത തിരിച്ചടി നേരിട്ടപ്പോൾ ഇനി പ്രധാനമന്ത്രി പദത്തിലേക്ക് എത്തുക കെയ്ർ സ്റ്റാർമർ ആയിരിക്കും.
650 സീറ്റുകളിൽ ലേബർ പാർട്ടി 370 സീറ്റുകളിൽ ലേബർ പാർട്ടി വിജയിച്ചതായാണ് കണക്ക്. 181 അധിക സീറ്റുകൾ ലേബർ പാർട്ടി നേടിയപ്പോൾ ഋഷി സുനകിൻറെ കൺസർവേറ്റിവ് പാർട്ടിക്ക് 90 സീറ്റുകളേ ലഭിച്ചുള്ളൂ.
ഇനി സ്റ്റാർമറിന്റെ കാലം
അരനൂറ്റാണ്ടിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ആകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി തീരും സ്റ്റാർമർ എന്നാണ് വിവരം. 61കാരനായ കെയർ സ്റ്റാർമർ മനുഷ്യാവകാശ പ്രവർത്തകനും പബ്ലിക് പ്രോസിക്യൂട്ടറുമാണ്. ഇംഗ്ലണ്ടിനും വെയിൽസിനും വേണ്ടി പബ്ലിക് പ്രോസിക്യൂഷൻസ് (ഡിപിപി) ഡയറക്ടറായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1962 സെപ്റ്റംബർ രണ്ടിന് ലണ്ടനിലാണ് കെയർ സ്റ്റാർമർ ജനിച്ചത്. തൊഴിലാളിയായ പിതാവിനും നഴ്സായ മാതാവിനുമൊപ്പവുമായിരുന്നു ബാല്യം.
പതിനാറാം വയസ്സിൽ ലേബർ പാർട്ടി യങ് സോഷ്യലിസ്റ്റിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി. രാഷ്ട്രീയത്തിനൊപ്പം പഠനവും മുന്നോട്ടു കൊണ്ടുപോയിരുന്നു. ലീഡ്‌സ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമ ബിരുദം നേടിയ സ്റ്റാർമർ അതിനു ശേഷം ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് സിവിൽ ലോ ബിരുദാനന്തര ബിരുദവും കരസ്തമാക്കി. 1987ൽ ഒരു ബാരിസ്റ്ററായി.
ALSO READ : ഋഷി സുനക് തുടരുമോ, അതോ…? ആരാകും ഇനി ബ്രിട്ടണിൻ്റെ പ്രധാനമന്ത്രി? അഭിപ്രായ സർവെകൾ ഇങ്ങനെ
സജീവ രാഷ്ട്രീയത്തിൽ എത്തുന്നതിന് മുൻപ് മനുഷ്യവകാശ രംഗത്താണ് അദ്ദേഹം പേരെടുത്തത്. നോർത്തേൺ അയർലൻഡ് പോലീസിങ് ബോർഡിൻ്റെ മനുഷ്യാവകാശ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2002ൽ ക്വീൻസ് കൗൺസലായി മാറിയ അദ്ദേഹം 2003 മുതൽ 2008വരെയുള്ള അഞ്ച് വർഷക്കാലം നോർത്തേൺ അയർലൻഡ് പോലീസിങ് ബോർഡിൻ്റെ നിയമോപദേശകനായിരുന്നു. 2008 മുതൽ 2013വരെ പബ്ലിക് പ്രോസിക്യൂഷൻസ് ഡയറക്ടറായി.
2014ൽ ബക്കിങ്ഹാം കൊട്ടാരത്തിൽ വച്ച് അന്തരിച്ച എലിസബത്ത് രാജ്ഞി ആദരിച്ച ചരിത്രവും സ്റ്റാർമറിനുണ്ടെന്നത് മറ്റൊരു സവിശേഷത. 2015ലാണ് ഹൗസ് ഓഫ് കോമൺസിലേക്ക് എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. 2015 മുതൽ 2016വരെ മന്ത്രിയായും 2020ൽ ലേബർ പാർട്ടി നേതാവായും പ്രവർത്തിച്ചിട്ടുണ്ട്. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന വിക്ടോറിയ ആണ് സ്റ്റാർമറിന്റെ പങ്കാളി. രണ്ട് കുട്ടികളുണ്ട്.