Ebrahim Raisi Death: തീവ്രമതവാദി, ഖാംനഈയുടെ പിന്‍ഗാമി; ആരായിരുന്നു ഇബ്രാഹിം റഈസി

സുഹൃദ് രാജ്യമായ അസര്‍ബൈജാനിലെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം സ്വന്തം രാജ്യത്തേക്ക് മടങ്ങുമ്പോഴാണ് സംഘം അപകടത്തില്‍പ്പെടുന്നത്. തുര്‍ക്കിയുടെയും റഷ്യയുടെയും സഹായത്തോടെയാണ് പിന്നീട് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Ebrahim Raisi Death: തീവ്രമതവാദി, ഖാംനഈയുടെ പിന്‍ഗാമി; ആരായിരുന്നു ഇബ്രാഹിം റഈസി

Ebrahim Raisi Photo: PTI

Updated On: 

20 May 2024 13:03 PM

മെയ് 19 വൈകുന്നേരം മുതല്‍ തന്നെ മധ്യേഷ്യയില്‍ സംഘര്‍ഷം പുകഞ്ഞ് തുടങ്ങിയിരുന്നു. ആദ്യം പുറത്തുവന്ന വാര്‍ത്ത ഇറാന്റെ പ്രസിഡന്റും വിദേശകാര്യമന്ത്രിയും ഉള്‍പ്പെടെ ഒന്‍പത് പേര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ടുവെന്ന വാര്‍ത്തയാണ്. എന്നാല്‍ വാര്‍ത്തയ്ക്ക് ഒരു നീര്‍ കുമിളയുടെ മാത്രം ആയുസാണ് ഉണ്ടായിരുന്നത്. സ്ഥിതിഗതികള്‍ വിചാരിക്കുന്നതിലും സങ്കീര്‍ണമാണെന്ന റിപ്പോര്‍ട്ടുകള്‍ ഇറാന്‍ മാധ്യമങ്ങള്‍ ലോകത്തോട് വിളിച്ച് പറഞ്ഞതിന് പിന്നാലെ ലോകമെങ്ങും പ്രസിഡന്റ് ഇബ്രാഹിം റഈസിക്കായുള്ള പ്രാര്‍ത്ഥനയിലായിരുന്നു.

പരസ്പരം കൊമ്പ് കോര്‍ത്തിരുന്ന, ഇറാന് ഉപരോധം ഏര്‍പ്പെടുത്തിയിരുന്ന അമേരിക്ക പോലും റഈസിയെ കാണാതായതില്‍ ആശങ്ക അറിയിച്ച് രംഗത്തെത്തി. റഈസിയെ കാണാനില്ലെന്ന വാര്‍ത്ത വന്ന് മണിക്കൂറുകള്‍ കടന്നുപോകുന്നതിനിടയില്‍ മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള വാര്‍ത്തയുമെത്തി. റഈസി മാത്രമല്ല ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

Also Read: Ebrahim Raisi: ഹെലികോപ്റ്റർ അപകടം: ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം മരിച്ചതായി സ്ഥിരീകരണം

സുഹൃദ് രാജ്യമായ അസര്‍ബൈജാനിലെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം സ്വന്തം രാജ്യത്തേക്ക് മടങ്ങുമ്പോഴാണ് സംഘം അപകടത്തില്‍പ്പെടുന്നത്. തുര്‍ക്കിയുടെയും റഷ്യയുടെയും സഹായത്തോടെയാണ് പിന്നീട് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടം നടന്ന് 12 മണിക്കൂറിന് ശേഷം ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ പിന്‍ഗാമിയായി പരിഗണിക്കപ്പെട്ടിരുന്ന നേതാവാണ് കൊല്ലപ്പെട്ട ഇബ്രാഹിം റഈസി. 1960ല്‍ ശിയാ തീര്‍ത്ഥാടന കേന്ദ്രമായ മശ്ഹദ്ദിലാണ് റഈസി ജനിച്ചത്. റഈസിക്ക് 5 വയസുള്ളപ്പോള്‍ അദ്ദേഹത്തിന്റെ പിതാവ് മരണത്തിന് കീഴടങ്ങി, ഇതിന് പിന്നാലെ 1979ല്‍ ആയത്തുല്ല റൂഹുല്ലാ ഖാംനഈ നയിച്ച ഇസ്ലാമിക് വിപ്ലത്തില്‍ റഈസി പങ്കാളിയായി.

Photo Credit: REUTERS

തന്റെ 25ാം വയസില്‍ ടെഹ്‌റാന്‍ ഡെപ്യൂട്ടി പ്രോസിക്യൂട്ടറായാണ് റഈസി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1988ല്‍ രാഷ്ട്രീയത്തടവുകാര്‍ക്ക് കൂട്ടത്തോടെ വധശിക്ഷ വിധിച്ച നാല് ജഡ്ജിമാരില്‍ ഒരാളായിരുന്നു ഇദ്ദേഹം. ആയത്തുല്ല റൂഹുല്ല ഖാംനഈയുടെ മരണത്തോടെ 1989ല്‍ ടെഹ്‌റാന്റെ പ്രോസിക്യൂട്ടറായി റഈസി നിയമിതനായി.

2009ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ കലാപം അടിച്ചമര്‍ത്തുന്നതിലും റഈസി പ്രധാനിയായി. അതേസമയം തന്നെ അഴിമതി വിരുദ്ധന്‍ എന്ന പ്രതിച്ഛായയും കെട്ടിപ്പടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. പിന്നീട് 2017ല്‍ ആദ്യമായി തെരഞ്ഞെടുപ്പ് പദവിയിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല. അന്ന് ഹസന്‍ റൂഹാനിയോടാണ് റഈസി പരാജയപ്പെട്ടത്. 2019ല്‍ ജൂഡീഷ്യറി മേധാവി പദവിയിലെത്തിയ റഈസി രണ്ട് വര്‍ഷത്തിന് ശേഷം 2021 ജൂണില്‍ 62 ശതമാനം വോട്ട് നേടി പ്രസിഡന്റാവുകയായിരുന്നു.

Also Read: Ebrahim Raisi: ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

ഇറാന്‍ പടിഞ്ഞാറുമായി ഒപ്പിട്ട ആണവ ധാരണയെ ശക്തമായി എതിര്‍ത്തയാളാണ് റഈസി. പിന്നീട് ആണവ ധാരണയില്‍ നിന്നും അമേരിക്ക പിന്‍മാറുകയും ഉപരോധങ്ങള്‍ പുനസ്ഥാപിക്കുകയും ചെയ്തതോടെ റഈസിയുടെ പ്രതിച്ഛായ മെച്ചപ്പെട്ടു. റഈസി അധികാരത്തിലെത്തിയത്തിന് പിന്നാലെയാണ് യുഎസ് പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറി ഉപരോധം പ്രഖ്യാപിച്ചത്. ഇത് ഇറാന്റെ സാമ്പത്തിക നിലയെ തന്നെ പ്രതിരോധത്തിലാക്കിയിരുന്നു. ആണവകരാര്‍ ദുര്‍ബലപ്പെട്ടതോടെ യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്ന് റഈസി പ്രഖ്യാപിച്ചിരുന്നു. ചൈനയുമായി റഷ്യയുമായും ഇറാന്‍ കൂടുതല്‍ അടുത്തതും റഈസിയുടെ കാലത്താണ്. ഭരണത്തിലേറിയ ശേഷം റഈസി പടിഞ്ഞാറിനെ ഉപേക്ഷിച്ച് ചൈനയുമായുള്ള ബന്ധം ശക്തമാക്കുകയാണ് ചെയ്തത്.

Photo Credit: Al Jazeera

ശരിയ കര്‍ശനമായും നടപ്പാക്കിയ റഈസി, മൊറാലിറ്റി പൊലീസ് സംവിധാനം രാജ്യത്ത് ശക്തമാക്കി. ഇതിന് പിന്നാലെ രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. ശരിയായി ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് മതകാര്യ പൊലീസ് പിടിച്ച് കൊണ്ടുപോയി ക്രൂരമായി മര്‍ധിച്ചതിന് പിന്നാലെ 2022 സെപ്തംബര്‍ 16 ന് മരണത്തിന് കീഴടങ്ങിയ മഹ്‌സ അമിനി ഈ നിയമത്തിന്റെ ഇരയായിരുന്നു. അമിനിക്ക് നീതി ആവശ്യപ്പെട്ട് ആരംഭിച്ച പ്രക്ഷോഭം ഇറാനിലെ ഏറ്റവും വലിയ പ്രക്ഷോഭങ്ങളിലൊന്നായി മാറിയിരുന്നു.

ഇറാന്റെ കടുത്ത തീവ്രപക്ഷക്കാരനായ നേതാവായിരുന്നു ഇബ്രാഹിം റഈസി എന്ന കാര്യത്തില്‍ സംശയമില്ല. മതത്തിലും രാഷ്ട്രീയത്തിലും വിട്ടൂവീഴ്ചയില്ലാത്ത വ്യക്തി. ഖാംനഈയുടെ പ്രിയപ്പെട്ട അനുയായി. ഖാംനഈയ്ക്ക് റഈസിയെപ്പോലെ മറ്റൊരാളെ കണ്ടെത്തല്‍ എളുപ്പമായിരിക്കില്ല എന്ന് പറയുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ പ്രാധാന്യം എത്രത്തോളമെന്ന് വ്യക്തം.

കൊളസ്ട്രോൾ കുറയ്ക്കാൻ ഈ നട്സ് സഹായിക്കും
ആറ് മത്സരങ്ങൾ; 664 റൺസ്; കരുൺ നായർക്ക് റെക്കോർഡ്
ശരീരത്തില്‍ സൂര്യപ്രകാശം ലഭിച്ചില്ലെങ്കില്‍?
വിറ്റാമിൻ ഡി ലഭിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ