5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Harini Amarasuriya: 54-ാം വയസിലും അവിവാഹിത, ശക്തമായ അക്കാദമിക് പശ്ചാത്തലം; ആരാണ് ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യ?

PM Harini Amarasuriya: ശ്രീലങ്കയുടെ ചരിത്രത്തിൽ പ്രധാനമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയും, 2000-ത്തിന് ശേഷം ശ്രീലങ്കൻ പ്രധാനമന്ത്രിയാകുന്ന ആദ്യ വനിതയുമാണ് ഹരിണി.

Harini Amarasuriya: 54-ാം വയസിലും അവിവാഹിത, ശക്തമായ അക്കാദമിക് പശ്ചാത്തലം; ആരാണ് ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യ?
nandha-das
Nandha Das | Updated On: 20 Nov 2024 18:38 PM

ശ്രീലങ്കയുടെ പതിനേഴാമത് പ്രധാനമന്ത്രിയാണ് ഡോ. ഹരിണി അമരസൂര്യ. പ്രസിഡന്റ് അനുര കുമാര ദിസനായകെയാണ് ഹരിണിയെ വീണ്ടും പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 24-ആം തീയതി മുതൽ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച് വരികയാണ് ഹരിണി. നവംബർ 14-ന് നടന്ന പൊതുതിരഞ്ഞെടുപ്പിൽ 225 അംഗ പാർലമെൻറിൽ 159 സീറ്റ് നേടിയാണ് ഹരിണിയുടെ പാർട്ടിയായ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) വിജയം കൈവരിച്ചത്. ശ്രീലങ്കയുടെ ചരിത്രത്തിൽ പ്രധാനമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയും, 2000-ത്തിന് ശേഷം ശ്രീലങ്കൻ പ്രധാനമന്ത്രിയാകുന്ന ആദ്യ വനിതയുമാണ് ഹരിണി.

ആരാണ് ഹരിണി അമരസൂര്യ?

ഹരിണി അമരസൂര്യ രാഷ്ട്രീയ പ്രവർത്തക എന്നതിന് പുറമെ ഒരു കോളേജ് അധ്യാപികയും ആക്റ്റിവിസ്റ്റും കൂടിയാണ്. 54 വയസുള്ള ഇവർ വിവാഹം കഴിച്ചിട്ടില്ല. 1970 മാർച്ച് 6-ന് ശ്രീലങ്കയിലെ ഗാലെയിൽ ആണ് ഹരിണി ജനിച്ചത്. 1948-52 കാലഘട്ടത്തിൽ കാബിനറ്റ് വാണിജ്യ വ്യവസായ മന്ത്രിയായിരുന്ന എച്ച് ഡബ്ല്യൂ അമരസൂര്യയുടെ ബന്ധുവാണ് ഇവർ. 1972-ൽ ഭൂപരിഷ്കരണ നിയമപ്രകാരം പിതാവിന്റെ എസ്റ്റേറ്റ് സർക്കാർ ഏറ്റെടുത്തിനെ തുടർന്ന് ഇവർ കൊളംബോയിലേക്ക് താമസം മാറി. അവിടെ ബിഷപ്‌സ് കോളേജിൽ പഠിക്കുന്ന കാലയളവിൽ ഹരിണി എക്സ്ചേഞ്ച് സ്റ്റുഡന്റായി ഒരു വർഷം അമേരിക്കയിൽ നിന്നും പഠിച്ചു.

ഇന്ത്യയുമായുള്ള ബന്ധം

1991-94 കാലഘട്ടത്തിലാണ് ഹരിണി ഡൽഹിയിലെ ഹിന്ദു കോളേജിൽ സോഷ്യോളജി പഠിക്കാനായി ഇന്ത്യയിൽ എത്തുന്നത്. ഇവിടെ നിന്നും സോഷ്യോളജിയിൽ ബിരുദം പൂർത്തിയാക്കി. വിദ്യാർത്ഥി ഭരണത്തിന്റെ പാരമ്പര്യത്തിന് പേര് കേട്ട ഹിന്ദു കോളേജ് അവരിൽ നേതൃഗുണങ്ങൾ പരിപോഷിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. പ്രമുഖ ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ ഇംതിയാസ് അലി, പത്രപ്രവർത്തകനായ അർണാബ് ഗോസ്വാമി എന്നിവരും ആ കാലയളവിൽ ഹിന്ദു കോളേജിൽ പഠിച്ചിരുന്നു.

ഇന്ത്യയിൽ നിന്നും തിരികെ ശ്രീലങ്കയിലേക്ക് പോയ ഹരിണി, സുനാമി ബാധിതരായ കുട്ടികൾക്കൊപ്പം ‘നെസ്റ്റ് ശ്രീലങ്ക’യിൽ കമ്മ്യൂണിറ്റി ഹെൽത്ത് വർക്കാരായി പ്രവർത്തിച്ചു. പിന്നീട് അഞ്ച് വർഷങ്ങൾക്ക് ശേഷം മക്വാരി സർവകലാശാലയിൽ നിന്നും അപ്ലൈഡ് ആൻഡ് ഡെവലപ്മെന്റ് ആന്ത്രോപോളജിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ഇവർ, എഡിൻബർഗ് യൂണിവേഴ്സിറ്റിയിൽ നിന്നും സോഷ്യൽ ആന്ത്രോപോളജിയിൽ പിഎച്ച്ഡിയും പൂർത്തിയാക്കി. തുടർന്ന്, കുറച്ച് കാലം ശ്രീലങ്കൻ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ സോഷ്യൽ സയൻസ് ഡിപ്പാർട്മെന്റിലെ സീനിയർ അദ്ധ്യാപികയായി പ്രവർത്തിച്ചു.

രാഷ്ട്രീയ യാത്ര

സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഹരിണി 2011-ലാണ് മുഖ്യധാര രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. രാജപക്സെ സർക്കാരിന്റെ കാലത്ത്, സർക്കാർ നടപടികൾക്കെതിരെ നടന്ന പ്രതിഷേധ മാർച്ചിൽ ഇവരും പങ്കെടുത്തിരുന്നു. 2015-ൽ മൈത്രീപാല സിരിസേനയുടെ തിരഞ്ഞെടുപ്പിന് ശേഷം ഇവർ ജെവിപി (ജെവിപി-എൻപിപി സഖ്യം) പാർട്ടിയിൽ ചേർന്നു. പിന്നീട്, 2019-ൽ നാഷണൽ ഇന്റലക്ച്വൽ ഓർഗനൈസേഷനിൽ ചേർന്ന ഇവർ, ശ്രീലങ്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൻപിപി സ്ഥാനാർഥി അനുര കുമാര ദിസനായകെയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി. അനുര ദിസനായകെ പ്രസിഡന്റായതോട് കൂടി അന്ന് പ്രധാനമന്ത്രിയായിരുന്ന ദിനേശ് ഗുണവ‍ർധന സ്ഥാനം ഒഴിഞ്ഞു. അതോടെ, 16-ആമത് പാർലമെൻറിൽ എൻപിപി ഹരിണിയെ നാമനിർദേശം ചെയുകയും, തുടർന്ന് പ്രധാനമന്ത്രിയായി നിയമിക്കുകയും ചെയ്തു. ചുമതകൾ വർധിച്ചതോടെ ഓപ്പൺ യൂണിവേഴ്സിറ്റിയിലെ അധ്യാപിക സ്ഥാനം ഹരിണി ഒഴിഞ്ഞു.

ALSO READ: എന്തിനാണ് ഈ ഐടി കമ്പനി ഉടമ ചാരിറ്റിക്ക് കോടികൾ മുടക്കുന്നത്; ശിവ് നാടാർ എന്ന മനുഷ്യൻ

പ്രധാനമന്ത്രിയായി ചുമതലയേറ്റു

2024 സെപ്റ്റംബറിൽ ഹരിണി ശ്രീലങ്കയുടെ 16-ആമത് പ്രധാമന്ത്രിയായി ചുമതലയേറ്റു. അതോടെ 2000ന് ശേഷം പ്രധാനമന്ത്രിയാകുന്ന ആദ്യ വനിതയും, ശ്രീലങ്കയുടെ ചരിത്രത്തിൽ പ്രധാനമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയുമായി ഹരിണി. അന്ന് നീതിന്യായം, വിദ്യാഭ്യാസം, തൊഴില്‍, വ്യവസായം, ശാസ്ത്രം, സാങ്കേതികം, ആരോഗ്യം, നിക്ഷേപം തുടങ്ങിയ വകുപ്പുകളുടെ ചുമതലയായിരുന്നു ഹരിണിക്ക് ലഭിച്ചത്. അന്നത്തെ പാർലമെന്റ് പിരിച്ചുവിടുന്നത് വരെ താത്കാലിക മന്ത്രിസഭയായി പ്രവർത്തിക്കുക എന്നതായിരുന്നു ഇവരുടെ ചുമതല. നവംബര്‍ അവസാനത്തോടെ വീണ്ടും തിരഞ്ഞെടുപ്പ് നടക്കുമെന്നും അറിയിച്ചിരുന്നു.

നവംബറിലെ തിരഞ്ഞെടുപ്പ്

തുടർന്ന് നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ, 225 അംഗ പാർലമെൻറിൽ 159 സീറ്റ് നേടി എൻപിപി ഭൂരിപക്ഷം കരസ്ഥമാക്കി. അങ്ങനെ ഹരിണി അമരസൂര്യ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് ഹരിണി വിജയിച്ചത്. 2020 ൽ മഹിന്ദ രജപക്സെ നേടിയ 5,27,364 വോട്ട് റെക്കോർഡ് തകർത്തുകൊണ്ട്, 6,55,289 ഭൂരിപക്ഷത്തോടെയാണ് ഹരിണി വിജയം സ്വന്തമാക്കിയത്.

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി

കഴിഞ്ഞ കുറച്ചു കാലങ്ങളായി ശ്രീലങ്കയുടെ സാമ്പത്തിക സ്ഥിതി അത്ര മെച്ചപ്പെട്ട നിലയിലല്ല. 2022ലെ സാമ്പത്തിക മാന്ദ്യത്തിൽ നിന്നും രാജ്യം ഇപ്പോഴും കരകേറിയിട്ടില്ല. വിദേശ കറന്‍സി ക്ഷാമമാണ് ഇതിന് പിന്നിലെ പ്രധാന കാരണം. ഇത് രാജ്യത്തെ സുപ്രധാന മേഖലകളുടെ തകർച്ചയ്ക്ക് വരെ കാരണമായി. ഇതോടെ, ശ്രീലങ്കയുടെ സമ്പദ് വ്യവസ്ഥ 7.3 ശതമാനമായി ചുരുങ്ങി. 2023 ആയപ്പോൾ ഇതിൽ വീണ്ടും 2.3 ശതമാനത്തിന്റെ ഇടിവുണ്ടായി. സാമ്പത്തിക പ്രതിസന്ധി മറികടന്ന് ശ്രീലങ്കയുടെ പഴയ നില വീണ്ടെടുക്കുക എന്നതാണ് പുതിയ സർക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

 

Latest News