Anita Anand: കനേഡിയൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ, ആരാണ് അനിത ആനന്ദ്?
ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് കുടിയേറിയ ഡോക്ടർ ദമ്പതികളായ സരോജ് ഡി റാം, എസ് വി ആനന്ദ് എന്നിവരുടെ മകളായി നോവ സ്കോട്ടിയയിലെ കെൻ്റ്‌വില്ലെയിലാണ് അനിത ജനിച്ചത്. പ്രതിരോധം, ആഭ്യന്തര വാണിജ്യം വകുപ്പുകളുടെ മന്ത്രിയായിരുന്നു
കാനഡയിൽ പുതിയ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇന്ത്യൻ വംശജയെ പരിഗണിക്കുന്നതായി റിപ്പോർട്ട്. നിലവിലെ നിലവിൽ ജസ്റ്റിൻ ട്രൂഡോ സർക്കാരിലെ ഗതാഗത മന്ത്രി അനിത ആനന്ദിനെയാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്. തിങ്കളാഴ്ചയാണ് ട്രൂഡോ തൻ്റെ രാജി പ്രഖ്യാപിച്ചത്. മാർച്ച് 24-നകം പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുമെന്നാണ് വിവരം.ഡൊമിനിക് ലെബ്ലാങ്ക്, ക്രിസ്റ്റിയ ഫ്രീലാൻഡ്, മെലാനി ജോളി, ഫ്രാങ്കോയിസ്-ഫിലിപ്പ് ഷാംപെയ്ൻ, മാർക്ക് കാർണി എന്നിവരാണ് പരിഗണിക്കപ്പെടുന്ന മറ്റുള്ളവർ. 2019 മുതൽ ലിബറൽ പാർട്ടിയുടെ പാർലമെൻ്റ് അംഗമാണ് അനിത.ഹൗസ് ഓഫ് കോമൺസിൽ ഓക്ക്‌വില്ലെയെ ആണ് അനിത പ്രതിനിധീകരിക്കുന്നത്. 2024 മുതൽ ഗതാഗതം, ആഭ്യന്തര വ്യാപാരം എന്നീ വകുപ്പുകളുടെ മന്ത്രിയാണ്. പൊതുസേവനം, സംഭരണം, പ്രതിരോധം എന്നീ വകുപ്പുകളും മുൻപ് അനിത കൈകാര്യം ചെയ്തിട്ടുണ്ട്.
1960-കളുടെ തുടക്കത്തിൽ ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് കുടിയേറിയ ഡോക്ടർ ദമ്പതികളായ സരോജ് ഡി റാം, എസ് വി ആനന്ദ് എന്നിവരുടെ മകളായി
നോവ സ്കോട്ടിയയിലെ കെൻ്റ്‌വില്ലെയിൽ 1967 മെയ് 20-നാണ് അനിത ജനിച്ചത്. പൊളിറ്റിക്കൽ സയൻസിൽ അക്കാദമിക് ബിരുദവും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമശാസ്ത്രത്തിൽ ബിരുദം (ഓണേഴ്സും) അനിത പൂർത്തിയാക്കി. ഒപ്പം ഡൽഹൗസി യൂണിവേഴ്സിറ്റി, ടൊറൻ്റോ യൂണിവേഴ്സിറ്റിയിൽ നിന്നും യഥാക്രമം നിയമത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഗീത, സോണിയ എന്നിങ്ങനെ രണ്ട് സഹോദരിമാരും അനിതക്കുണ്ട്. 1985-ൽ, അനിതക്ക് 18 വയസ്സുള്ളപ്പോൾ, ഇവരുടെ കുടുംബം ഒൻ്റാറിയോയിലേക്ക് താമസം മാറി.
അധ്യാപികയായാണ് അനിത തൻ്റെ കരിയർ ആരംഭിക്കുന്നത്. ടൊറൻ്റോ സർവകലാശാലയിൽ പ്രൊഫസറായും ടൊറൻ്റോ യൂണിവേഴ്സിറ്റിയുടെ അസോസിയേറ്റ് ഡീനും റോട്ട്മാൻ സ്കൂൾ ഓഫ് മാനേജ്മെൻ്റിലെ ക്യാപിറ്റൽ മാർക്കറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ പോളിസി ആൻഡ് റിസർച്ച് ഡയറക്ടറുമായിരുന്നു. കനേഡിയൻ അഭിഭാഷകനും ബിസിനസ് എക്‌സിക്യൂട്ടീവുമായ ജോൺ നോൾട്ടനെയാണ് അനിത വിവാഹം കഴിച്ചത്. ദമ്പതികൾക്ക് നാല് കുട്ടികളുണ്ട്.
പൊതു സേവന വിഭാഗം കൈകാര്യം ചെയ്യുന്ന മന്ത്രിയെന്ന നിലയിൽ, കോവിഡ്-19 കാലഘട്ടത്ത് അനിത വഹിച്ച പങ്ക് നിർണ്ണായകമാണ്. ഓക്‌സിജൻ വിതരണം, മാസ്‌കുകൾ, പിപിഇ കിറ്റുകൾ, വാക്‌സിൻ സപ്ലൈസ്, ആൻ്റിജൻ ടെസ്റ്റുകൾ എന്നിവ വിദഗ്ധമായാണ് അനിത കൈകാര്യം ചെയ്തത്. 2021-ൽ പ്രതിരോധ വകുപ്പും അനിത കൈകാര്യം ചെയ്തിട്ടുണ്ട്. ഗതാഗത മന്ത്രിയെന്ന നിലയിൽ കാനഡയിലെ റോഡുകൾ, ഹൈവേകൾ, റെയിൽ ഗതാഗതം എന്നിവ മെച്ചപ്പെടുത്തുന്നതിനായി കാനഡയിലുടനീളമുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് അനിത മേൽനോട്ടം വഹിച്ചിട്ടുണ്ട്. അനിത ആനന്ദ് തിരഞ്ഞെടുക്കപ്പെട്ടാൽ ജസ്റ്റിൻ ട്രൂഡോയുടെ പകരക്കാരനായി കാനഡയുടെ പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യൻ വംശജയായിരിക്കും ഇത്.