5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sunita Williams: സുനിത വില്യംസ് ഭൂമിയിലെത്താൻ വൈകും; തിരികെ വരാനുള്ള തീയതി പുതുക്കി നാസ, കാരണമെന്ത്?

Sunita Williams: ഭൂമിയിലേക്കു തിരികെ എത്താനുള്ള തീയതി ജൂൺ 22 ആയാണ് പുതുക്കിയിരിക്കുന്നത്. നേരത്തേ ജൂൺ 18ന് തിരിച്ചുവരുമെന്നാണ് അറിയിച്ചിരുന്നത്.

Sunita Williams: സുനിത വില്യംസ് ഭൂമിയിലെത്താൻ വൈകും; തിരികെ വരാനുള്ള തീയതി പുതുക്കി നാസ, കാരണമെന്ത്?
സുനിതാ വില്യംസിനും സഹയാത്രികൻ ബാരി യൂജിൻ ബുഷ് വിൽമോറും.
neethu-vijayan
Neethu Vijayan | Published: 18 Jun 2024 07:31 AM

വാഷിങ്ടൺ: ബഹിരാകാശ പേടകം ബോയിങ് സ്റ്റാർലൈനറിന്റെ തിരിച്ചുവരവ് നീട്ടിവച്ചതായി നാസ. ഇന്ത്യൻ വംശജ സുനിത വില്യംസ് അടക്കമുള്ള ബഹിരാകാശ യാത്രികർ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് (ഐഎസ്എസ്) ഭൂമിയിലേക്കു തിരികെ എത്താനുള്ള തീയതി ജൂൺ 22 ആയാണ് പുതുക്കിയിരിക്കുന്നത്. നേരത്തേ ജൂൺ 18ന് തിരിച്ചുവരുമെന്നാണ് അറിയിച്ചിരുന്നത്.

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ അപകടകാരിയായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയെന്ന റിപ്പോർട്ടിനു പിന്നാലെയാണു ദൗത്യം നീട്ടിവച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. സുനിതാ വില്യംസിനും സഹയാത്രികൻ ബാരി യൂജിൻ ബുഷ് വിൽമോറിനും ബഹിരാകാശ നിലയത്തിൽ നാല് ദിവസം അധികം ചെലവിടേണ്ടിവരും. ബഹിരാകാശ നിലയത്തിലെ സഞ്ചാരികൾക്ക് എക്സ്ട്രാ വെഹിക്കുലാർ ആക്റ്റിവിറ്റി (ഇവിഎ) തയാറാക്കാനും നടപ്പിലാക്കാനും അധികസമയം ആവശ്യമായതിനാലാണു യാത്ര നീട്ടിയതെന്നാണ് ഔദ്യോഗികഭാഷ്യം.

മടക്കയാത്ര നീട്ടിവച്ചതോടെ മൊത്തം ദൗത്യം രണ്ടാഴ്ചയിലേറെയായി നീളും. ബഹിരാകാശ പേടകം പുറപ്പെടുന്നതിനു മുമ്പ് നാസ ഉദ്യോഗസ്ഥർ തെക്കുപടിഞ്ഞാറൻ യുഎസിലെ ലാൻഡിങ് സ്ഥലങ്ങളുടെ കാലാവസ്ഥാ സ്ഥിതിഗതികൾ വിലയിരുത്തുമെന്നും വൃത്തങ്ങൾ അറിയിച്ചു.

ALSO READ:  ബഹിരാകാശത്ത് നൃത്തം ചെയ്ത സുനിത… അറിയുമോ ഈ ഇന്ത്യക്കാരിയെ ?

സ്റ്റാർലൈനറിന്റെ കഴിവുകൾ മനസ്സിലാക്കുന്നതു തുടരുകയാണെന്നാണ് നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച്ച് വ്യക്തമാക്കിയത്. സുനിതയും വിൽമോറും ഇക്കാലയളവിൽ സ്റ്റാർലൈനറിനെപ്പറ്റി കൂടുതൽ വിലയിരുത്തലുകൾ നടത്തും.

പേടകത്തിലെ പിൻഭാഗത്തെ എട്ട് ത്രസ്റ്ററുകളിൽ ഏഴെണ്ണം പ്രവർത്തിപ്പിക്കുന്നതടക്കം ‘ഹോട്ട്-ഫയർ’ ടെസ്റ്റ് ഈ ദിവസങ്ങളിലാകും നടക്കുക. കൂടാതെ സുരക്ഷിതമായി തിരിച്ചിറങ്ങുന്നതിനുള്ള സംവിധാനങ്ങളുടെ പരിശോധനയും പരീക്ഷണവും ഇതേദിവസങ്ങളിൽ നടക്കും.

‘‘സ്റ്റേഷനിൽ കൂടുതൽ സമയം ചെലവിടാനും അമൂല്യമായ ഡേറ്റ നൽകുന്ന കൂടുതൽ പരീക്ഷണങ്ങൾ നടത്താനും അവിശ്വസനീയമായ അവസരമാണിത്’’– ബോയിങ്ങിന്റെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാം വൈസ് പ്രസിഡന്റും പ്രോഗ്രാം മാനേജറുമായ മാർക്ക് നാപ്പി പറഞ്ഞു.

മാറ്റിവയ്ക്കാനുള്ള സാധ്യതയോടെയാണു ദൗത്യം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും നാസ പറഞ്ഞു. നാസയ്ക്കും ബോയിങ്ങിനും പഠനത്തിനും നിരീക്ഷണത്തിനും ധാരാളം സമയവും അവസരവുമുള്ള ദൗത്യമാണിതെന്നു മാർക്ക് നാപ്പി പറയുന്നു. സ്റ്റാർലൈനറിന്റെ ഷെഡ്യൂൾ ചെയ്ത മടങ്ങിവരവ് ഇപ്പോൾ രണ്ടാംതവണയാണു വൈകുന്നത്.

നാസയുടെ കൊമേഷ്യൽ ക്രൂ പ്രോഗ്രാമിന്റെ ഭാഗമായിട്ടുള്ള സ്റ്റാർലൈനറിന് വേണ്ടി നടത്തുന്ന ആദ്യ പരീക്ഷണയാത്ര കൂടിയാണിത്. വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി സ്റ്റാർലൈനർ ഉപയോഗിക്കുന്നതിന്റെ ഭാഗമായിട്ടാണ് നാസയോടൊപ്പം ചേർന്ന് ഇത്തരമൊരു പരീക്ഷണം നടത്തുന്നത്.