Mona Lisa Painting: മൊണാലിസയിലുള്ള ആ പശ്ചാത്തലം എവിടെ? അടുത്ത വിവാദം
മൊണാലിസയ്ക്ക് പശ്ചാത്തലമായ ഇറ്റാലിയൻ പ്രദേശം ഏതാണെന്നത് കാലങ്ങളായുള്ള തർക്ക വിഷയമാണ്.
മൊണാലിസ നിഗൂഢ മന്ദസ്മിതം എന്താണെന്ന് അറിയാത്തവർ ചുരുക്കമായിരിക്കും. ലിയനാർഡോ ഡാവിഞ്ചിയെന്ന പ്രതിഭയുടെ കൈകളിൽ വിരിഞ്ഞ മഹത്തായ പെയിൻറിംഗുകളിൽ ഒന്ന് കൂടിയാണ് മൊണാലിസ. പതിറ്റാണ്ടുകളായി ഗവേഷകർക്കിടെയിലെ നിരവധി സിദ്ധാന്തങ്ങൾക്കും ചർച്ചകൾക്കും കേന്ദ്ര ബിന്ദുവാണ് ഈ പെയിന്റിംഗ്.
ഇത്തരത്തിലൊരു പുതിയ കണ്ടെത്തൽ അവതരിപ്പിച്ചിരിക്കുകയാണ് ഇറ്റാലിയൻ ജിയോളജിസ്റ്റും ചരിത്രകാരിയും കൂടിയായ ആൻ പിസോറൂസ്സോ. മൊണാലിസയ്ക്ക് പശ്ചാത്തലമായ ഇറ്റാലിയൻ പ്രദേശം ഏതാണെന്നത് കാലങ്ങളായുള്ള തർക്ക വിഷയമാണ്.എന്നാൽ ചിത്രത്തിലുള്ള ആ പ്രദേശം വടക്കൻ ഇറ്റലിയിലെ ലൊംബാർഡി പ്രവിശ്യയിലുള്ള ലെക്കോ പട്ടണമാണെന്നാണ് കണ്ടെത്തൽ.
കോമോ നദിയുടെ തീരത്താണ് ലെക്കോ പട്ടണം. 14 -ാം നൂറ്റാണ്ടിൽ നിർമ്മിച്ച അസോൺ വിസ്കോന്റി പാലം, പർവത നിരകൾ, ഗാർലേറ്റ് തടാകം തുടങ്ങി ലെക്കോയിലെ പ്രശസ്തമായ ഇടങ്ങൾക്ക് ചിത്രത്തിന്റെ പശ്ചാത്തലവുമായി സാമ്യമുണ്ടെന്ന് പറയുന്നു. ഗാർലേറ്റ് തടാകം 500 വർഷങ്ങൾക്ക് മുമ്പ് ഡാവിഞ്ചി സന്ദർശിച്ചിരുന്നെന്ന് പറയപ്പെടുന്നു. ചിത്രത്തിലെ പാറക്കൂട്ടങ്ങൾ ലെക്കോയിലെ ചുണ്ണാമ്പുകല്ലുകളാണെന്ന് കരുതുന്നതായും പറയുന്നു.
ചിത്രത്തിലുള്ള ഇടം അറെസോ പ്രവിശ്യയാണെന്നും വാദം നിലനിൽക്കുന്നുണ്ട്. മൊണാലിസയ്ക്ക് പിന്നിലായി കാണുന്ന പാലം അറെസോയിലെ ‘ റൊമിറ്റോ ഡി ലാറ്ററീന’ ആണെന്നും അതല്ല, പിയാസെൻസയിലെ പോണ്ടെ ബോബിയോയോ അല്ലെങ്കിൽ ലാറ്ററീനയ്ക്ക് സമീപമുള്ള പോണ്ടെ ബറിയാനോയോ ആണെന്നും വാദങ്ങൾ നിലവിലുണ്ട്. എന്തായാലും മൊണാലിസയുടെ കാലങ്ങളായുള്ള തർക്ക വിഷയമാണ് ഇപ്പോൾ ഉത്തരം തേടുന്നത്.