Human Rights Day 2024 : നാളെ മനുഷ്യാവകാശദിനം; എന്താണ് പ്രത്യേകത ? അറിയേണ്ടതെല്ലാം
Human Rights Day 2024 Importance : വംശം, നിറം, മതം, ലിംഗം, ഭാഷ, അല്ലെങ്കിൽ മറ്റ് പദവികൾ എന്നിവയ്ക്ക് അതീതമായി എല്ലാവര്‍ക്കും അവകാശങ്ങളുണ്ടെന്ന് ഇത് ഓര്‍മിപ്പിക്കുന്നു. "നമ്മുടെ അവകാശങ്ങൾ, നമ്മുടെ ഭാവി, ഇപ്പോൾ" എന്നതാണ് ഈ വര്‍ഷത്തെ മനുഷ്യാവകാശ ദിനത്തിന്റെ തീം
എല്ലാ വര്‍ഷവും ഡിസംബര്‍ 10നാണ് മനുഷ്യാവകാശ ദിനം ആഘോഷിക്കുന്നത്. 1948ല്‍ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപനം (Universal Declaration of Human Rights-UDHR) അംഗീകരിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് എല്ലാ വര്‍ഷവും ഡിസംബര്‍ 10ന് മനുഷ്യാവകാശ ദിനം ആചരിക്കുന്നത്.
മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിലും ലക്ഷ്യമിട്ടുള്ള ഒരു ‘ഗ്ലോബല്‍ സ്റ്റാന്‍ഡേര്‍ഡാ’ണ് യുഡിഎച്ച്ആര്‍. വംശം, നിറം, മതം, ലിംഗം, ഭാഷ, അല്ലെങ്കിൽ മറ്റ് പദവികൾ എന്നിവയ്ക്ക് അതീതമായി എല്ലാവര്‍ക്കും അവകാശങ്ങളുണ്ടെന്ന് ഇത് ഓര്‍മിപ്പിക്കുന്നു. “നമ്മുടെ അവകാശങ്ങൾ, നമ്മുടെ ഭാവി, ഇപ്പോൾ” എന്നതാണ് ഈ വര്‍ഷത്തെ മനുഷ്യാവകാശ ദിനത്തിന്റെ തീം.
1948 ഡിസംബർ 10-ന് പാരീസിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയാണ് ആദ്യമായി യുഡിഎച്ച്ആര്‍ പ്രഖ്യാപിച്ചത്. എലീനർ റൂസ്‌വെൽറ്റ് അധ്യക്ഷനായ യുഎന്‍ സമിതിയാണ് ഇത് തയ്യാറാക്കിയത്. പാരീസിലെ പാലൈസ് ഡി ചയിലോട്ടിൽ നടന്ന മൂന്നാം സെഷനിൽ 217-ാം പ്രമേയമായി ജനറൽ അസംബ്ലി ഇത് അംഗീകരിച്ചു. അന്ന് ഐക്യരാഷ്ട്രസഭയിലെ 58 അംഗങ്ങളിൽ 48 പേർ അനുകൂലിച്ചു. എട്ട് പേർ വിട്ടുനിന്നു. രണ്ട് പേർ വോട്ട് ചെയ്തില്ല.
ലോകത്ത് ഏറ്റവും കൂടുതല്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ഡോക്യുമെന്റും യുഡിഎച്ച്ആര്‍ ആണ്. മനുഷ്യാവകാശങ്ങൾക്ക് വ്യക്തികളെയും സമൂഹങ്ങളെയും ഒരു നല്ല നാളെ സൃഷ്ടിക്കാൻ പ്രാപ്തരാക്കുമെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി.
സമാധാനപരവും നീതിയുക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സമൂഹങ്ങളുടെ അടിത്തറയാണ് മനുഷ്യാവകാശങ്ങളെന്ന് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് പറഞ്ഞു. മനുഷ്യാവകാശങ്ങൾ ആക്രമിക്കപ്പെടുകയാണെന്നും മനുഷ്യാവകാശങ്ങൾ ഭാവി കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചാണെന്ന് ഈ വർഷത്തെ തീം നമ്മെ ഓർമ്മിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിത്യജീവിതത്തിൽ മനുഷ്യാവകാശങ്ങളുടെ പ്രാധാന്യവും പ്രസക്തിയും അംഗീകരിക്കാനുള്ള ആഹ്വാനമാണ് ഇത്തവണത്തെ മനുഷ്യാവകാശ ദിനത്തിന്റെ പ്രമേയം.
Read Also: കേട്ടിട്ടുണ്ടോ ‘ക്രിസ്മസ് കാര്‍ഡ് ദിന’ത്തെക്കുറിച്ച്
മൃഗാവകാശ ദിനവും നാളെ
അന്താരാഷ്ട്ര മൃഗാവകാശ ദിനവും ഡിസംബര്‍ 10നാണ് ആചരിക്കുന്നത്. മനുഷ്യന്റെ ഉപദ്രവം നേരിടുന്ന മൃഗങ്ങളോടുള്ള ഒരു ഐക്യദാര്‍ഢ്യ പ്രഖ്യാപനം കൂടിയാണ് ഈ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്. മൃഗങ്ങളോടുള്ള മനോഭാവം മാറ്റണമെന്നും, അവയോട് അനുകമ്പ കാണിക്കണമെന്നും ഈ ദിനം ഓര്‍മ്മപ്പെടുത്തുന്നു. ‘ആനിമല്‍ റൈറ്റ്‌സ് ഗ്രൂപ്പായ’ അണ്‍കേജ്ഡ് മൃഗാവകാശ ദിനമെന്ന ആശയത്തിന് പിന്നില്‍. 1998ലാണ് ഇതിന് തുടക്കമിടുന്നത്. മനുഷ്യാവകാശ ദിനം തന്നെ മൃഗവകാശ ദിനമായി സംഘടന തിരഞ്ഞെടുക്കുകയായിരുന്നത്രേ.