Syria: സിറിയയില്‍ എന്താണ് സംഭവിക്കുന്നത്? മിഡില്‍ ഈസ്റ്റിനെ ബാധിക്കുന്നതെങ്ങനെ?
What is Happening in Syria: സിറിയയുടെ വടക്കന്‍ പ്രവിശ്യയായ ഇദ്‌ലിബ് മാത്രമാണ് ബശ്ശാര്‍ വിരുദ്ധ പോരാളികളുടെ നിയന്ത്രണത്തിലുള്ള ഏക ഗവര്‍ണറേറ്റ്. 9,000 ചതുരശ്ര കിലോമീറ്റര്‍ ആണ് ഈ പ്രദേശത്തിന്റെ ചുറ്റളവായി കണക്കാക്കപ്പെടുന്നത്. 2016 ഓഗസ്റ്റ് മുതല്‍ തുര്‍ക്കിയുടെ പിന്തുണയുള്ള സൈനികര്‍ ഈ പ്രദേശം സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുകയും നിരവധി സിറിയന്‍ സിവിലിയന്മാര്‍ക്ക് അഭയം നല്‍കുകയും ചെയ്തിട്ടുണ്ട്.
സിറിയയിലെ ആഭ്യന്തര യുദ്ധം പതിമൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. തുനീഷ്യ, ഈജിപ്ത്, ലിബിയ, യമന്‍ തുടങ്ങിയ അറബ് മേഖലയിലെ ഏകാധിപതികളായ ഭരണാധികാരികള്‍ക്കെതിരെ ഉടലെടുത്ത ജനരോഷം തന്നെയായിരുന്നു സിറിയയിലും ഉണ്ടായത്. നിരായുധരായ ജനങ്ങള്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ ബശ്ശാറുല്‍ അസദിന്റെ സൈനികര്‍ ആയുധങ്ങള്‍ കൊണ്ട് അടിച്ചമര്‍ത്തിയപ്പോള്‍ ഉണ്ടായത് ചോരപ്പുഴകള്‍. പതിമൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും സിറിയ ലോകമാധ്യമങ്ങളുടെ തലക്കെട്ടുകളില്‍ ഇടംപിടിക്കുന്നു. ചോരകറകള്‍ മായാതെ, അവ വീണ്ടും പടര്‍ന്നുകൊണ്ടേയിരിക്കുന്നു.
ബശ്ശാറുല്‍ അസദ് എന്ന ഏകാധിപതി
ബശ്ശാറുല്‍ അസദിന് രാഷ്ട്രീയത്തോടോ ഭരണത്തിലോ ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് എങ്ങനെയാണ് ബശ്ശാറുല്‍ അല്‍ അസദ് ലോകത്തെ ഏറ്റവും ക്രൂരന്മാരായ ഭരണാധികാരികളില്‍ സ്ഥാനം പിടിച്ചത്? ഹാഫിസുല്‍ അസദ്, ഏകാധിപതിയായ സിറിയയുടെ ഭരണാധികാരി തന്റെ കാലശേഷം ഭരണം നടത്താന്‍ നിയോഗിച്ചത് മൂത്തമകനും ബശ്ശാറിന്റെ സഹോദരനുമായ ബാസിലിനെയായിരുന്നു.
എന്നാല്‍ പിതാവിന്റെ ആഗ്രഹം നിറവേറ്റാന്‍ സാധിക്കാതെ 1994 ജനുവരി 21ന് തന്റെ മുപ്പത്തിരണ്ടാം വയസില്‍ ദമസ്‌കസിലുണ്ടായ കാറപകടത്തില്‍ ബാസില്‍ കൊല്ലപ്പെട്ടു. ഇതോടെ ലണ്ടനില്‍ ഉപരിപഠനം നടത്തികൊണ്ടിരുന്ന ബശ്ശാറിനെ പിന്‍ഗാമിയായി ഹാഫിസുല്‍ അസദ് വാഴിച്ചു. കണ്ണുരോഗ വിദഗ്ധന്‍ കൂടിയാണ് ബശ്ശാറുല്‍.
തനിക്കെതിരെ പ്രക്ഷോഭം നടത്തിയെന്ന പേരില്‍ ഹമ നഗരം 27 ദിവസം ഉപരോധിക്കുകയും മുപ്പതിനായിരത്തോളം പേരെ കൂട്ടക്കൊല ചെയ്യുകയും ചെയ്ത ചരിത്രമുണ്ട് ഹാഫിസുല്‍ അസദിന്. 1982, ഹമയില്‍ മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെയാണ് ഹാഫിസുല്‍ കൂട്ടക്കൊല ചെയ്തത്. പിതാവിന്റെ ഇതേ പാത തന്നെ പിന്തുടര്‍ന്നെങ്കില്‍ മാത്രമേ വാര്‍ത്തകളില്‍ ഇടംപിടിക്കാന്‍ സാധിക്കൂവെന്ന ഉത്തമബോധ്യം ബശ്ശാറിന് ഉണ്ടായിരുന്നു.
2000 ജൂണില്‍ ഹാഫിസുല്‍ അസദിന്റെ മരണത്തെ തുടര്‍ന്ന് ബശ്ശാര്‍ അധികാരത്തിലേക്കെത്തി. പിതാവ് ചെയ്തതില്‍ ഇരട്ടി ക്രൂരതകള്‍ ചെയതാണ് ബശ്ശാര്‍ മുന്നേറി.
മരുപച്ചയാകുന്ന ഇദ്‌ലിബ്
സിറിയയുടെ വടക്കന്‍ പ്രവിശ്യയായ ഇദ്‌ലിബ് മാത്രമാണ് ബശ്ശാര്‍ വിരുദ്ധ പോരാളികളുടെ നിയന്ത്രണത്തിലുള്ള ഏക ഗവര്‍ണറേറ്റ്. 9,000 ചതുരശ്ര കിലോമീറ്റര്‍ ആണ് ഈ പ്രദേശത്തിന്റെ ചുറ്റളവായി കണക്കാക്കപ്പെടുന്നത്. 2016 ഓഗസ്റ്റ് മുതല്‍ തുര്‍ക്കിയുടെ പിന്തുണയുള്ള സൈനികര്‍ ഈ പ്രദേശം സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുകയും നിരവധി സിറിയന്‍ സിവിലിയന്മാര്‍ക്ക് അഭയം നല്‍കുകയും ചെയ്തിട്ടുണ്ട്.
ഈ മേഖലയുടെ ചില ഭാഗങ്ങളുടെ നിയന്ത്രണം കുര്‍ദ് സൈനികരും മറ്റ് പോരാളി സംഘടനകളും ഏറ്റെടുത്തിട്ടുണ്ട്. ഇവരില്‍ നിന്ന് പ്രദേശം മോചിപ്പിക്കുന്നതിനായി റഷ്യയുടെയും ഇറാന്റെയും സഹായത്തോടെ ബശ്ശാര്‍ ഭരണകൂടം റെയ്ഡുകള്‍ നടത്താറുമുണ്ട്. തുര്‍ക്കിയുടെ ശക്തമായ സൈനിക സാന്നിധ്യം തന്നെയാണ് ഇദ്‌ലിബിലിന് ഇത്രയും നാള്‍ സംരക്ഷണമൊരുക്കിയതും.
അസദിന് കരുത്താകുന്ന റഷ്യ
തന്റെ ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരില്‍ നിന്ന് ബശ്ശാറിനെ സംരക്ഷിക്കുന്നത് റഷ്യ തന്നെയാണ്. 2015 സെപ്റ്റംബറിലാണ് റഷ്യ യുദ്ധരംഗത്തേക്ക് എത്തുന്നത്. ഇതോടെ അതുവരെയുണ്ടായിരുന്ന ചിത്രങ്ങളെല്ലാം മാറി. ഐക്യരാഷ്ട്രസഭയില്‍ സിറിയക്ക് എതിരെയുള്ള എല്ലാ പ്രമേയങ്ങളും റഷ്യയും ചൈനയും ചേര്‍ന്ന് വീറ്റോ ചെയ്തു. ഇതോടെ അന്താരാഷ്ട്ര തലത്തിലുള്ള ഇടപെടല്‍ എന്ന സാധ്യതകള്‍ അസ്തമിച്ചു.
ഇതുമാത്രമല്ല, സിറിയക്കെതിരെ നിലകൊണ്ടിരുന്ന അറബ് രാജ്യങ്ങള്‍ ഓരോന്നായി ഭരണകൂടവുമായി നയതന്ത്ര ബന്ധം പുനസ്ഥാപിക്കുകയും വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയും ചെയ്തു. കൂടാതെ, ബശ്ശാറുല്‍ ഭരണകൂടത്തിന് ലെജിറ്റിമസി നല്‍കുകയും ചെയ്തതോടെ ചിത്രം വ്യക്തമായി.
അലപ്പോ നഗരം
സിറിയയുടെ തലസ്ഥാനമായ ദസ്‌കസില്‍ നിന്നും ഏകദേശം 350 കിലോമീറ്റര്‍ വടക്കുള്ള നഗരമാണ് അലപ്പോ. സിറിയന്‍ ആഭ്യന്തര യുദ്ധത്തിലെ നിര്‍ണായക ഇടം എന്നുകൂടി ഈ മേഖലയെ വിശേഷിപ്പിക്കാം. സംഘര്‍ഷത്തിന് മുമ്പ് ഏകദേശം 2.3 ദശലക്ഷം ആളുകള്‍ താമസിച്ചിരുന്ന മേഖലകളിലൊന്നായിരുന്നു അലപ്പോ.
2012ല്‍ സിറിയന്‍ വിമത സേന അലപ്പോയുടെ കിഴക്കന്‍ മേഖല പിടിച്ചെടുത്തു. ഇതോടെ ഇവിടം ബശ്ശാറിനെതിരെയുള്ള കലാപങ്ങളുടെ ശക്തികേന്ദ്രമായി മാറി. എന്നാല്‍ പിന്നീട് 2016ല്‍ സിറിയന്‍ സര്‍ക്കാര്‍ സൈന്യം റഷ്യന്‍ വ്യോമാക്രമണത്തിന്റെ പിന്തുണയോടെ നഗരം തിരിച്ചുപിടിച്ചു. ബോംബാക്രമണം, കുടിയിറക്കല്‍, പട്ടിണി എന്നിവയെ ആയുധമാക്കി റഷ്യന്‍, ഇറാനിയന്‍ പിന്തുണയോടെ ബശ്ശാറുല്‍ തന്റെ സ്ഥാനം ഉറപ്പിച്ചു.
ഹയാത്ത് തഹ്‌രീര്‍ അല്‍ ഷാം
ഹയാത്ത് തഹ്‌രീര്‍ അല്‍ ഷാം അഥവാ എച്ച് ടി എസ് ആണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രധാന സിവിലിയന്‍ ശക്തി. തീവ്രവാദ ബന്ധമുള്ള അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള എച്ച് ടി എസ് പിന്നീട് സിറിയന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ഭരണത്തിലും സൈനിക തന്ത്രത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി പുനര്‍നാമകരണം ചെയ്യപ്പെടുകയായിരുന്നു. യു എസും ഐക്യരാഷ്ട്രസഭയും എച്ച് ടി എസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കുമ്പോള്‍ തീവ്രവാദ വേരുകളില്‍ നിന്ന് ഗ്രൂപ്പിനെ അകറ്റാനുള്ള തീവ്ര ശ്രമത്തിലായിരുന്നു നേതാവ് അബു മുഹമ്മദ് അല്‍ ഗോലാനി. സിറിയന്‍ നാഷണല്‍ ആര്‍മിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന നിരവധി തുര്‍ക്കി പിന്തുണയുള്ള ഗ്രൂപ്പുകള്‍ എച്ച് ടി എസിന്റെ ഭാഗമായിരുന്നു.
വ്യോമാക്രമണം
ഇദ്‌ലിബ്, അതാരെബ് എന്നീ നഗരങ്ങളില്‍ സിറിയന്‍ സൈന്യം റഷ്യയുടെ പിന്തുണയോടെ വ്യോമാക്രമണം നടത്തി. നിരവധിയാളുകള്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് വൈറ്റ് ഹെല്‍മെറ്റ് പോലുള്ള രക്ഷാസംഘങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബശ്ശാറിന്റെ പ്രധാനസഖ്യകക്ഷിയായ ഇറാനും ആക്രമണത്തില്‍ നഷ്ടം നേരിട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡിന്റെ മുതിര്‍ന്ന കമാന്‍ഡറും ഉള്‍പ്പെടുന്നു.
അധികാരത്തില്‍ തുടരുന്നതിനായി ഷിയ വിഭാഗത്തില്‍പ്പെട്ട അസദ് കുടുംബം ഇറാനെയാണ് ആശ്രയിക്കുന്നത്. 2011 മുതല്‍ ഈ സഖ്യം പ്രയോജനകരമാണ്. 2011ല്‍ സിറിയ അരാജകത്വത്തിലേക്ക് കൂപ്പുകുത്തിയ സമയത്ത് അസദ് ഭരണകൂടത്തിന് ഏകദേശം 80,000 സൈനികരെയാണ് ഇറാന്‍ നല്‍കിയത്. റഷ്യ വ്യോമ പിന്തുണയും നല്‍കിയിട്ടുണ്ട്.
മിഡില്‍ ഈസ്റ്റ്
ഹമാസ്, ഇറാന്‍, ഹിസ്ബുള്ള, ഇസ്രായേല്‍ എന്നിവര്‍ തമ്മില്‍ യുദ്ധം നടക്കുന്നതിനിടെ തന്നെയാണ് സിറിയയില്‍ വീണ്ടും സംഘര്‍ഷം ഉടലെടുത്തിരിക്കുന്നത്. ലെബനനില്‍ ഹിസ്ബുള്ളയ്‌ക്കെതിരെയും ഗസയില്‍ ഹമാസിനെതിരെയും ഇസ്രായേല്‍ നടത്തുന്ന നീക്കങ്ങള്‍ അവരുടെ ആയുധശേഷിയെ ബാധിച്ചിട്ടുണ്ട്. മാത്രമല്ല, യുക്രൈനുമായുള്ള സംഘര്‍ഷം സിറിയയെ സഹായിക്കുന്നതില്‍ നിന്ന് റഷ്യയെയും പിന്നോട്ട് വലിക്കുന്നു.
ഹിസ്ബുള്ളയ്ക്ക് ആയുധങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കുന്നതിനായി സിറിയയിലെ ഇറാനുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ട്. ഈ പോരാട്ടങ്ങള്‍ സിറിയന്‍ സിവിലിയന്മാര്‍ക്കിടയില്‍ വലിയ പ്രത്യാഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഏകദേശം 7,000 കുടുംബങ്ങള്‍ ബശ്ശാറുവിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നിന്ന് കുടിയിറക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ താമസിക്കുന്ന ഏകദേശം നാല് ദശലക്ഷത്തോളം ആളുകളില്‍ നിരവധി പേര്‍ പലായനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഭക്ഷണം, വെള്ളം, വൈദ്യസഹായം എന്നിവയുടെ ലഭ്യതയില്ലാതെ ക്യാമ്പുകളിലാണ് പലരും കഴിയുന്നത്.