5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Year Ender 2024 : പതനം, തിരിച്ചുവരവ് ! ലോക രാഷ്ട്രീയത്തിലെ ട്വിസ്റ്റുകളും ക്ലൈമാക്‌സും; 2024ല്‍ കണ്ടത്‌

What happened in world politics in 2024 : ഇന്ത്യയടക്കം നിരവധി രാജ്യങ്ങളാണ് ഈ വര്‍ഷം തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചത്. ചില ഭരണകൂടങ്ങള്‍ താഴെ വീണു. ചിലര്‍ സ്ഥാനം നിലനിര്‍ത്തി

Year Ender 2024 : പതനം, തിരിച്ചുവരവ് ! ലോക രാഷ്ട്രീയത്തിലെ ട്വിസ്റ്റുകളും ക്ലൈമാക്‌സും; 2024ല്‍ കണ്ടത്‌
ഷെയ്ഖ് ഹസീന (image credits: PTI)
jayadevan-am
Jayadevan AM | Updated On: 09 Dec 2024 12:41 PM

ലോകരാഷ്ട്രീയത്തെ സംബന്ധിച്ച് സംഭവബഹുലമായിരുന്നു 2024. വാണവരും വീണവരും ഏറെ. അപ്രതീക്ഷിത പതനങ്ങളും, ശക്തമായ തിരിച്ചുവരവുകളും ഈ വര്‍ഷം കണ്ടു. ഇന്ത്യയടക്കം നിരവധി രാജ്യങ്ങളാണ് ഈ വര്‍ഷം തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചത്. ചില ഭരണകൂടങ്ങള്‍ താഴെ വീണു. ചിലര്‍ സ്ഥാനം നിലനിര്‍ത്തി. ഇന്ത്യയില്‍ എന്‍ഡിഎ അധികാരം നിലനിര്‍ത്തി. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തുടര്‍ന്നു. കാര്യമായ ട്വിസ്റ്റുകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഭവിച്ചില്ല. എന്നാല്‍ വിദേശ രാജ്യങ്ങളിലോ ? ചില വിദേശ രാജ്യങ്ങളിലൂടെ

ബംഗ്ലാദേശ്‌

ഒരു രാജ്യത്തിന്റെ ഭരണകൂടത്തെ നിലനിര്‍ത്തുന്നതും, പുറത്താക്കുന്നതും തിരഞ്ഞെടുപ്പുകളിലൂടെയാണ്. എന്നാല്‍ ഇന്ത്യയുടെ അയല്‍രാജ്യമായ ബംഗ്ലാദേശില്‍ ഇതൊന്നുമല്ല സംഭവിച്ചത്.

സംവരണ വിഷയത്തില്‍ വിദ്യാര്‍ത്ഥിസംഘടനകളുടെ പ്രതിഷേധം കലാപമായി ആളിക്കത്തിയതോടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രാജിവച്ച് രാജ്യം വിടേണ്ടി വന്നു. ഇന്ത്യയിലേക്കാണ് ഹസീന രക്ഷപ്പെട്ടത്. നോബേല്‍ സമ്മാനജേതാവായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ പിന്നാലെ അധികാരമേറ്റു. അപ്രതീക്ഷിതമായിരുന്നു ഹസീനയുടെ പുറത്താകല്‍. ഹസീന ഇപ്പോഴും ഇന്ത്യയില്‍ തുടരുകയാണ്.

പാകിസ്താൻ

പാകിസ്ഥാനിലും ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടന്നു. പാകിസ്ഥാന്‍ മുസ്ലിം ലീഗ് നേതാവ്‌ ഷഹബാസ് ഷരീഫ് വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് ഷരീഫ് പ്രധാനമന്ത്രി സ്ഥാനത്ത് എത്തുന്നത്. മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരനാണ്.

ദേശീയ അസംബ്ലിയില്‍ നടന്ന വോട്ടെടുപ്പില്‍ 201 അംഗങ്ങളാണ് ഷരീഫിനെ പിന്തുണച്ചത്. പിടിഐയിലെ ഒമര്‍ അയൂബ് ഖാനായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി. ഇദ്ദേഹത്തെ പിന്തുണച്ചത് 92 പേര്‍ മാത്രം.

ശ്രീലങ്ക

ശ്രീലങ്കയില്‍ ഇടതുപക്ഷം അധികാരത്തിലെത്തിയ തിരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയത്. അനുര കുമാര ദിസനായകെ രാജ്യത്തിന്റെ പ്രസിഡന്റായി. ശ്രീലങ്കയിലെ ഇടതുപാര്‍ട്ടിയായ ജനത വിമുക്തി പെരുമുനയുടെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പവറിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു ദിസനായകെ. 225 അംഗ പാർലമെൻ്റിൽ 159 സീറ്റുകൾ നേടിയാണ് ഇടത് സഖ്യത്തിന്‍റെ ജയം.

ജപ്പാന്‍

ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ രാജി പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു. ജനസമ്മതി കുറഞ്ഞതിനാല്‍ രാജി വയ്ക്കുന്നുവെന്നായിരുന്നു പ്രഖ്യാപനം. പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താന്‍ ഇദ്ദേഹം ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയോട് ആവശ്യപ്പെടുകയും ചെയ്തു. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാല്‍ തുടരുന്നതില്‍ കാര്യമില്ലെന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. വിലക്കയറ്റം, അഴിമതി ആരോപണങ്ങള്‍ എന്നിവ കിഷിദയുടെ ജനപ്രീതി കുറച്ചിരുന്നു. പിന്നീട് ഷിഗെരു ഇഷിബ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.

Read Also: സിറിയയിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ; ‍ആയുധ സംഭരണകേന്ദ്രങ്ങൾ ബോംബിട്ട് തകർത്തു

യുഎസ്എ

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് തകര്‍പ്പന്‍ വിജയം നേടി. പ്രവചനങ്ങളെല്ലാം കാറ്റില്‍ പറത്തിയായിരുന്നു ട്രംപിന്റെ വിജയം. 312 ഇലക്ടറല്‍ വോട്ട് നേടിയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപ് തിരിച്ചെത്തുന്നത്. എതിര്‍സ്ഥാനാര്‍ത്ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമല ഹാരിസിന് നേടാനായത് 226 ഇലക്ടറല്‍ വോട്ടുകള്‍ മാത്രം. 2025 ജനുവരിയില്‍ ട്രംപ് അധികാരമേല്‍ക്കും.

തായ്‌ലന്‍ഡ്‌

തായ്‌ലന്‍ഡില്‍ ഭരണഘടന ലംഘിച്ചതിന് പ്രധാനമന്ത്രി സെറ്റ താവിസിനെ കോടതി പുറത്താക്കിയതും ഈ വര്‍ഷമാണ്. ജയില്‍ശിക്ഷ അനുഭവിച്ച മുന്‍ അഭിഭാഷകനെ മന്ത്രിസഭയില്‍ നിയമിച്ചതാണ് താവിസിന് തിരിച്ചടിയായത്. 38കാരിയായ പേടോങ്‌ടർൻ ഷിനവത്ര പുതിയ പ്രധാനമന്ത്രിയായി.

സിറിയ

ഈ വര്‍ഷത്തെ ഏറ്റവും ഒടുവിലത്തെ രാഷ്ട്രീയ ക്ലൈമാക്‌സ് സംഭവിച്ചത് സിറിയയിലാണ്. വിമതസൈന്യം രാജ്യം പിടിച്ചെടുത്തതിന് പിന്നാലെ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് രാജ്യം വിട്ടു. കുടുംബത്തോടൊപ്പം റഷ്യയിലേക്കാണ് അസദ് രക്ഷപ്പെട്ടത്. അസദിന് റഷ്യ രാഷ്ട്രീയാഭയം നല്‍കുമെന്നാണ് വിവരം.

യുകെ, ദക്ഷിണാഫ്രിക്ക, വെനസ്വേല, റഷ്യ, അസര്‍ബൈജാന്‍, അല്‍ജീരിയ, ഇന്തോനേഷ്യ, ഇറാന്‍, ബോട്‌സ്വാന, ജോര്‍ദാന്‍, കുവൈത്ത്, മാലിദ്വീപ്, മംഗോളിയ, ദക്ഷിണ കൊറിയ, ഛാഡ്, ഘാന, മഡഗാസ്‌കര്‍, മൗറിഷ്യസ്, മൊസാംബിക്, നമീബിയ, റ്വവാന്‍ഡ, സെനഗല്‍, ടോംഗോ, ടുണീഷ്യ, എല്‍ സാല്‍വദോര്‍, മെക്‌സിക്കോ, യുറുഗ്വെയ്, ഭൂട്ടാന്‍, ഉസ്‌ബെക്കിസ്ഥാന്‍, ബല്‍ഗേറിയ, ബലാറസ്, ക്രൊയേഷ്യ, ജോര്‍ജിയ, ഹംഗറി, ഐസ്‌ലന്‍ഡ്, ലിത്വാനിയ, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങളിലും ഈ വര്‍ഷം നിര്‍ണായക തിരഞ്ഞെടുപ്പുകള്‍ നടന്നു. ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി വിമാനപകടത്തില്‍ കൊല്ലപ്പെട്ടതും 2024ലാണ്.