Vladimir Putin: സമ്പൂര്‍ണ വെടിനിര്‍ത്തല്‍ സാധ്യമല്ല; താത്കാലികമായി എന്തും ചെയ്യാം, ട്രംപിന്റെ ആവശ്യത്തിന് വഴങ്ങി പുടിന്‍
Putin Agrees To Pause Strike in Ukraine's Energy Targets: മുപ്പത് ദിവസത്തെ വെടിനിര്‍ത്തല്‍ വേണമെന്നായിരുന്നു പുടിനോട് ട്രംപ് ആവശ്യപ്പെട്ടത്. എന്നാല്‍ ട്രംപിന്റെ ആവശ്യം പുടിന്‍ തള്ളി. യുക്രെയ്‌ന് പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കുന്ന സൈനിക സഹായം പൂര്‍ണായി നിര്‍ത്തിയതിന് ശേഷമേ ട്രംപ് മുന്നോട്ടുവെച്ച ആവശ്യം അംഗീകരിക്കാനാകൂ എന്ന് പുടിന്‍ അറിയിച്ചു.

ഡൊണാള്‍ഡ് ട്രംപ്, വ്‌ളാഡിമിര്‍ പുടിന്‍
വാഷിങ്ടണ്‍: യുക്രെയ്‌നില്‍ താത്കാലിക വെടിനിര്‍ത്തലിന് സമ്മതം മൂളി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. യുക്രെയ്‌ന്റെ ഊര്‍ജ ഉത്പാദന കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ നിര്‍ത്തിവെക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പുടിന്‍ വാക്ക് നല്‍കി. യുക്രെയ്‌നില്‍ അടിയന്തരവും പൂര്‍ണവുമായ വെടിനിര്‍ത്തല്‍ വേണമെന്നായിരുന്നു ട്രംപ് പുടിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ റഷ്യന്‍ പ്രസിഡന്റ് അതിന് വഴങ്ങിയില്ല.
മുപ്പത് ദിവസത്തെ വെടിനിര്‍ത്തല്‍ വേണമെന്നായിരുന്നു പുടിനോട് ട്രംപ് ആവശ്യപ്പെട്ടത്. എന്നാല്‍ ട്രംപിന്റെ ആവശ്യം പുടിന്‍ തള്ളി. യുക്രെയ്‌ന് പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കുന്ന സൈനിക സഹായം പൂര്‍ണായി നിര്‍ത്തിയതിന് ശേഷമേ ട്രംപ് മുന്നോട്ടുവെച്ച ആവശ്യം അംഗീകരിക്കാനാകൂ എന്ന് പുടിന്‍ അറിയിച്ചു.
രണ്ട് മണിക്കൂറോളം നീണ്ട ഫോണ്‍ സംഭാഷണത്തിനൊടുവിലാണ് ഇരുനേതാക്കളും തമ്മില്‍ വെടിനിര്‍ത്തലില്‍ ധാരണയായത്. മിഡില്‍ ഈസ്റ്റില്‍ കൂടുതല്‍ സമാധാന ചര്‍ച്ചകള്‍ ഉടനടി ആരംഭിക്കുമെന്നും ഇരുനേതാക്കള്‍ പരസ്പരം വാക്കുനല്‍കി.



റഷ്യന്‍ പ്രസിഡന്റുമായി നടത്തിയ ഫോണ്‍ സംഭാഷണം സമാധാനത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണെന്നാണ് വൈറ്റ് ഹൗസ് വിശേഷിപ്പിച്ചത്. മൂന്ന് വര്‍ഷത്തോളമായി നടക്കുന്ന യുക്രെയ്ന്‍-റഷ്യ യുദ്ധം ഉടന്‍ തന്നെ പൂര്‍ണമായ വിരാമത്തിലേക്ക് നീങ്ങുമെന്ന പ്രതീക്ഷയും വൈറ്റ് ഹൗസ് പങ്കുവെക്കുന്നുണ്ട്.
റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ വേഗത്തില്‍ നടക്കുമെന്ന ധാരണയോടെ പുടിനുമായുള്ള ചര്‍ച്ചകള്‍ അവസാനിച്ചുവെന്നാണ് ഡൊണാള്‍ഡ് ട്രംപ് സമൂഹ മാധ്യമത്തില്‍ കുറിച്ചത്.
അതേസമയം, ഊര്‍ജ ഉത്പാദന കേന്ദ്രങ്ങളെ ആക്രമിക്കുന്നത് അവസാനിപ്പിക്കുമെന്ന പുടിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി. എന്നാല്‍ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Also Read: Russian-Ukraine War: യുദ്ധം അവസാനിപ്പിക്കാന്‍ തയാറാണെന്ന് റഷ്യ; ട്രംപിന്റെ ഇടപെടല്‍ വിജയിച്ചു
പുടിന്‍ വെടിനിര്‍ത്തലിനെ പിന്തുണയ്ക്കാതിരുന്നതിനെ കുറിച്ചും സെലെന്‍സ്‌കി പരാമര്‍ശിച്ചു. നിര്‍ഭാഗ്യവശാല്‍ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് സിവിലിയന്‍ ഇന്‍ഫ്രാസ്ട്രചക്ടറില്‍. എന്നാല്‍ ഇന്നിപ്പോള്‍ വെടിനിര്‍ത്തലിനുള്ള നിര്‍ദേശം പുടിന്‍ നിരസിച്ചുവെന്നാണ് സെലെന്‍സ്‌കി എക്‌സില്‍ കുറിച്ചത്.
യുക്രെയ്‌നിലെ ഊര്‍ജ അടിസ്ഥാന സൗകര്യങ്ങളില്‍ ഏകദേശം 80 ശതമാനം റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നുവെന്ന് നേരത്തെ സെലെന്‍സ്‌കി പറഞ്ഞിരുന്നു. അതിനാല്‍ തന്നെ ഇപ്പോള്‍ യുഎസിന്റെ നേതൃത്വത്തില്‍ പുടിന്‍ സ്വീകരിച്ച നിലപാട് യുക്രെയ്‌ന് ഗുണം ചെയ്യും.