Abu Dhabi Residency Rule: താമസനിയമം ലംഘിച്ചാൽ കീശ കാലി: അബുദാബിയിൽ10 ലക്ഷം ദിർഹം വരെ പിഴ
Abu Dhabi Residency Rule Fine: താമസയൂണിറ്റുകളിൽ അനുവദിനീയമായതിലും കൂടുതൽ ആളുകൾ തിങ്ങിപ്പാർക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതാണ്. ഇതിനായി വസ്തു ഉടമകൾക്കും വാടകക്കാർക്കും നിർദേശം നൽകും. നിയമം ലംഘിക്കുന്ന ഭൂവുടമകളുടെയും നിക്ഷേപകരുടെയും തൗതീഖ് കരാറുകളും അക്കൗണ്ടുകളും താൽക്കാലികമായി നിർത്തിവയ്ക്കും.

Abu Dhabi
അബുദാബി: എമിറേറ്റിൽ താമസനിയമങ്ങൾ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് വൻ പിഴ. 5000 മുതൽ അഞ്ചുലക്ഷം വരെ ദിർഹം പിഴചുമത്തുമെന്നാണ് നഗരസഭാ ഗതാഗതവകുപ്പ് (ഡിഎംടി) അറിയിച്ചിരിക്കുന്നത്. അതേസമയം നിയമലംഘനങ്ങൾ ആവർത്തിച്ചാൽ പിഴതുക 10 ലക്ഷം ദിർഹം വരെയാകുമെന്നും മുന്നറിയിപ്പുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ അനുവദിനീയമായതിലും കൂടുതൽ ആളുകൾ താമസ യൂണിറ്റുകളിൽ ഉണ്ടോ എന്നറിയുന്നതിനുള്ള പരിശോധ ശക്തമാക്കിയിട്ടുണ്ട്.
‘നിങ്ങളുടെ വീട്, നിങ്ങളുടെ ഉത്തരവാദിത്വം’ എന്നപേരിൽ ബോധവത്കരണ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. നിയമലംഘനങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് താമസക്കാരെ ബോധവൽക്കരിക്കുന്നതിനായാണ് കാമ്പയിൻ. താമസയൂണിറ്റുകളിൽ അനുവദിനീയമായതിലും കൂടുതൽ ആളുകൾ തിങ്ങിപ്പാർക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതാണ്. ഇതിനായി വസ്തു ഉടമകൾക്കും വാടകക്കാർക്കും നിർദേശം നൽകും.
ഇവിടെയുള്ള വാടകക്കരാറുകൾ തൗതീഖിലും വാഹനങ്ങൾ മവാഖിഫിലും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കുന്നതിന് പരിശോധന നടത്തും. വാഹനങ്ങൾ രജിസ്റ്റർ ചെയ്യാത്തപക്ഷം അവ കണ്ടുകെട്ടുന്നതുൾപ്പടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും മുന്നറിയിപ്പുണ്ട്. എമിറേറ്റിലെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും വാടകക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
നിയമം ലംഘിക്കുന്ന ഭൂവുടമകളുടെയും നിക്ഷേപകരുടെയും തൗതീഖ് കരാറുകളും അക്കൗണ്ടുകളും താൽക്കാലികമായി നിർത്തിവയ്ക്കും. താമസക്കാർ അനധികൃത സബ് ലീസുകൾ വഴി വസ്തുവകകൾ വാടകയ്‌ക്കെടുക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശങ്ങളിൽ പറയുന്നു. തൗതീഖ് സംവിധാനത്തിന് കീഴിലാണ് സ്വത്ത് റജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പരിശോധിക്കേണ്ടതിൻ്റെ ആവശ്യകതയും നിർദ്ദേശത്തിൽ ഊന്നിപ്പറയുന്നു.