Philippines issue: പ്രസിഡന്റിനെ വധിക്കാന്‍ വൈസ് പ്രസിഡന്റിന്റെ ‘ക്വട്ടേഷന്‍’; സിനിമാക്കഥയല്ല, ഇത് ഫിലിപ്പീന്‍സിലെ രാഷ്ട്രീയ യാഥാര്‍ത്ഥ്യം
Philippines vice president threat: പ്രസിഡൻ്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറിനെതിരെ വൈസ് പ്രസിഡൻ്റ് സാറ ഡ്യൂട്ടെർട്ടെയാണ് വധഭീഷണി മുഴക്കിയത്. സംഭവം ഗൗരവതരമായി കണ്ട് പരിശോധിക്കാനാണ് ഫിലിപ്പീന്‍സ് സുരക്ഷാ കൗണ്‍സിലിന്റെ തീരുമാനം
മനില: ഒരു രാജ്യത്തിന്റെ പ്രസിഡന്റിനെതിരെ വൈസ് പ്രസിഡന്റ് വധഭീഷണി മുഴക്കിയാല്‍ എങ്ങനെയിരിക്കും ? കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നുന്നില്ലേ ? എങ്കില്‍, ഞെട്ടണ്ട ! സംഭവം ഉള്ളതാണ്. ഫിലിപ്പീന്‍സിലാണ് സിനിമാക്കഥകളെ വെല്ലുന്ന രാഷ്ട്രീയനാടകം അരങ്ങേറുന്നത്.
പ്രസിഡൻ്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറിനെതിരെ വൈസ് പ്രസിഡൻ്റ് സാറ ഡ്യൂട്ടെർട്ടെയാണ് വധഭീഷണി മുഴക്കിയത്. സംഭവം ഗൗരവതരമായി കണ്ട് പരിശോധിക്കാനാണ് ഫിലിപ്പീന്‍സ് സുരക്ഷാ കൗണ്‍സിലിന്റെ തീരുമാനം. ശനിയാഴ്ച രാവിലെ ഒരു പ്രസംഗത്തിനിടെയാണ് ഡ്യൂട്ടെര്‍ട്ടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
താന്‍ ഒരു കൊലയാളിയോട് സംസാരിച്ചെന്നും, മാര്‍ക്കോസിനെയും ഭാര്യയെയും ഫിലിപ്പൈൻ ഹൗസ് സ്പീക്കറെയും ചിലപ്പോള്‍ കൊലപ്പെടുത്തേണ്ടി വരുമെന്ന് നിര്‍ദ്ദേശം നല്‍കിയെന്നുമായിരുന്നു വൈസ് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍. താന്‍ കൊല്ലപ്പെട്ടാല്‍ പ്രസിഡന്റ് അടക്കമുള്ളവരെ വധിക്കാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്നും ഇത് തമാശയല്ലെന്നുമാണ് ഇവര്‍ പറഞ്ഞത്. പ്രസിഡന്റ് കഴിവില്ലാത്തവനാണെന്നും, അദ്ദേഹവും ഭാര്യയും അഴിമതിക്കാരാണെന്നും വൈസ് പ്രസിഡന്റ് ആഞ്ഞടിച്ചു.
പ്രസിഡൻ്റിന് നേരെയുള്ള എല്ലാ ഭീഷണികളും ഗൗരവതരമായാണ് സർക്കാർ കാണുന്നതെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എഡ്വാർഡോ അനോ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. പ്രസിഡൻ്റിൻ്റെ ജീവനുനേരെയുള്ള എല്ലാ ഭീഷണികളും പരിശോധിക്കും. ഇത് ദേശീയ സുരക്ഷയുടെ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡ്യുട്ടേർട്ടിൻ്റെ ഭീഷണികളെക്കുറിച്ച് അന്വേഷിക്കുമെന്നും ഇത് നടപടികളിലേക്ക് നയിച്ചേക്കാമെന്നും നീതിന്യായ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രസിഡൻഷ്യൽ കമ്മ്യൂണിക്കേഷൻസ് ഓഫീസ് പറഞ്ഞു. മതിയായ തെളിവുകളുണ്ടെങ്കില്‍ പ്രോസിക്യൂഷനിലേക്ക് കടന്നേക്കുമെന്ന് പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കി.
പ്രസിഡന്റിനുള്ള സുരക്ഷ ശക്തമാക്കിയെന്നും ദേശീയ പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മാർക്കോസിൻ്റെ പ്രസിഡൻഷ്യൽ സെക്യൂരിറ്റി കമാൻഡ് പറഞ്ഞു.
ഭീഷണിക്ക് പിന്നില്‍
വൈസ് പ്രസിഡന്റിനെതിരെ നേരത്തെ പൊതുഫണ്ട് ദുരുപയോഗം ചെയ്‌തെന്ന ആരോപണമുയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം വൈസ് പ്രസിഡന്റിന്റെ ചീഫ് ഓഫ് സ്റ്റാഫ് തടസപ്പെടുത്തിയെന്നും ആരോപണമുണ്ടായി. തുടര്‍ന്ന് ചീഫ് ഓഫ് സ്റ്റാഫിനെ ജയിലിലേക്ക് മാറ്റാന്‍ ഉത്തരവുണ്ടായി. ഇതാണ് വൈസ് പ്രസിഡന്റിനെ പ്രകോപിപ്പിച്ചത്.
തുടര്‍ന്നായിരുന്നു വധഭീഷണി മുഴക്കിയത്. എന്നാല്‍ സംഭവം വിവാദമായതോടെ പ്രസ്താവന മയപ്പെടുത്താനായിരുന്നു വൈസ് പ്രസിഡന്റിന്റെ ശ്രമം. സ്വന്തം ജീവനുനേരെയുള്ള ഭീഷണിയെ കുറിച്ചുള്ള ആശങ്കകളെക്കുറിച്ചാണ് പറഞ്ഞതെന്നായിരുന്നു ഇവരുടെ ന്യായീകരണം. താന്‍ ആശങ്ക പ്രകടിപ്പിക്കുമ്പോള്‍, അത് പ്രസിഡന്റിന്റെ ജീവനെതിരെയുള്ള ഭീഷണിയാണെന്ന് എങ്ങനെ പറയാനാകുമെന്നായിരുന്നു ഇവരുടെ ചോദ്യം.
മുൻ പ്രസിഡൻ്റ് റോഡ്രിഗോ ഡ്യുട്ടേർട്ടിൻ്റെ മകളാണ് സാറ ഡ്യൂട്ടെർട്ടെ. റോഡ്രിഗോ ഡ്യുട്ടെർട്ടെയും മാർക്കോസും ഒരുകാലത്ത് രാഷ്ട്രീയത്തില്‍ സഖ്യത്തിലേര്‍പ്പെട്ടിരുന്നു. 2022ല്‍ ഇരുവരും തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി. പിന്നീട് വിവിധ കാരണങ്ങളാല്‍ ഇരുവര്‍ക്കുമിടയില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തു. വിദേശനയം ഉള്‍പ്പെടെയുള്ള നയപരമായ വിഷയങ്ങളിലും തര്‍ക്കമുണ്ടായി. അങ്ങനെ ആ സഖ്യം തകരുകയായിരുന്നു. മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് റോഡ്രിഗോ സ്വീകരിച്ച നിലപാടുകളും ഇവരില്‍ ഭിന്നത രൂക്ഷമാക്കി.