Palestine-Israel: പലസ്തീനികള്‍ അവരുടെ മണ്ണില്‍ തന്നെ നില്‍ക്കണമെന്ന് വത്തിക്കാന്‍; ഹമാസിനെ ഒഴിവാക്കി ഗസ പുനര്‍നിര്‍മാണം ആരംഭിച്ച് അറബ് രാജ്യങ്ങള്‍
Gaza Reconstruction Arab Plan: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗസയില്‍ നിന്ന് പലസ്തീനികളെ ഒഴിപ്പിക്കാനുള്ള പദ്ധതിയെ ശക്തമായി വിമര്‍ശിച്ചുകൊണ്ട് വത്തിക്കാന്‍ രംഗത്ത്. പലസ്തീനികള്‍ അവരുടെ മണ്ണില്‍ തന്നെ തുടരണമെന്നും രണ്ട് രാഷ്ട്രം എന്നതാണ് പ്രശ്‌നത്തിന് പരിഹാരമെന്നും വത്തിക്കാന്‍ വ്യക്തമാക്കി. ഗസ പുനര്‍നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് അറബ് രാജ്യങ്ങളുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ട്രംപിന്റെ നീക്കത്തിന് തടയിട്ടുകൊണ്ടുള്ളതാണ് അവരുടെ പദ്ധതി.

റോം: പലസ്തീനികളെ ഗസയില്‍ നിന്ന് ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ച നിലപാടിനെതിരെ വത്തിക്കാന്‍. പലസ്തീനികളെ അവരുടെ മണ്ണില്‍ തന്നെ തുടരാന്‍ അനുവദിക്കണമെന്നാണ് വത്തിക്കാന്റെ നിലപാടെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോല്‍ പറഞ്ഞു. പലസ്തീനില്‍ നിന്നും ആരും എവിടെയും പോകുന്നില്ലെന്നും അവരുടെ മണ്ണില്‍ തന്നെ നില്‍ക്കണമെന്നാണ് വത്തിക്കാന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
പലസ്തീനികളെ ഗസയില്‍ നിന്നും മാറ്റിപ്പാര്‍പ്പിക്കുന്നതിന് ഒരര്‍ഥവുമില്ല. ഇസ്രായേല്‍-പലസ്തീന്‍ പ്രശ്‌നങ്ങള്‍ക്ക് രണ്ട് രാജ്യങ്ങളുണ്ടാകുക എന്നതാണ് പരിഹാരമെന്നും വത്തിക്കാന്‍ ആവര്‍ത്തിച്ചു. വ്യാഴാഴ്ച നടന്ന യോഗത്തിലാണ് പരോല്‍ ഇക്കാര്യം പറഞ്ഞത്.
പലസ്തീനികള്‍ അവരുടെ മണ്ണില്‍ തന്നെ നില്‍ക്കണം. അവരെ മറ്റെവിടേക്കും പറിച്ച് നടേണ്ട ആവശ്യമില്ല. ഒരു കുടിയിറക്കലും അവിടെ നടപ്പാക്കേണ്ട. പലസ്തീനികളെ ഗസയില്‍ നിന്നും മാറ്റിയാല്‍ അനാവശ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പലസ്തീനികളെ കുടിയൊഴിപ്പിക്കേണ്ടതിന്റെ ഒരാവശ്യവും വത്തിക്കാന്‍ കാണുന്നില്ല. അത് അവരുടെ മണ്ണാണ്. അവര്‍ അവിടെ തന്നെ ജീവിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.




രണ്ട് രാജ്യങ്ങള്‍ ഉണ്ടാകുക എന്നതാണ് എന്തുകൊണ്ടും നല്ലതെന്നാണ് വത്തിക്കാന്റെ അഭിപ്രായം. അത് ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കും. പലസ്തീനികള്‍ക്ക് അവരുടെ മണ്ണ് പൂര്‍ണമായും വിട്ടുനല്‍കണമെന്നും കര്‍ദിനാള്‍ പിയട്രോ പരോല്‍ പറഞ്ഞു.
പലസ്തീനികളെ ഗസയില്‍ നിന്ന് കുടിയിറക്കാനുള്ള ട്രംപിന്റെ നീക്കത്തെ വിമര്‍ശിച്ച് നേരത്തെ ഫ്രാന്‍സിസ് മാര്‍പാപ്പാ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ പരോലിന്റെ പരാമര്‍ശം. ഗസയില്‍ നിന്ന് പലസ്തീനികളെ കുടിയിറക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നായിരുന്നു യുഎസിലെ ബിഷപ്പുമാരെ അഭിസംബോധന ചെയ്തുകൊണ്ട് അയച്ച കത്തില്‍ മാര്‍പാപ്പ പറഞ്ഞിരുന്നത്.
അതേസമയം, ഗസയുടെ ഭാവിയുമായി ബന്ധപ്പെട്ട പദ്ധതി തയാറാക്കുന്നതിനായി സൗദി അറേബ്യയുടെ നേതൃത്വത്തില്‍ അറബ് രാജ്യങ്ങള്‍ നീക്കം ആരംഭിച്ചതായാണ് വിവരം. ഈജിപ്ത്, ജോര്‍ദാന്‍, യുഎഇ എന്നീ രാജ്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പങ്കെടുക്കും. 27ന് കയ്‌റോയിലെ അറബ് ഉച്ചക്കോടിയില്‍ പദ്ധതി അവതരിപ്പിക്കും.
ഗസ പുനര്‍നിര്‍മാണത്തിന് ഫണ്ട് സമാഹരിക്കുന്നതാണ് ചര്‍ച്ചയിലെ മുഖ്യ അജണ്ട. എന്നാല്‍ ചര്‍ച്ചകളില്‍ നിന്ന് ഹമാസിനെ ഒഴിവാക്കി രാജ്യാന്തര പങ്കാളിത്തം ഉറപ്പാക്കാനാണ് നീക്കം. ഇത്തരത്തില്‍ നാല് പദ്ധതി രൂപരേഖകള്‍ തയാറായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. പലസ്തീനികളെ ഒഴിപ്പിട്ട് ഗസ ഏറ്റെടുക്കുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് തടയിടുന്നതിനാണ് അറബ് രാജ്യങ്ങളുടെ നീക്കം.