US Revokes Protection: കുടിയേറ്റക്കാരുടെ നിയമപരിരക്ഷ അമേരിക്ക റദ്ദാക്കുന്നു; ഉടൻ നാടുകടത്തുക 5 ലക്ഷത്തിലധികം പേരെ
US Revokes Legal Protection Of Migrants: 2022 ഒക്ടോബർ മുതൽ അമേരിക്കയിലെത്തിയ 5,32,000 ആളുകളെയാണ് ഈ ഉത്തരവ് കാര്യമായി ബാധിക്കുന്നത്. ഉത്തരവ് പുറപ്പെടുവിച്ച് 30 ദിവസങ്ങൾക്ക് ശേഷം അവരുടെ നിയമപരിരക്ഷ നഷ്ടപ്പെടുമെന്നും ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം അറിയിച്ചു.

വാഷിങ്ടൺ: അഞ്ച് ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ താത്കാലിക നിയമപരിരക്ഷ (Revokes legal protections) റദ്ദാക്കാനൊരുങ്ങി അമേരിക്ക. ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനസ്വേല എന്നീ നാല് രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരുടെ നിയമപരിരക്ഷയാണ് ഡൊണാൾഡ് ട്രംപ് ഭരണകൂടം റദ്ദാക്കാനൊരുങ്ങുന്നത്. വരുന്ന ഒരു മാസത്തിനുള്ളിൽ തന്നെ അവരെ നാടുകടത്താൻ സാധ്യതയുണ്ടെന്നും ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു.
2022 ഒക്ടോബർ മുതൽ അമേരിക്കയിലെത്തിയ 5,32,000 ആളുകളെയാണ് ഈ ഉത്തരവ് കാര്യമായി ബാധിക്കുന്നത്. നാല് രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇത്രയും പേരും. സാമ്പത്തിക സ്‌പോൺസർഷിപ്പിൽ യുഎസിലേക്ക് എത്തിയ ഇവർക്ക് താമസിക്കാനും ജോലി ചെയ്യാനുമായി രണ്ട് വർഷത്തെ പെർമിറ്റാണ് നൽകിയിരുന്നത്. ഉത്തരവ് പുറപ്പെടുവിച്ച് 30 ദിവസങ്ങൾക്ക് ശേഷം അവരുടെ നിയമപരിരക്ഷ നഷ്ടപ്പെടുമെന്നും ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം അറിയിച്ചു.
യുഎസിൽ നിലവിലുള്ളവരെയും ഹ്യുമാനിറ്റേറിയൻ പരോൾ പ്രോഗ്രാമിന് കീഴിൽ വന്നവരെയും പുതിയ നയം ബാധിക്കും. ഹ്യുമാനിറ്റേറിയൻ പരോൾ പ്രോഗ്രാമിന്റെ ദുരുപയോഗം അവസാനിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തെ തുടർന്നാണ് പുതിയ നീക്കം. യുദ്ധമോ രാഷ്ട്രീയ അസ്ഥിരതയോ ഉള്ള രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് യുഎസിൽ പ്രവേശിക്കാനും താൽക്കാലികമായി താമസിക്കാനും അനുമതി നൽകുന്നതാണ് ഹ്യുമാനിറ്റേറിയൻ പരോൾ പ്രോഗ്രാം.
2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിൽതന്നെ നിയമവിരുദ്ധമായി യുഎസിൽ കഴിയുന്ന ദശലക്ഷക്കണക്കിന് ആളുകളെ നാടുകടത്തുമെന്ന് നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. കുടിയേറ്റക്കാർക്ക് യുഎസിലേക്ക് വരാനും താമസിക്കാനുമുള്ള നിയമപരമായ വഴികൾ എല്ലാം അദ്ദേഹം അവസാനിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. നാല് രാജ്യങ്ങളിൽ നിന്ന് പ്രതിമാസം 30,000 പേർക്ക് വരെ രണ്ട് വർഷത്തേക്ക് അമേരിക്കയിലേക്ക് ജോലി ചെയ്യുന്നതിനായി വരാനുള്ള അനുമതി ബൈഡൻ ഭരണകൂടം നൽകിയിട്ടുണ്ടായിരുന്നു.