US Presidential Elections 2024: ട്രംപിന്റെ കാലത്തേക്ക് തിരിച്ചുപോക്കില്ല, ഇതൊരു സാമാന്യ ബോധമുള്ള പ്രസിഡന്റാകും: കമല ഹാരിസ്
Kamala Harris Speech: ട്രംപ് പ്രസിഡന്റായിരുന്ന സമയത്ത് ദുരന്തങ്ങളും പ്രശ്‌നങ്ങളും മാത്രമല്ല, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ അദ്ദേഹം ആയുധവുമായി ആളുകളെ യുഎസ് കാപിറ്റോളിലേക്ക് അയച്ചു. ആ സംഘം പോലീസിനെ ആക്രമിച്ചു.
ചിക്കാഗോ: യുഎസ് പൗരന്മാര്‍ക്ക് ട്രംപിന്റെ ഭരണത്തിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ലെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി ദേശീയ കണ്‍വെന്‍ഷനില്‍ കമല ഹാരിസ്. യുഎസില്‍ ഗര്‍ഭഛിദ്ര നിയമം നടപ്പാക്കുമെന്നും ഗസയില്‍ വെടിനിര്‍ത്തലിനെ പിന്തുണയ്ക്കുമെന്നും അവര്‍ പറഞ്ഞു. ട്രംപിന്റെ കാലത്തേക്ക് തിരിച്ചുപോക്കില്ല എന്ന മുദ്രാവാക്യത്തോടെ നടത്തിയ പ്രസംഗത്തില്‍ ട്രംപ് യുഗത്തെയും കമല ഹാരിസ് കടന്നാക്രമിച്ചു. ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായിരുന്ന കാലത്ത് അക്രമങ്ങളും കുറ്റകൃത്യങ്ങളും ഒരുപാട് നടന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി.
ട്രംപ് പ്രസിഡന്റായിരുന്ന സമയത്ത് ദുരന്തങ്ങളും പ്രശ്‌നങ്ങളും മാത്രമല്ല, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ അദ്ദേഹം ആയുധവുമായി ആളുകളെ യുഎസ് കാപിറ്റോളിലേക്ക് അയച്ചു. ആ സംഘം പോലീസിനെ ആക്രമിച്ചു. അക്രമം തടയുന്നതിന് പകരം അത് ആളിക്കത്തിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. മാത്രമല്ല ലൈംഗിക കുറ്റാരോപണം വരെ നടത്തുന്നയാളാണ് ട്രംപ്. അദ്ദേഹത്തിന്റെ യുഗത്തിലേക്ക് നമ്മളിനി തിരിച്ചുപോകില്ല.
അമേരിക്കയിലെ സൈന്യത്തെ തന്നെയാണ് ട്രംപ് ജനങ്ങള്‍ക്കെതിരെ ഉപയോഗിച്ചത്. പ്രസിഡന്റിന്റെ അധികാരം ജനങ്ങളുടെ നന്മയ്‌ക്കോ രാജ്യത്തിന്റെ പുരോഗതിക്കോ വേണ്ടിയല്ല ട്രംപ് ഉപയോഗിച്ചത്. എന്നാല്‍ ഇതെല്ലാം സ്വന്തം നന്മയ്ക്കായി പ്രയോജനപ്പെടുത്തി. രണ്ടാം തവണയും ഇങ്ങനെയൊന്ന് ഉണ്ടാകാന്‍ നമ്മള്‍ അനുവദിച്ചുകൂടാ. യുഎസില്‍ ഡൊണാള്‍ഡ് ട്രംപിനെ തിരിച്ചുവരാന്‍ അനുവദിക്കരുത്.
സാമൂഹ്യസുരക്ഷയും മെഡികെയറും ഇല്ലാതാക്കാനും സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ഫണ്ട് ഇല്ലാതാക്കാനും ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തരുത്. ഞങ്ങള്‍ സ്ത്രീകളെ വിശ്വസിക്കുകയാണ്. പ്രത്യുത്പാദനത്തിനുള്ള സ്വാതന്ത്ര്യ ബില്‍ കോണ്‍ഗ്രസില്‍ പാസാക്കി കഴിഞ്ഞു. താന്‍ പ്രസിഡന്റായാല്‍ അഭിമാനത്തോടെ ഒപ്പുവെച്ച് അത് നിയമമാക്കുമെന്നും കമല പറഞ്ഞു.
ഗസയില്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ സങ്കടം നിറയ്ക്കുന്നതാണ്. ഗസയ്ക്ക് വേണ്ടി ജോ ബൈഡനും താനും നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ബന്ദി കൈമാറ്റ കരാറുകളില്‍ ഒപ്പുവെക്കേണ്ട സമയമാണിത്. സാമാന്യബോധവും യാഥാര്‍ഥ്യ ബോധവുമുള്ള പ്രസിഡന്റായിരിക്കും താനെന്നും കല ഹാരിസ് പറഞ്ഞു.
വിവാഹ വാര്‍ഷിക ദിനത്തില്‍ നടത്തിയ പ്രസംഗം ജീവിത പങ്കാളി ഡഗ്ലസ് എമോഫിനും യുഎസ് പ്രസിഡന്റ് ജോ ബൈഡനും നന്ദി പറഞ്ഞുകൊണ്ടാണ് കമല ആരംഭിച്ചത്. കൂടാതെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ടിം വാള്‍സിനും കമല ആശംസകളറിയിച്ചു. അമ്മയായ ശ്യാമള ഗോപാലന്‍ ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയത് മുതലുള്ള കഥയും കമല വേദിയില്‍ പറഞ്ഞു.
ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് ഔദ്യോഗിക പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്ന രണ്ടാമത് വനിതയാണ് കമല. വിജയം കൈവരിച്ചാല്‍ യുഎസിന്റെ പ്രഥമ വനിത പ്രസിഡന്റാകും. ഇതിനോടകം നടന്ന അഭിപ്രായ സര്‍വേകളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ ബഹുദൂരം മുന്നിലാണ് കമല. കമലയ്ക്ക് 49 ശതമാനം പിന്തുണയുണ്ടെന്നാണ് അസോസിയേറ്റഡ് പ്രസ്, നാഷണല്‍ ഒപ്പിനീയന്‍ റിസര്‍ച്ച് സെന്റര്‍ എന്നിവര്‍ ചേര്‍ന്ന് 1,164 വോട്ടര്‍മാര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ പറയുന്നത്.
അതേസമയം, കമല ഹാരിസ് നോമിനേഷന്‍ സ്വീകരിച്ചു. ഭൂമിയിലെ ഏറ്റവും മഹത്തായ രാജ്യത്ത് മാത്രം എഴുതാന്‍ കഴിയുന്ന ഒന്നില്‍, എല്ലാവരുടെയും പേരില്‍ താന്‍ ഡെമോക്രാറ്റിക് നാമനിര്‍ദേശം സ്വീകരിക്കുകയാണെന്ന് കമല പറഞ്ഞു. അതേസമയം, കഴിഞ്ഞ ഒരാഴ്ചയായി കമല ഹാരിസിനുള്ള പിന്തുണ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
കമല ഹാരിസിനെ പ്രസിഡന്റായി ലഭിക്കാനും പുതിയ അധ്യായം രചിക്കാനും അമേരിക്ക തയാറാണെന്ന് മുന്‍പ്രസിഡന്റ് ബറാക് ഒബാമ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നാഷണല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എല്ലാവരിലേക്കും വേഗം പകരുന്ന പ്രതീക്ഷയുടെ മാന്ത്രികതയാണ് ഈ തിരഞ്ഞെടുപ്പില്‍ യുഎസില്‍ എങ്ങുമുള്ളതെന്ന് മിഷേല്‍ ഒബാമയും ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് കുടിയേറിയ കമലയുടെ അമ്മയെ കുറിച്ചും മിഷേല്‍ വാചാലയായി. ചുറ്റുമുള്ളതിനെ കുറിച്ച് പരാതി പറയാതെ അത് പരിഹരിക്കാന്‍ എന്ത് ചെയ്യുമെന്ന് ആലോചിക്കാനാണ് കമലയോട് അമ്മ ഉപദേശിച്ചതെന്ന് മിഷേല്‍ പറഞ്ഞു.
അതേസമയം, പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ച് റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍. ഡൊണാള്‍ഡ് ട്രംപിന് പിന്തുണ പ്രഖ്യാപിക്കാനാണ് സാധ്യത. യുഎസ് മുന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ സഹോദരനും മുന്‍ സെനറ്ററുമായ റോബര്‍ട്ട് എഫ് കെന്നഡിയുടെ മകനുമാണ് ഇദ്ദേഹം. ഡെമോക്രാറ്റ് സ്ഥാനാര്‍ഥിത്വത്തിനായുള്ള ശ്രമം ഉപേക്ഷിച്ചുകൊണ്ടാണ് സ്വതന്ത്രനായി മത്സരിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.