US Presidential Election: കമലയ്ക്ക് കരുത്തേകി സ്ത്രീ വോട്ടര്‍മാര്‍; അട്ടിമറി വിജയമെന്ന് പ്രവചനം
US Presidential Election 2024: കമല ഹാരിസിന് പിന്തുണയറിയിച്ചുകൊണ്ട് മാര്‍ച്ച് നടത്തി വനിതകള്‍. ഫ്രീഡം പ്ലാസയില്‍ നിന്ന് വൈറ്റ് ഹൗസിലേക്കാണ് നൂറുകണക്കിന് സ്ത്രീകള്‍ മാര്‍ച്ച് നടത്തിയത്. 2022ല്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം എടുത്തുകളഞ്ഞ സുപ്രീംകോടതി വിധിയെ അനുകൂലിച്ച ഡൊണാള്‍ഡ് ട്രംപിനെതിരാണ് ഇവരില്‍ ഭൂരിഭാഗം സ്ത്രികളുമെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വാഷിങ്ടണ്‍: യുഎസ് തെരഞ്ഞെടുപ്പ് അതിന്റെ അവസാന മണിക്കൂറുകളിലേക്ക് കടക്കുകയാണ്. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപും തമ്മില്‍ വാശിയേറിയ പോരാട്ടമാണ് അവസാന മണിക്കൂറുകളിലും നടക്കുന്നത്. ആരായിരിക്കും അമേരിക്കയുടെ അടുത്ത പ്രസിഡന്റ് എന്നറിയാനുള്ള ആകാംക്ഷയിലാണ് ലോകം. ആര്‍ക്കാണ് മുന്‍തൂക്കം എന്നുള്ള പ്രവചനങ്ങളും പുറത്തുവരുന്നുണ്ട്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കമല തയാറായത് മുതല്‍ അടുത്ത പ്രസിഡന്റ് അവരായിരിക്കും എന്ന തരത്തിലുള്ള പ്രവചനങ്ങളായിരുന്നു വന്നിരുന്നത്. എന്നാല്‍ പിന്നീട് ട്രംപിന്റെ മുന്നേറ്റം പ്രവചിച്ച പല സര്‍വ്വേകളുമുണ്ടായി. ഇപ്പോഴിതാ യുഎസിലെ പ്രശസ്തമായ വാച്ച് വാറ്റ് ഹാപ്പന്‍സ് ലൈവ് ഷോയുടെ പ്രവചനവും പുറത്തുവന്നിരിക്കുകയാണ്.
വാച്ച് വാറ്റ് ഹാപ്പന്‍സ് ലൈവ് ഷോയുടെ അവതാരകനായ ആന്റി കോഹനാണ് പ്രവചനം നടത്തിയത്. പ്രേക്ഷകരെ സാക്ഷിയാക്കിക്കൊണ്ടായിരുന്നു പ്രവചനം. കമല ഹാരിസ് വമ്പന്‍ വിജയം നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. 2016ല്‍ ഹിലരിക്കെതിരെ ട്രംപ് അട്ടിമറി വിജയം നേടുമെന്ന് വലിയ രീതിയില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ വാച്ച് വാറ്റ് ഹാപ്പന്‍സ് നടത്തുന്ന പ്രവചനത്തെ വലിയ പ്രതീക്ഷയോടെയാണ് എല്ലാവരും നോക്കി കാണുന്നത്.
ലൈവ് ഷോയ്ക്കിടെ ആദ്യം കോഹന്‍ പ്രേക്ഷകരോട് ആരെയാണ് പിന്തുണയ്ക്കുന്നതെന്ന് ചോദിച്ചു. കാണികള്‍ ഭൂരിഭാഗം ആളുകളും കമല ഹാരിസിനാണ് തങ്ങളുടെ പിന്തുണ എന്നാണ് പറഞ്ഞത്. 73 ശതമാനം ആളുകളും കമല ഹാരിസ് വിജയിക്കുമെന്ന് പറഞ്ഞപ്പോള്‍ 27 ശതമാനം ആളുകളാണ് ട്രംപിന് പിന്തുണയറിയിച്ചത്. ഇതിന് പിന്നാലെ കമലയ്ക്ക് അട്ടിമറി വിജയമുണ്ടാകുമെന്ന് കോഹനും പറഞ്ഞു.
Also Read: US President election 2024: അമേരിക്കയിൽ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് എങ്ങനെ എന്നറിയാമോ?
അതേസമയം, കമല ഹാരിസിന് പിന്തുണയറിയിച്ചുകൊണ്ട് മാര്‍ച്ച് നടത്തി വനിതകള്‍. ഫ്രീഡം പ്ലാസയില്‍ നിന്ന് വൈറ്റ് ഹൗസിലേക്കാണ് നൂറുകണക്കിന് സ്ത്രീകള്‍ മാര്‍ച്ച് നടത്തിയത്. 2022ല്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം എടുത്തുകളഞ്ഞ സുപ്രീംകോടതി വിധിയെ അനുകൂലിച്ച ഡൊണാള്‍ഡ് ട്രംപിനെതിരാണ് ഇവരില്‍ ഭൂരിഭാഗം സ്ത്രികളുമെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സ്ത്രീ എന്ന നിലയില്‍ തങ്ങളുടെ അവകാശത്തെ പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുക എന്നത് ഒരു സ്ത്രീ എന്ന നിലയില്‍ വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് നോര്‍ത്ത് കരോലീനയില്‍ നിന്നുള്ള ലീ ബ്രൂക്കര്‍ പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങള്‍, ജനാധിപത്യം, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ശക്തമായ നിലപാട് എടുക്കാന്‍ കമലയ്ക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റാലിയില്‍ പങ്കെടുത്ത സ്ത്രീകള്‍ പറഞ്ഞു. 1500 ഓളം വനിതകള്‍ റാലിയില്‍ പങ്കെടുത്തതായാണ് അല്‍ ജസീറ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.