US Presidential Election: ട്രംപ് തിരിച്ചെത്തിയാല്‍ സ്ത്രീ സുരക്ഷ അപകടത്തിലാകും; കമലയ്ക്കായി വോട്ടുതേടി മിഷേല്‍
Michelle Obama Seeks Vote For Kamala Harris: സ്ത്രീകളെ കുറിച്ചും സ്ത്രീകളുടെ വ്യക്തി ജീവിതത്തെ കുറിച്ചുമാണ് മിഷേല്‍ കൂടുതലായി സംസാരിച്ചത്. സ്വന്തം ശരീരം മനസിലാക്കാനും പരിപാലിക്കാനും സ്ത്രീകള്‍ ശ്രദ്ധിക്കണം. ഒരു സ്പ്ലിറ്റ് സെക്കന്റിന്റെ തീരുമാനം സ്ത്രീകളുടെ ജീവിതത്തെ തന്നെ ബാധിക്കുമെന്നും മിഷേല്‍ ഓര്‍മിപ്പിച്ചു.
മിഷിഗണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമല ഹാരിസിന് വേണ്ടി വോട്ടുതേടി മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ. മിഷിഗണില്‍ നടന്ന കമലയുടെ പ്രചാരണ പരിപാടിയിലാണ് മിഷേല്‍ ഒബാമ പങ്കെടുത്തത്. വൈറ്റ് ഹൗസിന്റെ അധികാരം വീണ്ടും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിലേക്ക് എത്തുമെന്ന ആശങ്കയുള്ളതായി മിഷേല്‍ പറഞ്ഞു. ട്രംപ് വീണ്ടും അധികാരത്തിലെത്തുന്നത് തടയാന്‍ കമലയെ വിജയിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ട്രംപ് തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ രാജ്യത്തുടനീളം അദ്ദേഹം ഗര്‍ച്ഛിദ്രം നിരോധിക്കും. കമല തെരഞ്ഞെടുക്കപ്പെടുമ്പോള്‍ അവര്‍ ഒരു അസാധാരണ പ്രസിഡന്റായിരിക്കുമെന്നും മിഷേല്‍ സ്ത്രീ വോട്ടര്‍മാരോടായി പറഞ്ഞു. അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റാകാനുള്ള കമല ഹാരിസിന്റെ ശ്രമത്തെ പിന്തുണക്കണമെന്നും അവര്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.
ഈ തെരഞ്ഞെടുപ്പില്‍ ശരിയായി നിങ്ങള്‍ വോട്ട് ചെയ്തില്ലെങ്കില്‍ അത് ഓരോ സ്ത്രീകളെയുമായിരിക്കും ബാധിക്കുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളെ പിന്തുണക്കുന്നതിന് തുല്യമായിരിക്കും ട്രംപിന് വോട്ട് ചെയ്യുന്നത്. ഗര്‍ഭച്ഛിദ്രാവകാശങ്ങള്‍ക്കെതിരായ നിയമങ്ങള്‍ സ്ത്രീകള്‍ക്കെതിരാണ്. ഇതെല്ലാം പുരുഷന്മാരെ ട്രംപിന് വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കും. സ്ത്രീകളുടെ ജീവിതത്തെ ഗൗരവകരമായി കാണാന്‍ ജനങ്ങളോട് താന്‍ ആവശ്യപ്പെടുന്നുവെന്നും മിഷേല്‍ ഒബാമ കൂട്ടിച്ചേര്‍ത്തു.
സ്ത്രീകളെ കുറിച്ചും സ്ത്രീകളുടെ വ്യക്തി ജീവിതത്തെ കുറിച്ചുമാണ് മിഷേല്‍ കൂടുതലായി സംസാരിച്ചത്. സ്വന്തം ശരീരം മനസിലാക്കാനും പരിപാലിക്കാനും സ്ത്രീകള്‍ ശ്രദ്ധിക്കണം. ഒരു സ്പ്ലിറ്റ് സെക്കന്റിന്റെ തീരുമാനം സ്ത്രീകളുടെ ജീവിതത്തെ തന്നെ ബാധിക്കുമെന്നും മിഷേല്‍ ഓര്‍മിപ്പിച്ചു.
അഭിപ്രായ വോട്ടെടുപ്പുകളില്‍ ട്രംപും കമലയും ഇഞ്ചോടിഞ്ച് മത്സരം കാഴ്ചവെക്കുന്നതിലുള്ള ആശങ്കയും മിഷേല്‍ പങ്കുവെച്ചു. എന്തുകൊണ്ടാണ് ഈ മത്സരം ഇത്ര കടുത്തതാകുന്നത് എന്ന് മിഷേല്‍ ചോദിച്ചു. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ കുറ്റക്കാരന്‍, കിറുക്കന്‍ സ്വഭാവം, മാനസികത്തകരാറുകള്‍, സ്ത്രീകളെ ലൈംഗികമായി വേട്ടയാടുന്നയാള്‍ എന്നിങ്ങനെ നിരവധി വിശേഷണങ്ങളുള്ള ട്രംപിന്റെ കാര്യത്തില്‍ വോട്ടര്‍മാര്‍ക്ക് എങ്ങനെയാണ് നിസ്സംഗത പുലര്‍ത്താനാകുന്നത്. ഇക്കാര്യത്തില്‍ തനിക്ക് ദേഷ്യം തോന്നുന്നുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.
അതേസമയം, ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് ഔദ്യോഗിക പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്ന രണ്ടാമത് വനിതയാണ് കമല ഹാരിസ്. വിജയിച്ചാല്‍ യുഎസിന്റെ ആദ്യ പ്രഥമ വനിത പ്രസിഡന്റാകും. ഇതിനോടകം നടന്ന അഭിപ്രായ സര്‍വേകളും വ്യക്തമാക്കുന്നത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ ബഹുദൂരം മുന്നിലാണ് കമല എന്നാണ്.