US Presidential Debate 2024: ബൈഡനും ട്രംപും നേർക്കു നേർ ; ചൂടുപിടിച്ച് യു.എസ് പ്രസിഡൻഷ്യൽ ഡിബേറ്റ്
US Elections 2024: ഒരു മണിക്കൂർ 40 മിനിറ്റാണ് സംവാദം നീണ്ടു നിന്നത്. യു എസ് സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിലാണ് സംവാദം തുടങ്ങിയത്. പ്രസിഡന്റ് ജോ ബൈഡനാണ് ആദ്യം സംസാരിച്ചു തുടങ്ങിയത്.
അറ്റ്‌ലാന്റ: യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആദ്യ പ്രസിഡൻഷ്യൽ സംവാദം പൂർത്തിയായി. സംവാദത്തിൽ മുൻ പ്രസിഡന്റും പ്രസിഡന്റ് ജോ ബൈഡനും വാക്കുകൾകൊണ്ടും ആശയങ്ങൾകൊണ്ടും ഏറ്റുമുട്ടി. സംവാദത്തിൽ റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ ഡോണൾഡ് ട്രംപിനു നേരിയ മുൻതൂക്കം ഉണ്ടെന്നാണ് റിപ്പോർട്ട്. സമ്പദ്‌വ്യവസ്ഥ, യുക്രെയ്ൻ – ഇസ്രയേൽ യുദ്ധങ്ങൾ, പ്രായാധിക്യം, കാലാവസ്ഥാ പ്രശ്നങ്ങൾ എന്നീ വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത്.
ഒരു മണിക്കൂർ 40 മിനിറ്റാണ് സംവാദം നീണ്ടു നിന്നത്. യു എസ് സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിലാണ് സംവാദം തുടങ്ങിയത്. പ്രസിഡന്റ് ജോ ബൈഡനാണ് ആദ്യം സംസാരിച്ചു തുടങ്ങിയത്. സമ്പദ്‌വ്യവസ്ഥ ഏറ്റവും മോശമാക്കിയാണു ട്രംപ് ഭരണത്തിൽ നിന്ന് ഇറങ്ങിയതെന്നു ബൈഡൻ തുറന്നടിച്ചു. ഡെമോക്രാറ്റുകൾ ഭരണത്തിലെത്തിയശേഷമാണ് കാര്യങ്ങൾ വീണ്ടും ശരിയാക്കിയെടുത്തത് എന്ന് ബൈഡൻ പറഞ്ഞു.
താൻ ഭരണത്തിലുണ്ടായിരുന്നപ്പോൾ യു എസിന്റേത് മഹത്തായ സമ്പദ്‌വ്യവസ്ഥയായിരുന്നു എന്നാണ് ട്രംപ് അതിനെതിരേ പ്രതികരിച്ചത്. ഗർഭച്ഛിദ്രത്തിനുള്ള മരുന്ന് വിലക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഗർഭച്ഛിദ്രം നിയമപരമാക്കണോയെന്ന കാര്യത്തിൽ സംസ്ഥാനങ്ങൾക്കു തീരുമാനമെടുക്കാമെന്നും ട്രംപ് പറഞ്ഞപ്പോൾ നിയമപരമായി ഗർഭച്ഛിദ്രം ആകാമെന്ന നിലപാടിലായിരുന്നു ബൈഡൻ.
ഏവരും ഉറ്റുനോക്കിയിരുന്ന പല വിഷയത്തിലും ബൈഡൻ കൃത്യമായ മറുപടി നൽകിയില്ല എന്നതും ശ്രദ്ധേയമായ വിഷയമാണ്. റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ബൈഡൻ ഒന്നും ചെയ്തിട്ടില്ലെന്നും പകരം റഷ്യയെ യുദ്ധത്തിന് പ്രേരിപ്പിക്കുന്ന നിലപാട് കൈക്കൊണ്ടെന്നും ട്രംപ് വാദിച്ചപ്പോൾ ഇസ്രയേൽ – ഹമാസ് യുദ്ധം തുടരാൻ ഹമാസിനെ അനുവദിക്കില്ലെന്നു ബൈഡൻ പ്രഖ്യാപിച്ചു സ്കോർ ചെയ്തു.
താൻ ഭരണത്തിലുണ്ടായിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെയൊരു യുദ്ധം അനുവദിക്കില്ലായിരുന്നു എന്നാണ് ഇതിനെ ഖണ്ഡിക്കാനായി ട്രംപ് തിരിച്ചടിച്ചത്. കാലാവസ്ഥാ വിഷയങ്ങളിൽ ഇന്ത്യയെ വിമർശിക്കുന്ന നിലപാടിലായിരുന്നു ട്രംപ്. പാരിസ് ഉടമ്പടിയിൽ കോടിക്കണക്കിനു ഡോളറാണ് യുഎസിന് ചെലവാക്കേണ്ടി വരിക. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് ഒന്നും നൽകേണ്ടി വരില്ലെന്നും ട്രംപ് പറഞ്ഞു.
ഇരുനേതാക്കളുടെയും പ്രായത്തെക്കുറിച്ചും സംവാദത്തിൽ വാദമുയർന്നു. തന്റെ ആരോഗ്യം മെച്ചമാണെന്നും ബൈഡൻ വിശ്രമിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞപ്പോൾ മറവി രോഗമുണ്ടെന്നാണ് ട്രംപ് തിരിച്ചടിച്ചത്. വാർത്താ ചാനലായ സിഎൻഎൻ ആണ് വാദം സംഘടിപ്പിച്ചത്. ഇതിൽ കാണികളെ പങ്കെടുപ്പിച്ചിരുന്നില്ല. പരസ്പരം നോക്കുകയോ കൈകൊടുക്കുകയോ ചെയ്യാതെയാണ് ഇരുനേതാക്കളും സംവാദം തുടങ്ങിയത് എന്നതും ശ്രദ്ധേയമായി.