Reciprocal Tariff: ട്രംപ് പണി തുടങ്ങി; മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ഇറക്കുമതി തീരുവ, ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍
Donald Trump's Reciprocal Tariff Against India: ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കാണ് മങ്ങലേറ്റിയിരിക്കുന്നത്. യുഎസിലെ ഉത്പന്നങ്ങള്‍ ഇന്ത്യയിലും ഇന്ത്യയുടെ ഉത്പന്നങ്ങള്‍ യുഎസിലും വില്‍പന നടക്കുമ്പോള്‍ പരസ്പര നികുതി ഒഴിവാക്കുമെന്ന ഇന്ത്യയുടെ പ്രതീക്ഷകളാണ് അസ്തമിച്ചിരിക്കുന്നത്.

വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് തീരുവകളില്‍ ഇളവ് നല്‍കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസിന്റെ വ്യാപാര കമ്മി കുറയ്ക്കുന്നതിനായും ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായുമുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ് ട്രംപ്. അതിനായി കൂടുതല്‍ ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തും.
ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കാണ് മങ്ങലേറ്റിയിരിക്കുന്നത്. യുഎസിലെ ഉത്പന്നങ്ങള്‍ ഇന്ത്യയിലും ഇന്ത്യയുടെ ഉത്പന്നങ്ങള്‍ യുഎസിലും വില്‍പന നടക്കുമ്പോള്‍ പരസ്പര നികുതി ഒഴിവാക്കുമെന്ന ഇന്ത്യയുടെ പ്രതീക്ഷകളാണ് അസ്തമിച്ചിരിക്കുന്നത്.
മാര്‍ച്ച് 12 മുതല്‍ സ്റ്റീല്‍, അലുമിനിയം ഉത്പന്നങ്ങളുടെ ഇറക്കുമതികള്‍ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്നാണ് ട്രംപ് ഭരണകൂടം അറിയിച്ചിരിക്കുന്നത്. ഇത്തരം ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്താനാണ് ഭരണകൂടത്തിന്റെ നീക്കം.




മാത്രമല്ല, കാറുകള്‍, ചിപ്പുകള്‍, മരുന്നുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, തടി എന്നിവ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളും മാര്‍ച്ചിലോ അല്ലെങ്കില്‍ അതിന് മുമ്പായോ തീരുവ പ്രഖ്യാപിക്കാന്‍ പോകുകയാണെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ഫോറത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
പുതുതായി ഏര്‍പ്പെടുത്തുന്ന തീരുവ യുഎസില്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കാത്ത കമ്പനികള്‍ക്ക് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. യുഎസിലാണ് അവര്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതെങ്കില്‍ യാതൊരു വിധത്തിലുള്ള തീരുവയും നല്‍കേണ്ടതായി വരുന്നില്ല. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അത് നമ്മുടെ രാജ്യത്തിന്റെ ഖജനാവിലേക്ക് കോടിക്കണക്കിന് ഡോളര്‍ വരുമാനം ഉണ്ടാക്കുമെന്നും ട്രംപ് പറഞ്ഞു.
Also Read: Donald Trump: ഇന്ത്യയ്ക്ക് ഇളവില്ല; തിരിച്ചടി തീരുവ യുദ്ധവുമായി ട്രംപ് മുന്നോട്ട്
അതേസമയം, പരസ്പര തീരുവയില്‍ നിന്നും ഇന്ത്യയെ ഒഴിവാക്കിയിട്ടില്ലെന്ന് ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കുമായുള്ള സംയുക്ത ടെലിവിഷന്‍ അഭിമുഖത്തില്‍ കഴിഞ്ഞ ദിവസം (ഫെബ്രുവരി 18) ട്രംപ് പറഞ്ഞിരുന്നു. അതിനിടെ, ട്രംപ് തീരുവയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ വ്യാപാര യുദ്ധത്തിന് വഴിവെക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്ന തീരുവ പ്രഖ്യാപനം ഇന്ത്യയിലെ മരുന്ന് നിര്‍മാണ മേഖലയെ സാരമായി ബാധിക്കാനിടയുണ്ട്. യുഎസില്‍ നിന്നാണ് മരുന്ന് നിര്‍മാണ കമ്പനികളുടെ വരുമാനത്തിന്റെ വലിയ പങ്കും വരുന്നത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ 873 കോടി ഡോളറിന്റെ മരുന്ന് യുഎസിലേക്ക് കയറ്റി അയച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.