Donald Trump: സ്റ്റീൽ, അലൂമിനിയം ഇറക്കുമതിക്ക് 25 ശതമാനം താരിഫ് ഏർപ്പെടുത്തും; പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്
Donald Trump to impose 25 percent tariffs: 2016 - 2020 കാലയളവിൽ ആദ്യമായി ട്രംപ് അധികാരത്തിൽ എത്തിയ സമയത്തും സ്റ്റീൽ ഇറക്കുമതിക്ക് 25 ശതമാനം താരിഫും, അലൂമിനിയം ഇറക്കുമതിക്ക് 10 ശതമാനം നികുതിയും ചുമത്തിയിരുന്നു.

വാഷിംഗ്ടൺ: സ്റ്റീൽ, അലൂമിനിയം ഇറക്കുമതികൾക്ക് താരിഫ് ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസിലേക്കുള്ള ഇറക്കുമതിക്ക് 25 ശതമാനം താരിഫ് ഏർപ്പെടുത്തും എന്നാണ് അറിയിച്ചിരിക്കുന്നത്. ന്യൂ ഓർലീൻസിൽ നടന്ന എൻഎഫ്എൽ സൂപ്പർ ബൗൾ മത്സരം കാണാനുള്ള യാത്രയ്ക്കിടെ എയർഫോഴ്സ് വൺ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിലവിൽ ഉള്ള ലോഹ തീരുവകൾക്ക് മുകളിലാണ് 25 ശതമാനം കൂടി ഏർപ്പെടുത്തുന്നത്.
ബുധനാഴ്ചയ്ക്കകം റെസിപ്രോക്കൽ താരിഫ് പ്രഖ്യാപിക്കും. അത് ഉടൻ തന്നെ പ്രാബല്യത്തിൽ കൊണ്ട് വരുമെന്നും ട്രംപ് വ്യക്തമാക്കി. മറ്റ് രാജ്യങ്ങൾ ഏർപ്പെടുത്തിയ നികുതികൾക്ക് എതിരെ ആയിരിക്കും ഇതെന്നും എല്ലാ രാജ്യങ്ങൾക്കും ഈ താരിഫ് വർദ്ധനവ് ബാധകമായിരിക്കും എന്നും ട്രംപ് അറിയിച്ചു.
ALSO READ: സർവീസിലിരുന്ന് സർക്കാർ ജീവനക്കാർ മരിച്ചാൽ ബന്ധുക്കൾക്ക് ജോലിയില്ല; നിയമം റദ്ദാക്കി പാകിസ്താൻ
2016 – 2020 കാലയളവിൽ ആദ്യമായി ട്രംപ് അധികാരത്തിൽ എത്തിയ സമയത്തും സ്റ്റീൽ ഇറക്കുമതിക്ക് 25 ശതമാനം താരിഫും, അലൂമിനിയം ഇറക്കുമതിക്ക് 10 ശതമാനം നികുതിയും ചുമത്തിയിരുന്നു. എന്നാൽ പിന്നീട് കാനഡ, മെക്സിക്കോ, ബ്രസീൽ തുടങ്ങിയ വിവിധ വ്യാപാര പങ്കാളികൾക്ക് നികുതിയിൽ ഇളവുകൾ നൽകി. ജപ്പാൻ, യൂറോപ്യൻ യൂണിയൻ എന്നിവർക്ക് മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇളവ് പ്രഖ്യാപിച്ചിരുന്നു.
കാനഡ, മെക്സിക്കോ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമാണ് ഏറ്റവും കൂടുതൽ യുഎസിലേക്ക് സ്റ്റീൽ ഇറക്കുമതി ചെയ്യുന്നതെന്നാണ് ഔദ്യോഗിക രേഖകളിൽ നിന്ന് വ്യക്തമാകുന്നത്. ദക്ഷിണ കൊറിയ, വിയറ്റ്നാം എന്നിവരാണ് ഇവർക്ക് തൊട്ടു പിന്നിൽ ഉള്ളത്. ഏറ്റവും അധികം അലൂമിനിയം സ്ക്രാപ്പും, അലൂമിനിയം അലോയും യുഎസിലേക്ക് എത്തുന്നത് മെക്സിക്കോയിൽ നിന്നാണ്. ബുധനാഴ്ചയ്ക്കുള്ളിൽ താരിഫ് നിരക്കുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ട്രംപ് പുറത്തു വിട്ടേക്കും.