Donald Trump: ഇത് അവസാന മുന്നറിയിപ്പ്; എല്ലാ ഇസ്രായേലി ബന്ദികളെയും മോചിപ്പിക്കണം, ഹമാസിന് ട്രംപിന്റെ അന്ത്യശാസന
Donald Trump's Warning To Hamas: ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ നരകയാതന അനുഭവിക്കേണ്ടതായി വരുമെന്നും ട്രംപ് പോസ്റ്റില്‍ പറയുന്നുണ്ട്. എന്നാല്‍ ഇസ്രായേലിന് ഏത് തരത്തിലുള്ള സഹായമാണ് താന്‍ ചെയ്യാന്‍ പോകുന്നതെന്ന കാര്യം ട്രംപ് വ്യക്തമാക്കിയിട്ടില്ല.

ഡൊണാൾഡ് ട്രംപ്
വാഷിങ്ടണ്‍: ഹമാസിന് അവസാന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗസയില്‍ നിന്ന് എല്ലാ ഇസ്രായേലി ബന്ദികളെയും മോചിപ്പിക്കണമെന്ന് ഹമാസിന് മുന്നറിയിപ്പ് നല്‍കി ട്രംപ്. ഹമാസുമായി യുഎസ് നേരിട്ട് നടത്തുന്ന ചര്‍ച്ച ആരംഭിച്ചതിന് പിന്നാലെയാണ് ഭീഷണി.
ജോലി പൂര്‍ത്തിയാക്കാന്‍ ഇസ്രായേലിന് ആവശ്യമായതെല്ലാം ഞാന്‍ അയക്കുകയാണ്. ഞാന്‍ പറയുന്നത് പോലെ നിങ്ങള്‍ ചെയ്തില്ലെങ്കില്‍ ഒരു ഹമാസ് അംഗം പോലും ബാക്കിയാകില്ല,’ ട്രംപ് സമൂഹമാധ്യമത്തില്‍ കുറിച്ചു.
ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ നരകയാതന അനുഭവിക്കേണ്ടതായി വരുമെന്നും ട്രംപ് പോസ്റ്റില്‍ പറയുന്നുണ്ട്. എന്നാല്‍ ഇസ്രായേലിന് ഏത് തരത്തിലുള്ള സഹായമാണ് താന്‍ ചെയ്യാന്‍ പോകുന്നതെന്ന കാര്യം ട്രംപ് വ്യക്തമാക്കിയിട്ടില്ല.



എല്ലാ ബന്ദികളെയും ഇപ്പോള്‍ തന്നെ വിട്ടയക്കുക, പിന്നീട് അല്ല അത് ചെയ്യേണ്ടത്. നിങ്ങള്‍ കൊലപ്പെടുത്തിയ ആളുകളുടെ മൃതദേഹങ്ങള്‍ ഉടന്‍ തിരികെ നല്‍കുക. ഗസയിലെ ജനങ്ങള്‍ക്കായി മനോഹരമായ ഭാവി കാത്തിരിക്കുന്നു. പക്ഷെ ബന്ദികളെ പിടിച്ചുവെക്കുകയാണെങ്കില്‍ അത് സംഭവിക്കില്ല. അങ്ങനെ ചെയ്താല്‍ ഓരോരുത്തരായി മരിച്ചുവീഴുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി.
അതേസമയം, ഹമാസിന് മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തുന്നത് ഇതാദ്യമായല്ല. താന്‍ അധികാരമേല്‍ക്കുമ്പോഴേക്കും ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ എല്ലാ നരകയാതനകളും അനുഭവിക്കേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞിരുന്നു.
അതിനിടെ ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഹമാസ് നേതാക്കളുമായി യുഎസ് നേരിട്ട് ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് വ്യക്തമാക്കി. ഹമാസുമായുള്ള ചര്‍ച്ചകള്‍ക്ക് മുമ്പ് ഇസ്രായേലുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നതായും അദ്ദേഹം സ്ഥിരീകരിച്ചു.
1997 മുതലുള്ള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഹമാസുമായി യുഎസ് ഇതാദ്യമായാണ് നേരിട്ട് ചര്‍ച്ച നടത്തുന്നത്. ഹമാസിന്റെ പിടിയിലായ യുഎസ് ബന്ദി ഇദാന്‍ അലക്‌സാണ്ടറിന്റെ മോചനത്തിലും കൊല്ലപ്പെട്ട നാലുപേരുടെ മൃതദേഹം വിട്ടുകിട്ടുന്നതിനുമായാണ് ചര്‍ച്ച. എന്നാല്‍ യുഎസ് ബന്ദികളെ മാത്രം മോചിപ്പിക്കാനുള്ള നടപടിയെ ഇസ്രായേലി ബന്ദികളുടെ കുടുംബം ശക്തമായി എതിര്‍ത്തു.