Visa Restrictions: പാകിസ്താൻ ഉൾപ്പെടെ 43 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാനിയന്ത്രണം; പുതിയ നീക്കവുമായി ഡൊണാൾഡ് ട്രംപ്
US President Donald Trump New Travel Restrictions: അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, ക്യൂബ, ഇറാൻ, ലിബിയ, ഉത്തര കൊറിയ, സൊമാലിയ, സുഡാൻ, സിറിയ, വെനിസ്വേല, യെമൻ എന്നീ രാജ്യങ്ങളെയാണ് റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വരുന്ന 60 ദിവസത്തിനുള്ളിൽ പോരായ്മകൾ പരിഹരിക്കാൻ ഈ രാജ്യങ്ങളിലെ സർക്കാരുകൾ തയ്യാറായില്ലെങ്കിൽ പൗരന്മാരുടെ വിസ ഭാഗികമായി റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്.

വാഷിങ്ടൺ: യുഎസിൽ 43 ഓളം രാജ്യങ്ങൾക്ക് യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി ഡൊണാൾഡ് ട്രംപ് ഭരണകൂടം. പൗരന്മാർക്ക് യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് നീങ്ങുകയാണ് ട്രംപ്. രാജ്യങ്ങളെ മൂന്നായി തരംതിരിച്ച് അവിടെയുള്ള പൗരന്മാർക്ക് വിസാ വിലക്കുൾപ്പെടെ ഏർപ്പെടുത്താൻ ഭരണകൂടം പദ്ധതിയിടുന്നുണ്ട്. ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാകിസ്താൻ, ഭൂട്ടാൻ, മ്യാൻമർ എന്നീ രാജ്യങ്ങളിലെ ഉൾപ്പെടെ പൗരന്മാർക്കടക്കം നിയന്ത്രണം ബാധകമായേക്കും. കുടിയേറ്റ നിയന്ത്രണത്തിൻ്റെ ഭാഗമായാണ് പുതിയ നീക്കം.
റെഡ് ലിസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ആദ്യ ഗ്രൂപ്പിൽ 11 രാജ്യങ്ങളാണ് ഉൾപ്പെടുന്നത്. അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, ക്യൂബ, ഇറാൻ, ലിബിയ, ഉത്തര കൊറിയ, സൊമാലിയ, സുഡാൻ, സിറിയ, വെനിസ്വേല, യെമൻ എന്നീ രാജ്യങ്ങളെയാണ് റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവിടെനിന്നുള്ള പൗരന്മാരുടെ വിസ പൂർണമായും റദ്ദാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഓറഞ്ച് ലിസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന രണ്ടാമത്തെ ഗ്രൂപ്പിൽ ബെലാറസ്, എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാൻമർ, പാകിസ്ഥാൻ, റഷ്യ, സിയറ ലിയോൺ, ദക്ഷിണ സുഡാൻ, തുർക്ക്മെനിസ്ഥാൻ എന്നിവ ഉൾപ്പെടെ 10 രാജ്യങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്.
എന്നാൽ ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ അനുവദിക്കുന്നതിൽ ഭാഗിക നിയന്ത്രണം മാത്രമാവും ഉണ്ടാവുക. ടൂറിസ്റ്റ്, സ്റ്റുഡന്റ്, കുടിയേറ്റ വിസകൾ അനുവദിക്കുന്നതിലാകും പ്രധാന നിയന്ത്രണം. അവസാന ഗ്രൂപ്പായ യെല്ലോ വിഭാഗത്തിൽ 26 രാജ്യങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. അംഗോള, ആന്റിഗ്വ ആൻഡ് ബാർബുഡ, ബെനിൻ, ബുർക്കിന ഫാസോ, കംബോഡിയ, കാമറൂൺ, കേപ് വെർഡെ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, കോംഗോ, ഡൊമിനിക്ക, ഇക്വറ്റോറിയൽ ഗിനിയ, ഗാംബിയ, ലൈബീരിയ, മലാവി, മാലി, മൗറിറ്റാനിയ, സെന്റ് കിറ്റ്സ് ആൻഡ് നെവിസ്, സെന്റ് ലൂസിയ, സാവോ ടോം ആൻഡ് പ്രിൻസിപ്പെ, വാനുവാട്ടു, സിംബാബ്‌വെ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വരുന്ന 60 ദിവസത്തിനുള്ളിൽ പോരായ്മകൾ പരിഹരിക്കാൻ ഈ രാജ്യങ്ങളിലെ സർക്കാരുകൾ തയ്യാറായില്ലെങ്കിൽ പൗരന്മാരുടെ വിസ ഭാഗികമായി റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്. പട്ടികയിൽ മാറ്റമുണ്ടാവാമെന്നും വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. തന്റെ സ്ഥാനാരോഹണത്തിന് തൊട്ടുപിന്നാലെ, യുഎസിലേക്ക് വരുന്ന ഏതൊരു വിദേശ പൗരനും കർശനമായ സുരക്ഷാ പരിശോധന നടത്തണമെന്നാണ് ആദ്യം ട്രംപ് നിർദ്ദേശിച്ചത്. ഇതിനെ പിന്തുടർന്നാണ് കുടിയേറ്റക്കാരെ നാടുകത്തൽ ഉൾപ്പെടെയുള്ള നീക്കങ്ങളിലേക്ക് ഭരണകൂടം നീങ്ങിയത്.