Bigfoot: ‘ഭയാനകമായ നിമിഷം, നടുക്കം ഇനിയും മാറിയിട്ടില്ല’; ബിഗ്ഫൂട്ടിനെ കണ്ട് ഭയന്നോടി ഹൈക്കര്‍
Bigfoot Video: രോമാവൃതമായ ശരീരവും വലിയ കാലുകളുമുള്ള ഒരു ജീവിയെയാണ് വീഡിയോയില്‍ കാണാനാകുന്നത്. ആദ്യക്കാഴ്ചയില്‍ ആള്‍ക്കുരങ്ങാണെന്ന് തോന്നുമെങ്കിലും അസാമാന്യമായ വലിപ്പവും മനുഷ്യന്റേതിന് സമാനമായ നടത്തവുമാണ് വീഡിയോയില്‍ കാണുന്ന ജീവിയുടേത്.
ഹിമാലയത്തിലുള്ള യതിക്ക് സമാനമായ ഭീമാകരനായ ജീവിയെ അമേരിക്കയില്‍ കണ്ടതായി ഹൈക്കര്‍. ഓക് ലഹോമയിലെ പാരലല്‍ ഫോറസ്റ്റിലാണ് ബിഗ്ഫൂട്ടിനെ (Bigfoot) കണ്ടതായി ഹൈക്കര്‍ വെളിപ്പെടുത്തിയത്. സമൂഹ മാധ്യമമായ ടിക്ക്‌ടോക്കിലാണ് ഹൈക്കര്‍ ഈ വീഡിയോ പങ്കുവെച്ചത്. എന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ നിമിഷം എന്ന അടിക്കുറിപ്പോടെയാണ് ഇയാള്‍ വീഡിയോ പങ്കുവെച്ചത്. പതിനേഴ് ലക്ഷത്തിന് മുകളില്‍ ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടത്.
‘ബിഗ്ഫൂട്ടിന്റെ ദൃശ്യം എന്റെ ക്യാമറയില്‍ പതിഞ്ഞു. ജീവിതത്തിലെ ഏറ്റവും ഭയാനകമായ നിമിഷം. വെറുതേ കാഴ്ച കാണുന്നതിനായി ഇറങ്ങിയപ്പോഴാണ് ഈ ദൃശ്യം കണ്ണില്‍പ്പെട്ടത്. അതിന്റെ നടുക്കം ഇപ്പോഴും മാറിയിട്ടില്ല,’ വീഡിയോക്ക് താഴെ അയാള്‍ എഴുതി.
സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന വീഡിയോ
രോമാവൃതമായ ശരീരവും വലിയ കാലുകളുമുള്ള ഒരു ജീവിയെയാണ് വീഡിയോയില്‍ കാണാനാകുന്നത്. ആദ്യക്കാഴ്ചയില്‍ ആള്‍ക്കുരങ്ങാണെന്ന് തോന്നുമെങ്കിലും അസാമാന്യമായ വലിപ്പവും മനുഷ്യന്റേതിന് സമാനമായ നടത്തവുമാണ് വീഡിയോയില്‍ കാണുന്ന ജീവിയുടേത്. ദേവദാരു മരങ്ങള്‍ക്കിടയിലൂടെ നടക്കുന്ന ബിഗ്ഫൂട്ട് മരങ്ങള്‍ക്കടിയില്‍ ഇരിക്കുന്നതും വീഡിയോയില്‍ കാണാം.
Also Read: Jerry Lee: മിയ ഖലീഫ മുതല്‍ വോഡ്ക വരെ; സി വി കണ്ട് ഉദ്യോഗാര്‍ത്ഥിയെ വിളിച്ചത് 29 കമ്പനികള്‍
എന്നാല്‍ ഈ വീഡിയോ സത്യമല്ലെന്ന് കാണിച്ച് പലരും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. ഇത് വ്യാജ വീഡിയോ ആണെന്നും ആളുകളെ തെറ്റിധരിപ്പിക്കുകയാണെന്നും നിരവധിയാളുകള്‍ വീഡിയോക്ക് താഴെ കമന്റ് ചെയ്തു. 1987ല്‍ പുറത്തിറങ്ങിയ ഹാരി ആന്റ് ഹെന്‍ഡേഴ്‌സന്‍ എന്ന സിനിമ കാണുന്നതുപോലെ ഉണ്ടെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ഇത് ബിഗ്ഫൂട്ടല്ല, ഇതുവരെ കണ്ടെത്താത്ത ഒരു ജീവിയാണെന്ന് ഒരാള്‍ കമന്റ് ചെയ്തപ്പോള്‍ ആരോ വേഷം കെട്ടിയതാണെന്നും മസിലിന്റെയോ അസ്ഥികളുടെയോ ചലനങ്ങള്‍ വീഡിയോയില്‍ കാണുന്നില്ലെന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്.
ബിഗ്ഫൂട്ട്
ബിഗ്ഫൂട്ട് എന്നത് ഒരു കെട്ടുകഥയല്ലെന്നാണ് ഹൈക്കറുടെ വീഡിയോ വൈറലായതിന് പിന്നാലെ പലരും പറയുന്നത്. വടക്കേ അമേരിക്കന്‍ കാടുകളില്‍ അലഞ്ഞ് തിരിയുന്ന മനുഷ്യനോടും ആള്‍ക്കുരങ്ങിനോടും രൂപസാദൃശ്യമുള്ള ജീവിയാണ് ബിഗ്ഫൂട്ട്. രോമാവൃതമായ ശരീരമാണ് ഇവയ്ക്ക്. ഇതിനെ സാസ്‌ക്വാച്ച് എന്നും അമേരിക്കക്കാര്‍ വിളിക്കുന്നുണ്ട്. 24 ഇഞ്ച് നീളവും എട്ട് ഇഞ്ച് വീതിയുമുള്ള കാല്‍പാടുകള്‍ ബിഗ്ഫൂട്ടിന്റേതെന്ന രീതിയില്‍ നേരത്തെ കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ ബിഗ്ഫൂട്ടിനെ കുറിച്ച് പ്രചരിക്കുന്ന കഥകള്‍ക്ക് പിന്നിലെ സത്യം തെളിയിക്കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. ബിഗ്ഫൂട്ടിനെ ആസ്പദമാക്കി ഇതിനോടകം നിരവധി ഡോക്യുമെന്ററികളും സിനിമകളും പുറത്തിറങ്ങിയിട്ടുണ്ട്.
Also Read: Magic Mushroom : മാജിക് മഷ്റൂം തലയ്ക്ക് പിടിച്ചു; ജനനേന്ദ്രിയം കോടാലി കൊണ്ട് വെട്ടിയെറിഞ്ഞ് യുവാവ്
യതി
ഏഷ്യയിലെ മഞ്ഞുമൂടിയ മലനിരകളില്‍ ജീവിക്കുന്നുവെന്ന് കരുതപ്പെടുന്ന ഭീമാകാരനായ മഞ്ഞുമനുഷ്യനാണ് യതിയെന്നാണ് സങ്കല്‍പം. ഹിമാലയത്തില്‍ ഇപ്പോഴും യതി ജീവിക്കുന്നുണ്ടെന്നാണ് ഹിമാചല്‍, ടിബറ്റന്‍, നേപ്പാള്‍ എന്നീ മേഖലകളിലെ ജനങ്ങളുടെ വിശ്വാസം. ഇന്ത്യ, നേപ്പാള്‍, ചൈന, റഷ്യ എന്നീ രാജ്യങ്ങളിലെ മഞ്ഞുമൂടിയ മലനിരകളില്‍ യതിയെ കണ്ടുവെന്നും പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇവയെല്ലാം സ്ഥിരീകരിക്കപ്പെടാത്തവയാണ്. മനുഷ്യനേക്കാളുപരി വലിയ ആള്‍ക്കുരങ്ങുകളോടും കരടിയോടും സാദൃശ്യമുള്ള പല കാല്‍പ്പാടുകളും കണ്ടതായും നിരവധി പര്‍വ്വതാരോഹകര്‍ അവകാശപ്പെടുന്നുണ്ട്.