US Election 2024 : അമേരിക്കൻ വൈസ് പ്രസിഡൻ്റിനുമുണ്ടൊരു ഇന്ത്യൻ ബന്ധം; ഉഷ വാൻസിനെപ്പറ്റി അറിയാം
US Election 2024 Who Is Usha Vance : അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചതോടെ ഉയർന്നുകേൾക്കുന്നൊരു പേരാണ് ഉഷ വാൻസ്. വൈസ് പ്രസിഡൻ്റ് ജെഡി വാൻസിൻ്റെ ഭാര്യയായ ഉഷ വാൻസ് ഇന്ത്യൻ സ്വദേശിനിയാണ്.
2024 അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡൊണാൾഡ് ട്രംപ് വീണ്ടും പ്രസിഡൻ്റ് സ്ഥാനത്തെത്തിയിരിക്കുകയാണ്. ഡെമോക്രാറ്റ് സ്ഥാനാർത്ഥി കമല ഹാരിസിനെ മറികടന്നാണ് ട്രംപ് വീണ്ടും വൈറ്റ് ഹൗസിലെത്തുക. വിജയമുറപ്പിച്ചതിന് പിന്നാലെ ഫ്ലോറിഡയിലെ പാം ബീച്ച് കൗണ്ടി കൺവെൻഷൻ സെൻ്ററിൽ നടത്തിയ പ്രസംഗത്തിൽ വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ജെഡി വാൻസിനെയും അദ്ദേഹത്തിൻ്റെ ഭാര്യ ഉഷ വാൻസിനെയും ട്രംപ് പേരെടുത്ത് പരാമർശിച്ചിരുന്നു. അപ്പോൾ ഉഷ വാൻസ് ആരാണെന്നായി നെറ്റിസൺസിൻ്റെ ചോദ്യം.
ആന്ധ്രാപ്രദേശുകാരിയായ ഉഷ വാൻസിൻ്റെ ശരിയായ പേര് ഉഷ ചിലുകുരി എന്നാണ്. ആന്ധ്രാപ്രദേശിലെ ഗോദാവരി സ്വദേശികളാണ് ഉഷയുടെ മാതാപിതാക്കൾ. സാൻ ഫ്രാൻസിസ്കോയിൽ ബാല്യകാലം ചിലവഴിച്ച ഉഷ യേൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിരുദവും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിലോസഫിയിൽ ബിരുദാനന്തര ബിരുദവും നേടി. സുപ്രിം കോടതി ജസ്റ്റിസുമാരായ ജോൺ റോബർട്ടിൻ്റെയും ബ്രെറ്റ് കവനയുടെയും ക്ലെർക്ക് ആയിരുന്നു. നിയമവിദഗ്ധയെന്ന നിലനിൽ ഇത് ഉഷയുടെ കരിയർ വളർച്ചയിൽ നിർണായകമായി.
Also Read : USElection 2024 : ട്രംപ് അധികാരത്തിലേക്ക്; ഇറാനും സഖ്യകക്ഷികളും ഭയക്കണോ?
ഉഷയും ജെഡിയും ആദ്യം കണ്ടുമുട്ടുന്നത് യേൽ ലോ സ്കൂളിൽ വച്ചാണ്. ആ സമയത്ത് രണ്ട് പേരും വിദ്യാർത്ഥികളായിരുന്നു. ഇവിടെ വച്ച് പ്രണയബന്ധത്തിലായ ഇരുവരും 2014ൽ വിവാഹിതരായി. 2013ൽ ബിരുദം നേടി തൊട്ടടുത്ത വർഷമായിരുന്നു വിവാഹം. ഇവാൻ, വിവേക്, മിരാബെൽ എന്നിങ്ങനെ മൂന്ന് മക്കളാണ് ഇവർക്കുള്ളത്.
ഉഷ പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെടാറില്ല. പക്ഷേ, ജെഡി വാൻസിൻ്റെ രാഷ്ട്രീയ യാത്രയിൽ എപ്പോഴും ഉഷയുടെ സാന്നിധ്യമുണ്ടായിരുന്നു. അമേരിക്കയിലെ ഗ്രാമപ്രദേശങ്ങളിലുള്ള സാമൂഹ്യ പ്രശ്നങ്ങൾ മനസിലാക്കാൻ ജെഡി വാൻസിന് പിന്തുണ നൽകിയത് ഉഷയാണ്. വേദിയ്ക്ക് പിന്നിൽ നിന്ന് തൻ്റെ ഭർത്താവിൻ്റെ വളർച്ചയിൽ ഉഷ നിർണായക സംഭാവനകൾ നൽകി. ഇന്ത്യൻ സംസ്കാരവും പാരമ്പര്യവും കൃത്യമായി അറിയാവുന്ന ഉഷ വാൻസ് ഇന്ത്യ – അമേരിക്ക ബന്ധത്തിൽ നിർണായക കണ്ണിയാവുമെന്നാണ് വിലയിരുത്തലുകൾ. ഭാവിയിൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് പോലും പരിഗണിക്കപ്പെടാവുന്ന ജെഡി വാൻസിന് ആഗോളതലത്തിൽ പരിചിത മുഖമാവാൻ ഇതിന് കഴിയും.
തിരഞ്ഞെടുപ്പിന് മുൻപ് ജെഡി വാൻസിനായി ഗോവാദരി ജില്ലയിൽ പ്രത്യേക പ്രാർത്ഥന നടന്നിരുന്നു. ഗോദാവരിയിലെ വഡ്ലുരു ഗ്രാമത്തിലാണ് ഉഷയുടെ മാതാപിതാക്കൾ ജനിച്ചുവളർന്നത്.
538 ഇലക്ടറൽ കോളജ് വോട്ടുകളിൽ 247 വോട്ടുകൾ നേടിയാണ് ട്രംപ് അമേരിക്കയുടെ 47ആം പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്. നോർത്ത് കരോലിന, ജോർജിയ, സെനറ്റിൽ, ഉൾപ്പടെയുള്ള നിർണായക സംസ്ഥാനങ്ങളിൽ വിജയം നേടാനായത് ട്രംപിന് തുണയായി. തുടർച്ചയല്ലാത്ത രണ്ടു തവണ പ്രസിഡന്റ് ആകുന്ന രണ്ടാമത്തെയാളാണ് ഡൊണാൾഡ് ട്രംപ്. ഗ്രോവർ ക്ളീവ്ലാൻഡ് ആണ് പട്ടികയിൽ ആദ്യത്തെ ആൾ. അദ്ദേഹം അമേരിക്കയുടെ 22-ാമത്തേയും, 24-ാമത്തേയും പ്രസിഡന്റ് ആയിരുന്നു.
നാല് വർഷങ്ങൾക്ക് ശേഷമാണ് യുഎസ് സെനറ്റിന്റെ നിയന്ത്രണം വീണ്ടും റിപ്പബ്ലിക്കൻസ് പിടിച്ചെടുക്കുന്നത്. 50 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. റിപ്പബ്ലിക്കൻസ് 51 സീറ്റുകൾ നേടിയപ്പോൾ ഡെമോക്രാറ്റിക് പാർട്ടിക്ക് നേടാനായത് 42 സീറ്റുകൾ മാത്രം. 2025 ജനുവരി 6-നാണ് ഔദ്യോഗിക ഫലപ്രഖ്യാപനം.
Also Read : US Election 2024 : ഇത് ചരിത്രം; വെർജീനിയയിൽ നിന്ന് യു എസ് ജനപ്രതിനിധി സഭയിലേയ്ക്ക് ഒരു ഇന്ത്യക്കാരൻ
വിസ്കോൺസിൻ, പെൻസിൽവാനിയ, അരിസോണ, മിഷിഗൺ തുടങ്ങിയ സ്ഥലങ്ങളിലെ മുന്നേറ്റമാണ് ട്രംപിന്റെ വിജയത്തിൽ ഏറെ നിർണായകമായത്. നിർണായകമായ സ്വിംഗ് സ്റ്റേറ്റുകളിൽ മുന്നേറ്റം നേടാനായതോടെ ട്രംപ് വിജയമുറപ്പിച്ച് വൈറ്റ് ഹൗസിലേക്ക് തിരികെയെത്തുകയായിരുന്നു.
23 സംസ്ഥാനങ്ങളിൽ 11 സംസ്ഥാനങ്ങൾ മാത്രമാണ് ട്രംപിൻ്റെ എതിരാളിയായി മത്സരിച്ച കമലാ ഹാരിസിനൊപ്പം നിന്നത്. ഇതോടെ കമലാ ഹാരിസ് തന്റെ ഇലക്ഷൻ നൈറ്റ് പ്രസംഗം റദ്ദാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇതിനിടെ വിർജീനിയയിൽ നിന്ന് യുഎസ് ജനപ്രതിനിധി സഭയിലേയ്ക്ക് ഒരു ഇന്ത്യക്കാരൻ തിരഞ്ഞെടുക്കപ്പെട്ടു. സുഹാസ് സുബ്രഹ്മണ്യം എന്ന ഇന്ത്യൻ വംശജനാണ് വിർജീനിയയിൽ നിന്ന് വിജയിച്ചത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ മൈക്ക് ക്ലാൻസിയെയാണ് ഡെമോക്രാറ്റിക് സ്ഥാനാർഥിയായ സുഹാസ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ നവംബറിലാണ് വിർജീനിയ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.