TikTok Ban: ടിക്ക് ടോക്കിന് നിരോധനം ഏർപ്പെടുത്താനൊരുങ്ങി യുഎസ്; ബില്ല് പാസാക്കി
ടിക് ടോക്കിന് യുഎസിൽ ഏകദേശം 170 ദശലക്ഷം ഉപയോക്താക്കളാണുള്ളത്. ടിക് ടോക്കിന്റെ ചൈനീസ് ബന്ധമാണ് യുഎസിൽ നിരോധനത്തിന് കാരണം.
വാഷിങ്ടൺ: അമേരിക്കയിൽ സമൂഹ മാധ്യമ ആപ്പായ ടിക് ടോക്കിന് സമ്പൂർണ നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങുന്നു. നിരോധനത്തിലേക്ക് നയിക്കുന്ന ബില്ല് യുഎസ് സെനറ്റ് പാസാക്കി. ഇനി യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഒപ്പുവെക്കുന്നതോടെ ബില്ല് രാജ്യത്ത് നിയമമായി മാറും. ചൊവ്വാഴ്ചയാണ് യുഎസ് സെനറ്റ് ബില്ല് പാസാക്കിയത്. 79 വോട്ടുകൾക്കാണ് സെനറ്റ് ബിൽ പാസാക്കിയത്.
ടിക് ടോക്ക് ഉടമസ്ഥരായ ബൈറ്റ്ഡാൻസ് പ്ലാറ്റ്‌ഫോമിലെ ഓഹരികൾ ഒമ്പത് മാസത്തിനുള്ളിൽ വിൽക്കാൻ ബില്ല് നിർദേശിക്കുന്നു. അല്ലാത്തപക്ഷം യുഎസിൽ ചൈനീസ് ആപ്പായ ടിക് ടോക്ക് ബ്ലോക്ക് ചെയ്യപ്പെടും. ഏകദേശം 170 ദശലക്ഷം ഉപയോക്താക്കളുള്ള ടിക് ടോക്കിന് യുഎസിൽ ഏറ്റവും വലിയ ഉപയോക്തൃ അടിത്തറയുണ്ട്. ബില്ലിൽ ബൈഡൻ ഒപ്പുവയ്ക്കുമെന്ന് തന്നെയാണ് പുറത്തുവരുന്ന വിവരം.
ടിക് ടോക്കിൻ്റെ ചൈനീസ് ബന്ധമാണ് യുഎസിൽ നിരോധനം ഏർപ്പെടുത്താനുള്ള കാരണമായി ചൂണ്ടികാട്ടുന്നത്. പ്രസിഡൻ്റ് ഒപ്പുവെക്കുന്നതോടെ ടിക് ടോക്ക് വിൽക്കാൻ ബൈറ്റ്ഡാൻസ് നിർബന്ധിതരാവും. ബിൽ നേരത്തെ യുഎസ് ജനപ്രതിനിധി സഭ പാസാക്കി സെനറ്റിൻ്റെ അംഗീകാരത്തിനായി അയച്ചിരുന്നു. യുഎസ് നിയമനിർമ്മാതാക്കൾ ടിക് ടോക്കിൻ്റെ ചൈനീസ് ഉടമസ്ഥതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് നടപടി.
അമേരിക്കൻ പൗരന്മാരുടെ സ്വകാര്യതയിൽ കടന്നുകയറുന്നതിനോ ചൈനയ്ക്ക് അനുകൂലമായ പ്രചാരണം മുന്നോട്ട് വയ്ക്കുന്നതിനോ രാജ്യത്തിൻ്റെ ഭരണകൂടത്തിന് ആപ്പ് ഉപയോഗിക്കാമെന്നും അധികൃതർ ചൂണ്ടികാട്ടുന്നു. യുക്രെയ്ൻ, ഇസ്രായേൽ, തായ്വാൻ, ഇൻഡോ-പസഫിക് മേഖലയിലെ യുഎസിൻ്റെ മറ്റ് പങ്കാളികൾ എന്നിവർക്ക് സൈനിക സഹായം നൽകുന്നതുൾപ്പടെയുള്ള നാല് ബില്ലുകൾക്ക് ഒപ്പമാണ് യുഎസ് സെനറ്റ് ടിക് ടോക്കിനെതിരായ ബില്ലും പാസാക്കിയത്.
“റിപ്പബ്ലിക്കൻ സ്പീക്കറും (മൈക്ക് ജോൺസണും) പ്രസിഡൻ്റ് ബൈഡനും തമ്മിൽ നടന്ന അഭൂതപൂർവമായ ഇടപാടാണ്” ടിക് ടോക്ക് പിൻവലിക്കൽ അല്ലെങ്കിൽ നിരോധന നടപടിയെന്നും ബെക്കർമാൻ വിമർശിച്ചു. യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രതിവർഷം 24 ബില്യൺ ഡോളർ സംഭാവന ചെയ്യുന്നതായും ടിക് ടോക്ക് അവകാശപ്പെട്ടു. ടിക് ടോക്ക് നിരോധിക്കാൻ നടപടിയെടുക്കുന്ന ആദ്യത്തെ രാജ്യമല്ല അമേരിക്ക.
2020 ൽ, ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിന് ശേഷം, ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി ഇന്ത്യയും ടിക് ടോക്ക് നിരോധിച്ചിരുന്നു. ഇന്ത്യ-ചൈന അതിർത്തിയിൽ ഏറ്റുമുട്ടലുകൾ വർദ്ധിച്ചതിനെ തുടർന്ന് ചൈനീസ് ആപ്പുകളായ ടിക് ടോക്ക്, പബ് ജി, ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ, യുസി ബ്രൗസർ എന്നിവയുൾപ്പെടെ നൂറുകണക്കിന് ആപ്ലിക്കേഷനുകൾ ഇന്ത്യ നിരോധിച്ചിരുന്നു.
സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി 2023 നവംബറിൽ നേപ്പാൾ സർക്കാരും ആപ്പ് നിരോധിച്ചു. കൂടാതെ, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാൻഡ് എന്നിവ ഫെഡറൽ സർക്കാർ ഉടമസ്ഥതയിലുള്ള ഉപകരണങ്ങളിൽ നിന്ന് ടിക് ടോക്ക് നിരോധിച്ചു.