Congo Unknown Illness: വില്ലനാകുന്നത് വവ്വാലോ?; അജ്ഞാത രോഗം, കോംഗോയിൽ 48 മണിക്കൂറിനുള്ളിൽ മരിച്ചത് 50 പേർ
Congo Mysterious Disease: കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ 53 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച്ച മുതലാണ് ഈ അജ്ഞാത രോഗ്യത്തിൻ്റെ വ്യാപനം കണ്ടുതുടങ്ങിയത്. 419 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചതായും 53 പേർ മരിച്ചതായും ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

കിൻഷാസ: വടക്കുപടിഞ്ഞാറൻ കോംഗോയിൽ അജ്ഞാത രോഗം പിടിപ്പെട്ട് 50ലധികം പേർ മരിച്ചതായി റിപ്പോർട്ട്. ലോകാരോഗ്യ സംഘടനയാണ് കണക്കുകൾ പുറത്തുവിട്ടത്. രോഗലക്ഷണം കണ്ടുതുടങ്ങി, 48 മണിക്കൂറിനുള്ളിൽ തന്നെ മരണവും സംഭവിക്കുന്ന ഈ അജ്ഞാത രോഗത്തിൽ ലോഗാരോഗ്യ സംഘടന ആശങ്ക അറിയിച്ചു.
കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ 53 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച്ച മുതലാണ് ഈ അജ്ഞാത രോഗ്യത്തിൻ്റെ വ്യാപനം കണ്ടുതുടങ്ങിയത്. 419 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചതായും 53 പേർ മരിച്ചതായും ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു. രോഗത്തിൻ്റെ കാരണം വവ്വാലിൽ നിന്നാണോ എന്നും ആരോഗ്യ വൃത്തങ്ങൾക്ക് സംശയമുണ്ട്.
കാരണം ബൊലോക്കോ പട്ടണത്തിലാണ് അജ്ഞാത രോഗം ആദ്യം കണ്ടെത്തിയത്. അവിടെയുള്ള മൂന്ന് കുട്ടികൾ വവ്വാലിനെ തിന്നുകയും ഹെമറേജിക് ഫീവർ ലക്ഷണങ്ങളെ കാണിച്ച് ഏകദേശം 48 മണിക്കൂറിനുള്ളിൽ തന്നെ മരിക്കുകയും ചെയ്തിരുന്നു. അതിനാൽ വവ്വാലിൽ നിന്ന് രോഗം പകർന്നതാവാമെന്നാണ് ആരോഗ്യ സംഘം വിലയിരുത്തുന്നത്.
വന്യജീവികളെ ഭക്ഷിക്കുന്നതിനെ ചില സ്ഥലങ്ങളിൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കുണ്ടാകുന്ന രോഗങ്ങളെ കുറിച്ച് വളരെക്കാലമായി ആശങ്കകൾ നിലനിൽക്കെയാണ് പുതിയ രോഗം കണ്ടെത്തിയിരിക്കുന്നത്. ആഫ്രിക്കയിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ ഇത്തരം പകർച്ചവ്യാധികളുടെ എണ്ണം 60 ശതമാനത്തിലധികം വർധിച്ചതായാണ് ലോകാരോഗ്യ സംഘടന റിപ്പോർട്ടുകൾ പറയുന്നത്.
ബൊമേറ്റ് പട്ടണത്തിൽ നിന്നുള്ള പതിമൂന്ന് കേസുകളിൽ നിന്നുള്ള രക്തസാമ്പിളുകൾ ശേഖരിച്ച് കോംഗോ തലസ്ഥാനമായ കിൻഷാസയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോമെഡിക്കൽ റിസർച്ചിലേക്ക് പരിശോധനയ്ക്ക് അയച്ചതായും ലോകാരോഗ്യ സംഘടന അറിയിച്ചു. സാമ്പിളുകളിൽ ഇബോളയോ മാർബർഗ് പോലുള്ള മറ്റ് സാധാരണ പനി രോഗങ്ങൾ ഇല്ലെന്നാണ് ഫലം സൂചിപ്പിക്കുന്നത്. ചിലതിൽ മലേറിയ പോസിറ്റീവ് ആയി കണ്ടെത്തിയിട്ടുണ്ട്.