Donald Trump: ‘യുദ്ധം അവസാനിപ്പിക്കാൻ പുടിനും സെലൻസ്കിയും ആഗ്രഹിക്കുന്നു’; ഇരുവരുമായും ഫോൺ സംഭാഷണം നടത്തിയെന്ന് ട്രംപ്
Ukraine and Russia Want to Stop the War Says Donald Trump: നാറ്റോ സൈനിക സഖ്യത്തിൽ ചേരാനും റഷ്യ പിടിച്ചെടുത്ത പ്രദേശം മുഴുവൻ തിരിച്ചുപിടിക്കാനുമുള്ള ദീർഘകാല ലക്ഷ്യങ്ങൾ കീവ് ഉപേക്ഷിക്കേണ്ടി വരുമെന്ന് ട്രംപിന്റെ പ്രതിരോധ സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ഉക്രൈൻ പ്രസിഡന്റ് വ്ലോടിമർ സെലൻസ്കിയും ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഡൊണാൾഡ് ട്രംപ്. ഇരുവരുമായും ഇന്നലെ ഫോൺ സംഭാഷണം നടത്തിയതായി ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെന്ന് തന്റെ ഭരണകൂടത്തിന്റെ ആദ്യ ദിവസം തന്നെ ട്രംപ് അവകാശപ്പെട്ടിരുന്നു.
നാറ്റോ സൈനിക സഖ്യത്തിൽ ചേരാനും റഷ്യ പിടിച്ചെടുത്ത പ്രദേശം മുഴുവൻ തിരിച്ചുപിടിക്കാനുമുള്ള ദീർഘകാല ലക്ഷ്യങ്ങൾ കീവ് ഉപേക്ഷിക്കേണ്ടി വരുമെന്ന് ട്രംപിന്റെ പ്രതിരോധ സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ നീക്കങ്ങൾ. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾ ഉടൻ നടത്താമെന്ന് പുടിൻ സമ്മതിച്ചതായി ട്രംപ് അറിയിച്ചു. ഭാവിയിൽ വെടിനിർത്തൽ ആലോചിക്കുന്നുണ്ടെന്നും ഇത് അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും പുടിൻ പറഞ്ഞതായി ട്രംപ് വ്യക്തമാക്കി.
“സമാധാനത്തിലേക്കുള്ള പാതയിലാണ് നമ്മൾ എന്ന് തോന്നുന്നു. പ്രസിഡന്റ് പുടിൻ സമാധാനം ആഗ്രഹിക്കുന്നു. പ്രസിഡന്റ് സെലൻസ്കിയും സമാധാനം ആഗ്രഹിക്കുന്നു. ഞാനും സമാധാനം ആഗ്രഹിക്കുന്നു. ആളുകളെ കൊല്ലുന്നത് അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു” എന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ: നരേന്ദ്ര മോദിക്ക് യുഎസിൽ ഊഷ്മള സ്വീകരണം; മസ്‌കുമായും ചർച്ചകൾക്ക് സാധ്യത
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ റഷ്യയും യുക്രൈനും യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചയ്ക്ക് തയ്യാറാവുകയാണെങ്കിൽ, ഇരുരാജ്യങ്ങളും പിടിച്ചെടുത്ത പ്രദേശങ്ങൾ പരസ്പരം കൈമാറണം എന്ന നിർദേശം യുക്രൈൻ മുന്നോട്ട് വെക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. റഷ്യയുടെ കൈവശമുള്ള യുക്രൈനിലെ ഭൂപ്രദേശങ്ങൾക്ക് പകരം കുർസ്കിയിലെ യുക്രൈൻ അധിനിവേശ പ്രദേശം റഷ്യക്ക് നൽകുമെന്ന് യുക്രൈൻ പ്രസിഡന്റ് വ്ലോടിമാർ സെലൻസ്കി നേരത്തെ വ്യക്തമാക്കിയിരുന്നു.
യുദ്ധമവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുമെന്നതാണ് യുഎസിന്റെ നിരീക്ഷണം. യുഎസിന്റെ മധ്യസ്ഥതയിൽ റഷ്യയും യുക്രൈനും തമ്മിൽ വെടിനിർത്തൽ കരാർ ഉണ്ടാക്കുകയാണെങ്കിൽ കർശനമായ സുരക്ഷാ ഗ്യാരന്റിയും വേണം എന്ന നിലപാടിലാണ് വ്ലോടിമർ സെലൻസ്കി. നാറ്റോ അംഗത്വം, സമാധാന സേനയുടെ വിന്യാസമടക്കമുള്ള സൈനിക ഉടമ്പടികൾ അടങ്ങുന്ന വ്യവസ്ഥകൾ കരാറിൽ ഉണ്ടാകണമെന്നാണ് യുക്രൈൻ നിലപാട്. അല്ലാത്തപക്ഷ റഷ്യ വീണ്ടും ആക്രമണം നടത്തിയേക്കുമെന്നാണ് യുക്രൈന്റെ ആശങ്ക.