UK Election Result 2024 : ഉപപ്രധാനമന്ത്രിയെ അട്ടിമറിച്ച് യു.കെ തിരഞ്ഞെടുപ്പിൽ കോട്ടയം വൈബ്; മലയാളിയായ സോജൻ ജോസഫ് ഇനി ബ്രിട്ടീഷ് എംപി
Malayali UK MP Sojan Joseph : കെൻ്റ് കൗണ്ടിയിലെ ആഷ്ഫഡ് മണ്ഡലത്തിൽ മത്സരിച്ച സോജൻ ജോസഫ് കൺസർവേറ്റീവ് പാർട്ടിയുടെ ഉപമുഖ്യമന്ത്രിയായ ഡാമിയൻ ഗ്രീനിനെ തോൽപ്പിച്ചാണ് യു.കെ പാർലമെൻ്റിലേക്ക് ആദ്യമായി എത്തുന്നത്. കോട്ടയം ഓണാംതുരത്ത് സ്വദേശിയാണ് സോജൻ.
ലണ്ടൺ : ബ്രിട്ടീഷ് പാർലമെൻ്റിലേക്ക് (UK Election Result 2024) തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയായ കോട്ടയം ഓണംതുരത്ത് കൈപ്പുഴ സ്വദേശി സോജൻ ജോസഫ് (Sojan Joseph). കെൻ്റ് കൗണ്ടിയിലെ ആഷ്ഫഡ് മണ്ഡലത്തിൽ ലേബർ പാർട്ടി (Labour Party) ടിക്കറ്റിൽ മത്സരിച്ച സോജൻ ജോസഫ് കൺസർവേറ്റീവ് പാർട്ടിയുടെ ഉപപ്രധാനമന്ത്രിയായ ഡാമിയൻ ഗ്രീനെ അട്ടിമറിച്ചുകൊണ്ടാണ് ചരിത്രം കുറിച്ചത്. കൺസർവേറ്റീവ് പാർട്ടിയുടെ കുത്തക മണ്ഡലമായ അഷ്ഫഡിൽ ഉടലെടുത്ത ത്രികോണ മത്സരത്തിലാണ് സോജൻ ജോസഫ് ജയം നേടി യുകെ പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയാകുന്നത്.
1779 വോട്ടുകൾക്കാണ് ടോറി സ്ഥാനാർഥിയെ സോജൻ കീഴ്പ്പെടുത്തിയത്. റിഫോം യുകെ പാർട്ടിയുടെ ട്രിസ്ട്രാം കെന്നഡി ഇരു സ്ഥാനാർഥികൾക്കും വെല്ലുവിളി സൃഷ്ടിച്ചുകൊണ്ട് 10,000ത്തിലേറെ വോട്ട് പിടിച്ചു. കൺസർവേറ്റീവ് പാർട്ടിയിലേക്ക് പോകേണ്ട വോട്ട് റിഫോം യുകെയുടെ സ്ഥാനാർഥി സ്വന്തമാക്കിയതാണ് സോജനെ വിജയത്തിലേക്ക് നയിച്ചത്. 15,262 വോട്ടുകളാണ് സോജൻ നേടിയ ടോറി നേതാവിന് നേടാനായത് 13,484 വോട്ടുകൾ. ആദ്യമായിട്ടാണ് സോജൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
നഴ്സിങ് മേഖലയിൽ നിന്നാണ് സോജൻ യുകെയിലെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 2002ലാണ് കോട്ടയത്ത് നിന്നും സോജൻ ആഷ്ഫോർഡിലേക്ക് കുടിയേറുന്നത്. തുടർന്ന് കെൻ്റ് കൗണ്ടിയിലെ മലയാളി സമൂഹത്തിൻ്റെ ഇടയിൽ പ്രവർത്തിച്ച് ലേബർ പാർട്ടി പ്രവർത്തനത്തിലേക്ക് പ്രവേശിക്കുകയായിരുന്നു സോജൻ. കഴിഞ്ഞ വർഷം ലേബർ പാർട്ടിയുടെ ഐൽസ്ഫോർഡ് ഇസ്റ്റ് സ്റ്റൂർ വാർഡുകളുടെ കൗൺസിലർ ആയതോടെയാണ് നഴ്സങ് മേഖലയിൽ നിന്നും സോജൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശിനി ബ്രിറ്റ ജോസഫാണ് സോജൻ്റെ ഭാര്യ. ഹന്ന, സാറ, മാത്യു എന്നിവരാണ് സോജൻ്റെയും ബ്രിറ്റയുടെ മക്കൾ.
സോജന് പുറമെ യു.കെ തിരഞ്ഞെടുപ്പിൽ തിരുവന്തപുരം ആറ്റിങ്ങലിൽ നിന്നുള്ള എറിക് സുകുമാരനും മത്സരിച്ചിരുന്നു. കൺസർവേറ്റീവ് പാർട്ടിയുടെ ടോട്നാമിലെ സൌത്ത് ഗേറ്റ് വുഡ് ഗ്രീൻ മണ്ഡലത്തിൽ നിന്നുമാണ് എറിക് സുകുമാരൻ മത്സരിച്ചത്. പക്ഷെ ലേബർ പാർട്ടിയുടെ കാതറിൻ വെസ്റ്റിനോട് സുകുമാരൻ തോറ്റൂ. റിപ്പോർട്ടുകൾ പ്രകാരം യുകെ പൊതുതിരഞ്ഞെടുപ്പിൽ 107 ഇന്ത്യൻ വംശജരാണ് മത്സരിച്ചത്.
അതേസമയം യു.കെ തിരഞ്ഞെടുപ്പിൽ 400 അധികം സീറ്റുകൾ നേടി ലേബർ പാർട്ടി 14 വർഷത്തിന് ശേഷം വീണ്ടും അധികാരത്തിലേക്കെത്തി. ഇന്ത്യൻ വംശജനായ ഋഷി സുനക് നയിച്ച കൺസർവേറ്റീവ് പാർട്ടിക്ക് നേടാനായത് 120 സീറ്റുകൾ മാത്രമാണ്. ലേബർ പാർട്ടിയുടെ കെയ്ർ സ്റ്റാർമെർ അടുത്ത യു.കെ പ്രധാനമന്ത്രിയാകും.