UAE Weather Updates: രാജ്യത്ത് മഴയ്ക്കും മഞ്ഞ് വീഴ്ചയ്ക്കും സാധ്യത; വിവിധ ഇടങ്ങളിൽ മുന്നറിയിപ്പ്
Rain Expected UAE Weather: യുഎഇയിലെ വിവിധയിടങ്ങളിൽ മഴയ്ക്കും മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്കും മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
രാജ്യത്തെ വിവിധയിടങ്ങളിൽ മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് യുഎഇ കാലാവസ്ഥാവകുപ്പ്. വെള്ളിയാഴ്ച രാജ്യത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വിവിധയിടങ്ങളിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. തങ്ങളുടെ എക്സ് പ്രൊഫൈലിലൂടെ അബുദാബി പോലീസ് പല അലർട്ടുകളാണ് അറിയിച്ചത്.
മഞ്ഞ് കാരണം റോഡിലെ കാഴ്ച മറയുമെന്ന് അബുദാബി പോലീസ് പറയുന്നു. അതുകൊണ്ട് തന്നെ വാഹനമോടിയ്ക്കുമ്പോൾ വേഗത കുറയ്ക്കണമെന്ന് നിർദ്ദേശമുണ്ട്. വിവിധയിടങ്ങളിൽ മഴ പെയ്യാനും സാധ്യതയുണ്ട്. രാത്രി സമയങ്ങളിൽ രാജ്യത്തിൻ്റെ പലഭാഗത്തും മഴസാധ്യതയുണ്ട്. ഭാഗികമായി മുതൽ പൂർണമായി മേഘാവൃതമാവും ആകാശം. രാജ്യത്തിൻ്റെ വടക്കൻ പ്രദേശങ്ങളിലും ദ്വീപുകളിലും ഊഷ്മാവ് സാരമായി കുറയും. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയുമായി അന്തരീക്ഷത്തിൽ ഈർപ്പം രൂപപ്പെടും. ചില ഉൾപ്രദേശങ്ങളിലാവും ഹ്യുമിഡിറ്റി വർധിക്കുക. ചില പ്രദേശങ്ങളിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. രാത്രി വൈകി 10 മുതൽ 25 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 40 കിലോമീറ്റർ വരെയും വേഗത്തിൽ കാറ്റ് വീശാനാണ് സാധ്യത.
Also Read : Kuwait National Day: ദേശീയ ദിനം കളറാക്കാനൊരുങ്ങി കുവൈത്ത്; അടുപ്പിച്ച് അഞ്ച് ദിവസം അവധി
കാറ്റ് വീശുന്നത് കൊണ്ടുതന്നെ കടൽ പ്രക്ഷുബ്ധമാവാൻ സാധ്യതയുണ്ട്. അപകടകരമായ രീതിയിൽ കടൽ ക്ഷോഭത്തിന് സാധ്യതയില്ലെങ്കിലും രാത്രി നേരിയ തോത് മുതൽ മിതമായ തോത് വരെ കടൽ ക്ഷോഭിക്കാനാണ് സാധ്യത. അറേബ്യൻ ഊൽക്കടലിൽ സാധാരണ മുതൽ മിതമായ രീതിയിലുള്ള കടൽ ക്ഷോഭത്തിന് സാധ്യതയുള്ളപ്പോൾ ഒമാൻ കടലിൽ മിതമായ പ്രക്ഷോഭത്തിനാണ് സാധ്യത. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഊഷ്മാവ് കുറയും. റക്നയിൽ ഊഷ്മാവ് ഏഴ് ഡിഗ്രി സെൽഷ്യസ് വരെ താഴാനാണ് സാധ്യത. മറ്റ് ചിലയിടങ്ങളിൽ 25 ശതമാനം വരെ ഊഷ്മാവ് വർധിക്കാനും സാധ്യതയുണ്ട്. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലും ഊഷ്മാവ് വ്യതിയാനമുണ്ടാവും. ഇവിടങ്ങളിൽ യഥാക്രമം 25 ഡിഗ്രി സെൽഷ്യസ്, 24 ഡിഗ്രി സെൽഷ്യസ്, 25 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് പരമാവധി ഊഷ്മാവ്.
കുവൈറ്റ് ദേശീയ ദിനം
കുവൈറ്റ് ദേശീയ ദിനത്തോടനുബന്ധിച്ച് അഞ്ച് ദിവസമാണ് പൊതു അവധി. ഫെബ്രുവരി 25 ചൊവ്വാഴ്ചയും 26 ബുധനാഴ്ചയും സർക്കാർ പ്രഖ്യാപിച്ച അവധികളാണ്. ദേശീയ ദിന, വിമോചന ദിന അവധികളാണ് ഈ ദിവസങ്ങളിൽ. ഇതിന് ശേഷം വെള്ളി, ശനി ദിവസങ്ങളിൽ വാരാന്ത്യ അവധി ലഭിക്കും. ഇങ്ങനെ അവധി ദിവസങ്ങൾക്കിടയിൽ വരുന്ന ദിവസമായതിനാൽ വ്യാഴാഴ്ച വിശ്രമ ദിനമാണ്. ഇതോടെ അഞ്ച് ദിവസം നീണ്ട അവധിയാണ് കുവൈറ്റിൽ ആളുകൾക്ക് ലഭിക്കുക. ജനുവരി 30 വ്യാഴാഴ്ച മുതൽ ഫെബ്രുവരി ഒന്ന് ശനിയാഴ്ച വരെ കുവൈറ്റിൽ ഇസ്റാഅ് – മിഅ്രാജ് ദിവസത്തിനുള്ള അവധിയും നൽകിയിട്ടുണ്ട്. മൂന്ന് ദിവസത്തെ പൊതു അവധിയാണ് ഇതിൽ ലഭിയ്ക്കുക. സിവിൽ സർവീസ് കമ്മീഷനാണ് ഈ അവധി പ്രഖ്യാപിച്ചത്.