UAE Weather: യുഎഇയിൽ ഇന്ന് മൂടിക്കെട്ടിയ അന്തരീക്ഷം; ഉഷ്ണം വർധിക്കുമെന്ന് മുന്നറിയിപ്പ്
UAE Weather Report Today Apri 7: യുഎഇയിലെ കാലാവസ്ഥ ഇന്ന് മൂടിക്കെട്ടിയതാവുമെന്ന് കാലാവസ്ഥാ വകുപ്പ്. കാർമേഘങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിനാണ് സാധ്യത.

രാജ്യത്ത് ഇന്ന് മൂടിക്കെട്ട അന്തരീക്ഷമാവുമെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച പൊതുവേ നല്ല കാലാവസ്ഥായാവുമെങ്കിലും കാർമേഘങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ദേശീയ കാലാവസ്ഥാ വകുപ്പിൻ്റെ ഡെയിലി ബുള്ളറ്റിനിലൂടെയാണ് അറിയിപ്പ്.
തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയും ഉഷ്ണം വർധിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടയ്ക്കിടെ സാധാരണ കാറ്റിനും സാധ്യതയുണ്ട്. പകൽ സമയങ്ങളിൽ നേരിയ പൊടിക്കാറ്റ് ഉണ്ടായേക്കാം. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനാണ് സാധ്യത. ചില അവസരങ്ങളിൽ കാറ്റിൻ്റെ വേഗത 40 കിലോമീറ്റർ വരെ ആവാം.
അബുദാബിയിലും ദുബായിലും ഊഷ്മാവ് വ്യതിയാനത്തിന് സാധ്യതയുണ്ട്. കൂടിയ താപനില 40 ഡിഗ്രി വരെയും കുറഞ്ഞ താപനില 15 ഡിഗ്രി വരെയും ആവാം. സമുദ്രാതിർത്തി പ്രദേശങ്ങളിലും ദ്വീപുകളിലും താപനില 43 ഡിഗ്രിയിലാവും. അബുദാബിയിലെ സ്വെയ്ഹാൻ, മെസൈറ തുടങ്ങിയ സ്ഥലങ്ങളിൽ താപനില 43 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്. ഒമാൻ ഉൾക്കടലും അറബിക്കടലും സാധാരണ നിലയിലാവും.
വിവിധ രാജ്യങ്ങള്‍ക്ക് താല്‍ക്കാലികമായി വീസ നിരോധിച്ച് സൗദി അറേബ്യ
ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സൗദി അറേബ്യ താത്കാലികമായി വീസ നിഷേധിച്ചിരിക്കുകയാണ്. ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് സൗദി അറേബ്യ താത്കാലികമായി വീസ നിഷേധിച്ചത്. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഈജിപ്ത്, ഇന്തോനേഷ്യ, ഇറാഖ്, നൈജീരിയ, ജോർദാൻ, അൾജീരിയ, സുഡാൻ, എത്യോപ്യ, ടുണീഷ്യ, യെമൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇനി ഒരറിയിപ്പ് ലഭിക്കുന്നത് വരെ വീസ ലഭിക്കില്ല. ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട തിരക്ക് നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താത്കാലിക വീസ വിലക്ക് ജൂൺ മാസം പാതി വരെ ഉണ്ടാവുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഉംറ, ബിസിനസ് വിസിറ്റ്, ഫാമിലി വിസിറ്റ് തുടങ്ങിയ വീസകളൊക്കെ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ശരിയായ രജിസ്ട്രേഷനില്ലാതെ ആളുകൾ ഹജ്ജ് നിർവഹിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഇത് തടയുകയാണ് ശ്രമമെന്നും അധികൃതർ പറയുന്നു.