UAE Weather: ദുബായിലും അബുദാബിയിലും കാഴ്ച മറച്ച് കനത്ത മൂടൽ മഞ്ഞ്; വിവിധയിടങ്ങളിൽ റെഡ് അലർട്ട്
UAE Weather Updates: യുഎഇയുടെ വിവിധ ഇടങ്ങളിൽ ഇന്ന് കനത്ത മൂടൽ മഞ്ഞിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇതോടെ രാജ്യത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

യുഎഇയുടെ വിവിധ ഇടങ്ങളിൽ കനത്ത മൂടൽ മഞ്ഞ്. ദുബായിലും അബുദാബിയിലും കാഴ്ച മറച്ചുള്ള മൂടൽ മഞ്ഞ് റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് മൂടൽ മഞ്ഞ് റിപ്പോർട്ട് ചെയ്തതു. ദുബായ്, അബുദാബി, അൽ ഐൻ തുടങ്ങിയ സ്ഥലങ്ങളിൽ കനത്ത, ശക്തമായ മഞ്ഞുണ്ടാവുമെന്ന് കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്തു. ഇവിടങ്ങളിൽ റെഡ് അലർട്ട് പുറപ്പെടുവിക്കുകയും ചെയ്തു.
കനത്ത മഞ്ഞ് കാരണം വിവിധ സ്ഥലങ്ങളിൽ കാഴ്ച കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ കാലാവസ്ഥയിൽ ബൈക്ക് യാത്രികർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന പുതുക്കിയ വേഗതാപരിധി ബൈക്ക് യാത്രികർ പാലിക്കണമെന്നും പോലീസ് അറിയിച്ചു.
ഷാർജ പോലീസും ഇതേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഞ്ഞ് കാരണം കാഴ്ച മറയാൻ സാധ്യതയുണ്ടെന്നും ശ്രദ്ധിക്കണമെന്നും ശ്രദ്ധിക്കണമെന്നും ഷാർജ പോലീസ് പറഞ്ഞു. വാഹനങ്ങൾക്കിടയിൽ ആവശ്യത്തിന് അകലം കാത്തുസൂക്ഷിക്കാനും വേഗത കുറയ്ക്കാനും ശ്രദ്ധയോടെ വാഹനമോടിക്കണമെന്നും പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്ന് രാജ്യത്ത് പൊതുവേ മേഘാവൃതമായ ആകാശമാവുമെന്നാണ് റിപ്പോർട്ടുകൾ. മണിക്കൂറിൽ 10 കിലോമീറ്റർ മുതൽ 20 കിലോമീറ്റർ വരെയും, ചില സമയങ്ങളിൽ 35 കിലോമീറ്റർ വരെയും വേഗതയുണ്ടാക്കേവുന്ന കാറ്റിനും സാധ്യതയുണ്ട്. രാത്രി സമയങ്ങളിൽ അന്തരീക്ഷത്തിലെ ഈർപ്പം വർധിച്ചേക്കാം. ബുധനാഴ്ച രാവിലെ വരെ ഈ നില തുടരാമെന്നും സൂചനയുണ്ട്. തിങ്കളാഴ്ച യുഎഇയുടെ വിവിധ ഇടങ്ങളിൽ മഴ പെയ്തിരുന്നു.
യുഎഇയിലെ പെരുന്നാൾ അവധി
യുഎഇയിൽ സർക്കാർ ജീവനക്കാർക്കുള്ള ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചിരുന്നു. മാർച്ച് 29 മുതലാണ് യുഎഇയിലെ പെരുന്നാൾ അവധി ആരംഭിക്കുക. ഈ മാസം 29 മുതൽ ഏപ്രിൽ ഒന്ന് വരെയോ ഏപ്രിൽ രണ്ട് വരെയോ ആവും പെരുന്നാളിൻ്റെ അവധി. റമദാൻ എത്ര ദിവസങ്ങൾ നീണ്ടുനിൽക്കും എന്നതിനനുസരിച്ചാവും ഈ അവധി തീരുമാനിക്കപ്പെടുക. യുഎഇയിൽ ഈ മാസം 29 ന് ചന്ദ്രനെ കാണുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.