UAE visa violations: വീസ കാലാവധി കഴിഞ്ഞ് രാജ്യത്ത് താമസിച്ചതിൻ്റെ പിഴ എങ്ങനെ ഒഴിവാക്കും?; നടപടിക്രമങ്ങളറിയാം
UAE Visa Violations Know How To Apply: വീസ കാലാവധി കഴിഞ്ഞും യുഎഇയിൽ താമസിക്കുന്ന ഓരോ ദിവസവും 50 ദിർഹം വച്ചാണ് പിഴ അടയ്ക്കേണ്ടത്. എന്നാൽ, ഈ പിഴ ഒഴിവാക്കിക്കിട്ടാൻ ചില മാർഗങ്ങളുണ്ട്. അതിൻ്റെ നടപടിക്രമങ്ങളിതാ.
വീസ കാലാവധി കഴിഞ്ഞ് യുഎഇയിൽ താമസിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. കനത്ത പിഴയും നാടുകടത്തലും ഉൾപ്പെടെയുള്ള ശിക്ഷകളാണ് നിയമലംഘകരെ കാത്തിരിക്കുന്നത്. വീസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നതും അനുവദിച്ച സമയപരിധി അവസാനിച്ചാലും രാജ്യം വിട്ട് പോകാത്തതും വ്യാജ വീസയിൽ രാജ്യത്ത് എത്തുന്നതുമൊക്കെ ഗുരുതരമായ നിയമലംഘനങ്ങളാണ്. ഇങ്ങനെ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്ന ഓരോ ദിവസവും 50 ദിർഹം എന്ന നിരക്കിലാണ് പിഴയൊടുക്കേണ്ടത്. യുഎഇ റെസിഡൻ്റ് വീസയുള്ളവർക്ക് 30 ദിവസം മുതൽ ആറ് മാസം വരെ നീളുന്ന ഗ്രേസ് പീരിയഡ് അനുവദിക്കാറുണ്ട്. ഇത് കഴിഞ്ഞാലാണ് പിഴയൊടുക്കേണ്ടിവരിക. ഈ പിഴ ഒഴിവാക്കാൻ ചില നടപടിക്രമങ്ങളുണ്ട്. അത് പരിശോധിക്കാം.
പിഴ ഒഴിവാക്കിക്കിട്ടാൻ യോഗ്യതയുള്ളവർ
നിയമലംഘകരായ എല്ലാവർക്കും പിഴ ഒഴിവാക്കിക്കിട്ടില്ല. നിങ്ങൾ സ്ഥലംവിട്ടു എന്ന് നിങ്ങളുടെ ജോലിദാതാവ് റിപ്പോർട്ട് ചെയ്താൽ ഇമിഗ്രേഷൻ ഓഫീസിലോ ഹ്യൂമൻ റിസോഴ്സ് മന്ത്രാലയത്തിലോ നേരിട്ടെത്തി പരിഹരിക്കാം. ടൂറിസ്റ്റ്, വിസിറ്റ്, റെസിഡൻസി വീസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരുന്നവരാവണമെന്ന് നിബന്ധനയുണ്ട്. ആരോഗ്യപ്രശ്നങ്ങൾ, തൊഴിൽ നഷ്ടം തുടങ്ങിയ പ്രശ്നങ്ങളിൽ പെട്ടവരാണെങ്കിൽ അവർക്കും പിഴ ഒഴിവാക്കിക്കിട്ടും. പിഴയടയ്ക്കാൻ തീരെ പണമില്ലാത്തവർക്കും ഈ സൗകര്യം ലഭിക്കുന്നതാണ്.
വേണ്ട രേഖകൾ
വീസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരുന്നവർക്ക് പിഴ ഒഴിവാക്കാൻ സമർപ്പിക്കേണ്ട രേഖകളിൽ പ്രധാനപ്പെട്ടത് പാസ്പോർട്ടാണ്. എന്തുകൊണ്ടാണ് നിയമലംഘനം നടത്തിയതെന്നും പിഴയടയ്ക്കാൻ എന്തുകൊണ്ട് കഴിയില്ലെന്നും അറിയിക്കണം. ഇതിനെ പിന്തുണയ്ക്കുന്ന എല്ലാ രേഖകളും ഫൈൻസ് കമ്മറ്റി ആവശ്യപ്പെട്ട മറ്റ് രേഖകളും ഹാജരാക്കണം.
പിഴ ഒഴിവാക്കാൻ ചെയ്യേണ്ടത്
പിഴ ഒഴിവാക്കാനായി അടുത്തുള്ള അമെർ കസ്റ്റമർ ഹാപ്പിനസ് സെൻ്റർ സന്ദർശിക്കുക. ഓട്ടോമാറ്റിക് ടേൺ ടിക്കറ്റെടുത്ത് കാത്തിരിക്കുക. ഊഴമെത്തുമ്പോൾ എല്ലാ രേഖകളുമായി ഈ ആപ്ലിക്കേഷൻ സമർപ്പിക്കുക. സർവീസ് ഫീസുണ്ടെങ്കിൽ അത് നൽകുക. സാധാരണയായി 390 ദിർഹമാണ് സർവീസ് ഫീസ്. വിവിധ അമെർ സെൻ്ററുകളിൽ തുക വ്യത്യാസപ്പെട്ടിരിക്കും.
ജിഡിആർഎഫ്എ ഓഫീസുകൾ വഴിയും പിഴ ഒഴിവാക്കാനുള്ള അപേക്ഷ നൽകാം. ജിഡിആർഎഫ്എ ഓഫീസ് സന്ദർശിച്ച് വേണ്ട രേഖകളുമായി അപേക്ഷ സമർപ്പിക്കണം. നിങ്ങളുടെ അപേക്ഷ പഠിച്ചതിന് ശേഷം വേറെ എന്തെങ്കിലും രേഖകൾ ആവശ്യപ്പെട്ടാൽ അത് നൽകണം.നിങ്ങളുടെ സ്പോൺസർ ഒരു വ്യക്തിയാണെങ്കിൽ 15.75 ദിർഹമാണ് ഫീസ് നൽകേണ്ടത്. തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 7.30 മുതൽ രാത്രി 7 മണി വരെയാണ് സെൻ്റർ പ്രവർത്തിക്കുക. വെള്ളിയാഴ്ചകളിൽ രാവിലെ 7.30 മുതൽ 12 മണി വരെയും ഉച്ചകഴിഞ്ഞ് 12.30 മുതൽ 7 മണി വരെയും പ്രവർത്തിക്കും. നിങ്ങൾ അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ തീരുമാനമെടുക്കേണ്ടത് ജിഡിആർഎഫ്എ ഓഫീസാണ്. അപേക്ഷ വിശദമായി പഠിച്ചതിന് ശേഷം അവർ നിങ്ങളെ ബന്ധപ്പെടും. അപേക്ഷ സ്വീകരിച്ചെന്നോ തള്ളിക്കളഞ്ഞെന്നോ അറിയിക്കും. അപേക്ഷ നൽകി എത്ര ദിവസത്തിനുള്ളിൽ തീരുമാനം ആവുമെന്ന് പറയാനാവില്ല.