UAE: ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മാത്രമായി പ്രത്യേക ഇടം; യുഎഇയിൽ ഭാരത് മാർട്ട് അടുത്ത വർഷം ആരംഭിക്കും
Bharat Mart In UAE: ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മാത്രമായുള്ള ഭാരത് മാർട്ട് യുഎഇയിൽ അടുത്ത വർഷം പ്രവർത്തനമാരംഭിക്കും. ജബൽ അലി ഫ്രീ സോണിൽ തുറക്കുന്ന ഭാരത് മാർട്ട് 2.7 മില്ല്യൺ സ്ക്വയർ ഫീറ്റിലാവും നിർമ്മിക്കുക.

യുഎഇയിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മാത്രമായുള്ള ഭാരത് മാർട്ട് 2026 മുതൽ പ്രവർത്തനമാരംഭിക്കും. ജബൽ അലി ഫ്രീ സോണിലാവും ഭാരത് മാർട്ട് തുറക്കുക. റീട്ടെയിൽ ഷോപ്പുകൾ, ഷോറൂമുകൾ, വെയർഹൗസുകൾ തുടങ്ങി ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മാത്രമായുള്ള ഭാരത് മാർട്ട് 2.7 മില്ല്യൺ സ്ക്വയർ ഫീറ്റിലാവും പ്രവർത്തിക്കുക.
ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ആദ്യ ഇന്ത്യാ സന്ദർശനവേളയിലാണ് പ്രഖ്യാപനം. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. “ഇന്ത്യ ആഗോളവ്യാപാരം വ്യാപിപ്പിക്കുന്ന സാഹചര്യത്തിൽ ദുബായിലെ ലോകോത്തര നിർമ്മാണവും ബന്ധങ്ങളും തങ്ങളെ വളരെ നിർണായകമായ പങ്കാളിയാക്കുന്നു. 2300ലധികം ഇന്ത്യൻ കമ്പനികളാണ് ജാഫ്സയിൽ പ്രവർത്തിക്കുന്നത്. ഭാരത് മാർട്ട് ആരംഭിക്കുന്നതോടെ ഇന്ത്യ – യുഎഇ ബന്ധം കൂടുതൽ ശക്തിപ്പെടും.”- അദ്ദേഹം വ്യക്തമാക്കി.
കെട്ടിടത്തിൻ്റെ നിർമ്മാണം തുടങ്ങിക്കഴിഞ്ഞതായി ഡിപി വേൾഡ് സിഇഒയും ഗ്രൂപ്പ് ചെയർമാനുമായ സുൽത്താൻ അഹ്മദ് ബിൻ സുലയെം പറഞ്ഞു. ആഗോളതലത്തിലുള്ള ഉപഭോക്താക്കൾക്കിടയിലേക്ക് ഇന്ത്യൻ ഉത്പന്നങ്ങൾ അവതരിപ്പിക്കുക എന്നതാണ് ഭാരത് മാർട്ടിൻ്റെ ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈനീസ് ഡ്രാഗൺ മാർട്ട് പോലെയാവും ഭാരത് മാർട്ടിൻ്റെ പ്രവർത്തനം. ബിസിനസ് ടു ബിസിനസ്, ബിസിനസ് ടു കൺസ്യൂമർ മാർക്കറ്റ് പ്ലേ ആവും ഭാരത് മാർട്ട്. ഇന്ത്യൻ ഉത്പന്നങ്ങളെ ഗ്ലോബൽ മാർക്കറ്റിൽ അവതരിപ്പിക്കാൻ ഇതിലൂടെ സാധിക്കും.
2.7 മില്ല്യൺ സ്ക്വയർ ഫീറ്റിലുള്ള ഭാരത് മാർട്ട് ആദ്യ ഘട്ടത്തിൽ 1.3 മില്ല്യൺ സ്ക്വയർ ഫീറ്റാവും ഉണ്ടാവുക. 1500ലധികം ഷോറൂമുകളാവും ഭാരത് മാർട്ടിൽ ഉണ്ടാവുക. സ്ത്രീകൾ നേതൃത്വം നൽകുന്ന ബിസിനസുകൾക്കായി പ്രത്യേക ഇടവും ഓഫീസ് സ്പേസ്, മീറ്റിങ് സൗകര്യങ്ങൾ, വെയർ-ഹൗസ് എന്നിവയും ഭാരത് മാർട്ടിലുണ്ടാവും. ജബൽ അലി പോർട്ടിൽ നിന്ന് 11 കിലോമീറ്ററും അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 15 കിലോമീറ്ററുമാണ് ഭാരത് മാർട്ടിലേക്കുള്ള ദൂരം.