Abudabi School Guidelines: മാറ്റവുമായി പുതിയ അധ്യയന വർഷം; മൊബൈൽ ഫോൺ പാടില്ല, ഹാജർ ഇങ്ങനെ… കർശന നിർദേശങ്ങളുമായി അബുദാബി
Abudabi New School Guidelines: വിദ്യാർഥികൾ സ്കൂൾ പരിസരത്ത് മൊബൈൽ ഫോണുകൾ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. അത്തരം വസ്തുക്കൾ കണ്ടുകെട്ടിയാൽ ഓദ്യോഗിക പെരുമാറ്റ നയം അനുസരിച്ച് നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും നിർദ്ദേശത്തിൽ പറയുന്നു.

Representational Image
അബുദാബി: പുതിയ അധ്യയന വർഷത്തിൽ പുത്തൻ മാറ്റങ്ങളുമായി പൊതു, സ്വകാര്യ സ്കൂളുകൾ. വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം സംബന്ധിച്ച് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. 2024–2025 അധ്യയന വർഷത്തിലെ മൂന്നാം ടേം ഏപ്രിൽ 14 തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് പുതിയ നിർദ്ദേശങ്ങൾ പുറത്തുവന്നിരിക്കുന്നത്. യുഎഇയിലെ എല്ലാ പൊതു, സ്വകാര്യ സ്കൂളുകൾക്കും മാർഗ്ഗനിർദ്ദേശങ്ങളും നിയന്ത്രണങ്ങളും ബാധകമായിരിക്കും.
വിദ്യാർഥികൾ സ്കൂൾ പരിസരത്ത് മൊബൈൽ ഫോണുകൾ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. അത്തരം വസ്തുക്കൾ കണ്ടുകെട്ടിയാൽ ഓദ്യോഗിക പെരുമാറ്റ നയം അനുസരിച്ച് നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും നിർദ്ദേശത്തിൽ പറയുന്നു. ഐപാഡുകൾ ഉൾപ്പെടെയുള്ളവയുടെ ഉപയോഗവും നിരോധിച്ചിട്ടുണ്ട്. അതേസമയം സ്കൂൾ സാധനങ്ങളോ പഠനവുമായി ബന്ധപ്പെട്ട് അധികൃതരുടെ അനുവാദത്തോടെയോ ലാപ്ടോപ്പുകൾ കൊണ്ടുവരാനുള്ള അനുവാദമുണ്ട്.
എല്ലാ വിദ്യാർഥികൾക്കും കൃത്യമായി ഹാജർ ഉണ്ടായിരിക്കണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. ഇതിന് ആവശ്യമായ മാർഗനിർദ്ദേശങ്ങളും ആവശ്യകതകളും സ്കൂളുകൾ ഇ-മെയിൽ, എസ്എംഎസ് വഴി രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്. ഓരോ ക്ലാസിനും ഹാജർ കർശനമായി ഇനി മുതൽ രേഖപ്പെടുത്തുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. ഒരുവിദ്യാർത്ഥിക്ക് അവരുടെ മൂന്ന് ക്ലാസുകൾ ഒരുദിവസം നഷ്ടമായാൽ അത് മുഴുവൻ ദിവസത്തെ ഹാജർ നഷ്ടപ്പെട്ടതിന് തുല്യമാക്കുമെന്നും നിർദ്ദേശം വ്യക്തമാക്കുന്നു.
സ്കൂൾ സന്ദർശിക്കുന്ന രക്ഷിതാക്കൾ ഔപചാരിക വസ്ത്രം ധരിക്കുകയും തിരിച്ചറിയൽ രേഖ ഹാജരാക്കുകയും വേണമെന്നും മാർഗനിർദ്ദേശത്തിൽ പരാമർശിക്കുന്നു. കൂടാതെ റിസപ്ഷനിൽ അവരുടെ വിശദാംശങ്ങൾ റജിസ്റ്റർ ചെയ്യുകയും വേണമെന്നും മന്ത്രാലയം വ്യക്തമാക്കി. മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് 2.10 ന് അവസാനിക്കും. വെള്ളിയാഴ്ചകളിൽ, സ്കൂൾ ദിനം രാവിലെ 10.30 ന് അവസാനിക്കും.