UAE Public Holidays: അല്പം ബുദ്ധിയുപയോഗിച്ചാൽ 13 ദിവസത്തെ അവധി 45 ദിവസമാക്കാം; ഇതാ ആ തന്ത്രം
UAE Public Holidays Smart Planning: ഈ വർഷം യുഎഇയിലെ പൊതു അവധികൾ 13 എണ്ണമാണെങ്കിലും 45 ദിവസം നീണ്ട അവധി ലഭിക്കാൻ ഒരു പൊടിക്കൈ ഉണ്ട്. പൊതു അവധികൾക്കൊപ്പം തന്ത്രപരമായി ശനിയും ഞായറും ഉപയോഗിച്ച് അവധി 45 ദിവസം ആക്കാനാവും.
2025ൽ യുഎഇയിലെ പൊതു അവധികൾ ആകെ 13 എണ്ണമാണ്. ഈ 13 അവധികൾ അല്പം ബുദ്ധി പ്രയോഗിച്ചാൽ 45 ദിവസമാക്കാം. പൊതു അവധികളും ശനി, ഞായർ ദിവസങ്ങളും കണക്കാക്കി പ്ലാൻ ചെയ്താൽ ആകെ ഒന്നര മാസം നീണ്ട അവധിയെടുക്കാൻ കഴിയും. ഇത് എങ്ങനെ കഴിയുമെന്ന് വിശദമായി പരിശോധിക്കാം.
ജനുവരി – മാർച്ച്
ജനുവരിയിൽ അഞ്ച് ദിവസം അവധിയെടുക്കാനാവും. എന്നാൽ, ഈ അവസരം കഴിഞ്ഞു. ഏപ്രിൽ മാസത്തിൽ ആകെ 9 അവധിയെടുക്കാം. ചെറിയ പെരുന്നാളുമായി ബന്ധപ്പെട്ട് നാല് അവധിയാണ് ഏപ്രിൽ മാസത്തിലുള്ളത്. യുഎഇ മന്ത്രിസഭയുടെ തീരുമാനപ്രകാരം റമദാൻ മാസത്തിന് ശേഷമുള്ള ശവ്വാൽ മാസത്തിലെ ആദ്യ മൂന്ന് ദിവസം പൊതു അവധിയാണ്. ഇതിൽ ആദ്യത്തെ ദിവസമാണ് ചെറിയ പെരുന്നാൾ. റമദാൻ 30 ദിവസം ആണെങ്കിൽ 30ആം തീയതിയും അവധിയായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരത്തിൽ പൊതു അവധി തന്നെ മൂന്നോ നാലോ ലഭിക്കും. മാർച്ച് ഒന്നിന് റമദാൻ ആരംഭിച്ചാൽ മാർച്ച് 31നാവും ചെറിയ പെരുന്നാൾ. മാർച്ച് 30, 31, ഏപ്രിൽ ഒന്ന്, രണ്ട് ദിവസങ്ങളിൽ പൊതു അവധിയായിരിക്കും. ഏപ്രിൽ മൂന്ന്, നാല് (വ്യാഴം , വെള്ളി) ദിവസങ്ങളിൽ അവധിയെടുത്താൽ അഞ്ച്, ആറ് (ശനി, ഞായർ) ഉൾപ്പെടെ ആകെ 9 ദിവസം തുടർച്ചയായി അവധി ലഭിക്കും.
ജൂൺ- ജൂലായ്
ജൂണുൽ ആകെ 10 ദിവസം അവധിയെടുക്കാം. അറഫ ദിനവും ബലിപെരുന്നാളുമാണ് ഈ മാസത്തെ പ്രധാന പൊതു അവധികൾ. അറഫ ദിനവും ബലിപെരുന്നാളും ഉൾപ്പെടെ ആകെ നാല് ദിവസമാണ് പൊതു അവധി. അറഫ ദിനം ജൂൺ ആറ് വെള്ളിയാഴ്ചയാവാനാണ് സാധ്യത. ഈ ദിവസം അവധിയാവുമെന്ന് ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. ജൂൺ ഏഴ് ശനിയാഴ്ച മുതൽ ജൂൺ 9 തിങ്കളാഴ്ച വരെയാണ് ബലിപെരുന്നാൾ അവധി. ജൂൺ 10 ചൊവ്വാഴ്ച മുതൽ 13 വെള്ളി വരെ അവധിയെടുത്താൽ 14, 15 (ശനി, ഞായർ) ഉൾപ്പെടെ ആകെ അവധി 10.
ജൂലായ് മാസത്തിൽ മൂന്ന് അവധിയ്ക്ക് വകുപ്പുണ്ട്. മുഹറം ഒന്ന് ഇസ്ലാമിക് പുതുവർഷമാണ്. ഇത് ജൂൺ 27 വെള്ളിയാഴ്ചയായിരിക്കും. 28, 29 തീയതികൾ ശനിയും ഞായറുമായതിനാൽ ആകെ ലഭിക്കുക മൂന്ന് അവധികൾ.
സെപ്തംബർ – ഡിസംബർ
സെപ്തംബറിൽ ആകെ 9 അവധികൾ ലഭിക്കും. മുഹമ്മദ് നബിയുടെ പിറന്നാൾ സെപ്തംബറിലാണ്. സെപ്തംബർ അഞ്ചിനാണ് റബിഉൽ അവ്വൽ 12, അതായത് നബിയുടെ ജന്മദിനം. സെപ്തംബർ അഞ്ച് വെള്ളിയാഴ്ചയാണ്. പ്രത്യേകം അവധികൾ എടുത്തില്ലെങ്കിലും ആകെ മൂന്ന് അവധി ലഭിക്കും. ഇനി സെപ്തംബർ ഒന്ന് മുതൽ നാല് ദിവസത്തെ അവധിയെടുത്താൽ ഓഗസ്റ്റ് 30, 31 (ശനി, ഞായർ) സഹിതം ആകെ 9 അവധികൾ ലഭിക്കും.
ഡിസംബറിലും 9 അവധികളാണ് ലഭിക്കുക. യുഎഎ ദേശീയ ദിനം ഡിസംബറിലാണ്. ഡിസംബർ രണ്ട്, മൂന്ന് (ചൊവ്വ, ബുധൻ) ദിവസങ്ങൾ ദേശീയ ദിനത്തിൻ്റെ അവധികളാണ്. എന്നാൽ, ഡിസംബർ ഒന്ന്, നാല് അഞ്ച്, തീയതികളിൽ അവധിയെടുത്താൽ രണ്ട് ആഴ്ചകളിലെ ശനിയും ഞായറും ഉൾപ്പെടെ 9 അവധികൾ ലഭിക്കും.