5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UAE Protest : പ്രസിഡൻ്റ് മാപ്പ് നൽകി; യുഎഇയിൽ പ്രതിഷേധിച്ച ബംഗ്ലാദേശികൾക്ക് മോചനം, നാട്ടിലേക്ക് തിരിച്ചയയ്ക്കും

UAE Protest President Pardons : യുഎഇയിൽ പ്രതിഷേധിച്ച ബംഗ്ലാദേശികൾക്ക് മോചനം. ഇവർക്ക് മാപ്പ് നൽകിയ പ്രസിഡൻ്റ് ഇവരെ നാട്ടിലേക്ക് തിരിച്ചയക്കാൻ പ്രസിഡൻ്റ് നിർദ്ദേശം നൽകി.

UAE Protest : പ്രസിഡൻ്റ് മാപ്പ് നൽകി; യുഎഇയിൽ പ്രതിഷേധിച്ച ബംഗ്ലാദേശികൾക്ക് മോചനം, നാട്ടിലേക്ക് തിരിച്ചയയ്ക്കും
UAE Protest President Pardons (Image Courtesy - Wiktor Szymanowicz/Future Publishing via Getty Images)
abdul-basith
Abdul Basith | Published: 03 Sep 2024 13:04 PM

പ്രസിഡൻ്റ് മാപ്പ് നൽകിയതോടെ യുഎഇയിൽ പ്രതിഷേധിച്ച ബംഗ്ലാദേശ് സ്വദേശികൾക്ക് മോചനം. ഇവരുടെ ശിക്ഷ ഒഴിവാക്കാൻ പ്രസിഡൻ്റ് മുഹമ്മദ് ബിൻ സായെദ് അധികൃതർക്ക് നിർദ്ദേശം നൽകി. ഇവരെ നാട്ടിലേക്ക് തിരിച്ചയയ്ക്കാനും പ്രസിഡൻ്റ് നിർദ്ദേശം നൽകി. ബംഗ്ലാദേശിലെ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ചില ബംഗ്ലാദേശികൾ യുഎഇയിൽ പ്രതിഷേധം (Bangladesh Protest) നടത്തിയത്. ഇതേ തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രസിഡൻ്റിൻ്റെ നിർദ്ദേശത്തെ തുടർന്ന് അറ്റോർണി ജനറൽ ഡോ ഹമദ് അൽ ഷംസി പ്രതികളുടെ ശിക്ഷ ഒഴിവാക്കി നാട്ടിലേക്കയക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ നിർദ്ദേശം നൽകി. രാജ്യത്ത് താമസിക്കുന്നവർ രാജ്യത്തിൻ്റെ നിയമം പാലിക്കണം. അഭിപ്രായ പ്രകടനത്തിന് അനുവാദമുണ്ട്. എന്നാൽ, അത് മറികടക്കരുത്. അത് രാജ്യത്തിൻ്റെയും പൗരന്മാരുടെയും താത്പര്യങ്ങൾക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു.

Also Read : Bangladesh National Day: ഓഗസ്റ്റ് 15 ദേശീയ ദിനമായി ആചരിക്കേണ്ട…; കരട് തയ്യാറാക്കി ബംഗ്ലാദേശ് സർക്കാർ

സ്വന്തം സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തെ തുടർന്ന് യുഎഇയിൽ സമരത്തിനിറങ്ങിയ ബംഗ്ലാദേശികളെയാണ് ജൂലായ് 22ന് അറസ്റ്റ് ചെയ്തത്. ഇവരിൽ മൂന്ന് പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുകയായിരുന്നു. ബാക്കി 54 പേർക്ക് തടവ് ശിക്ഷയും ശേഷം ഇവരെ ബംഗ്ലാദേശിലേക്ക് നാടുകടത്താനുമായിരുന്നു വിധി. 53 പേർക്ക് 10 വർഷം തടവും ഒരാൾക്ക് 11 വർഷം തടവുമാണ് വിധിച്ചിരുന്നത്. രാജ്യത്ത് നിയമവിരുദ്ധമായി കൂട്ടം ചേർന്നതിനായിരുന്നു ശിക്ഷ. പ്രതിഷേധം സംഘടിപ്പിച്ച മൂന്ന് പേർക്കെതിരെയായിരുന്നു ജീവപര്യന്തം തടവ് വിധിച്ചിരുന്നത്.

നാട്ടിൽ നടക്കുന്ന ഈ സമരത്തിൻ്റെ ഭാഗമായാണ് യുഎഇയില്‍ ജോലി ചെയ്യുന്ന ബംഗ്ലാദേശികളും സമരം സംഘടിപ്പിച്ചത്. യുഎഇയില്‍ പരസ്യപ്രതിഷേധത്തിന് വിലക്കുണ്ട്. ഇത് മറികടന്നായിരുന്നു ബംഗ്ലാദേശികളുടെ സമരം. സമരക്കാർ ഗതാഗതം നടത്തിയാണ് പ്രതിഷേധിച്ചതെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. സമരക്കാർ പൊതു – സ്വകാര്യ സ്വത്തുക്കൾ നശിപ്പിച്ചു. കൂടുതൽ ആളുകളെ പ്രതിഷേധത്തിൻ്റെ ഭാഗമാവാൻ ക്ഷണിച്ചു. സമാനമായ രീതിയിൽ രാജ്യത്തിൻ്റെ എല്ലാ ഭാഗത്തും പ്രതിഷേധിക്കാൻ ഇവർ ആവശ്യപ്പെട്ടു എന്നും പ്രോസിക്യൂഷൻ പറഞ്ഞു.

മാസങ്ങൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെക്കുകയും ഇടക്കാല സർക്കാർ അധികാരത്തിലേറുകയും ചെയ്തിരുന്നു. ഓഗസ്റ്റ് 15 ദേശീയ ദിനമായി ആചരിക്കുന്നത് ഒഴിവാക്കാൻ ഇടക്കാല സർക്കാർ കരട് തയ്യാറാക്കിയിരുന്നു. 1975 ഓഗസ്റ്റ് 15നാണ് ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവായ ഷെയ്ഖ് മുജിബുർ റഹ്മാൻ കൊലചെയ്യപ്പെട്ടത്. അന്ന് മുതൽ ആ ദിവസം രാജ്യത്ത് വിലാപദിനമായി ആചരിക്കുന്നതിനാൽ അവധി ദിനമാണ്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവാണ് മുജിബു‍ർ റഹ്മാൻ.

ദേശീയ ദിനം മാറ്റുന്നതിന് പുറമെ കഴിഞ്ഞ സ‍ർക്കാരിന്റെ കാലത്തുകൊണ്ടുവന്ന തീരുമാനങ്ങളും സംവിധാനങ്ങളും നീക്കം ചെയ്യാനും ഇടക്കാല സ‍ർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ ഭാ​ഗമായി ബം​ഗ്ലാദേശ് പൊലീസിന്റെ യൂണിഫോമിൽ മാറ്റം വരുത്തുമെന്നാണ് സൂചന. പൊലീസ് യൂണിഫോമിന്റെ ഭാ​ഗമായ ബോട്ടിന്റെ ലോ​​​ഗോയിലാണ് മാറ്റം വരുത്തുക. അവാമി ലീ​ഗിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമാണ് ഈ ലോ​ഗോ. യൂണിഫോമിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് 10 അം​ഗ കമ്മിറ്റിയെ തിരഞ്ഞെടുത്തിട്ടുണ്ട്. കമ്മിറ്റി ഒരാഴ്ചയ്ക്കുള്ളിൽ പുതിയ ലോ​ഗോയും യൂണിഫോമും സംബന്ധിച്ച റിപ്പോ‍ർട്ട് സമർപ്പിക്കണമെന്നാണ് ആവശ്യം.

ബംഗ്ലാദേശിലെ ക്വാട്ട സംവരണവിരുദ്ധ സമരത്തിൽ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമാവുകയായിരുന്നു. 1971ലെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലികളിൽ 30 ശതമാനം സംവരണം അനുവദിച്ചതിനു എതിരെയുള്ള വിദ്യാർത്ഥി പ്രക്ഷോഭം പിന്നീട് വ്യാപകമായ അക്രമ സംഭവങ്ങളിലേക്ക് നീങ്ങുകയായിരുന്നു.

Also Read : UAE Protest : സ്വന്തം സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം; യുഎഇയിൽ സമരത്തിനിറങ്ങി ബംഗ്ലാദേശികൾ; നിരവധി പേർ അറസ്റ്റിൽ

എന്നാൽ വ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് 2018-ൽ ഈ ക്വാട്ട നിർത്തലാക്കിയെങ്കിലും ഇത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞ ജൂൺ അഞ്ചിന് കോടതി ഈ നിയമം പുനഃസ്ഥാപിച്ചു. പുതിയ സമ്പ്രദായം തങ്ങളുടെ തൊഴിലവസരങ്ങൾ പരിമിതപ്പെടുത്തുമെന്ന ആശങ്കയിലാണ് പൊതു-സ്വകാര്യ സർവകലാശാലകളിലെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രം​ഗത്തു വന്നത്. സ്ത്രീകൾ, വംശീയ ന്യൂനപക്ഷങ്ങൾ, വികലാംഗർ എന്നിവർക്കുള്ള സംവരണത്തെ അവർ പിന്തുണയ്ക്കുമ്പോൾ, യുദ്ധ സേനാനികളുടെ പിൻഗാമികൾക്കുള്ള 30 ശതമാനം സംവരണം നിർത്തലാക്കണമെന്ന് പ്രതിഷേധക്കാർ അവശ്യപ്പെട്ടു

ഈ വർഷം ജനുവരിയിലാണ് ഷെയ്ഖ് ഹസീന വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തിയത്. ഏകപക്ഷീയമായിരുന്നു ബംഗ്ലാദേശിൽ നടന്ന ആ തിരഞ്ഞെടുപ്പ്. വിശ്വാസ്യതയില്ലെന്നു പറഞ്ഞ് പ്രധാന പ്രതിപക്ഷകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും (ബിഎൻപി) സഖ്യകക്ഷികളും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. അതോടെ വോട്ടെടുപ്പ് നടന്ന 299 മണ്ഡലങ്ങളിൽ 223-ലും ഭരണകക്ഷിയായ അവാമി ലീഗ് വിജയം കൈവരിച്ചു. അങ്ങനെ ബംഗ്ലാദേശ് സ്ഥാപകൻ ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ മകൾ ഷെയ്ഖ് ഹസീന തുടർച്ചയായി നാലാമതും പ്രധാനമന്ത്രിയാവുകയായിരുന്നു.