UAE Marriage Law: യുഎഇയിൽ ഇനി വിവാഹം എളുപ്പമാവില്ല; പങ്കാളിയെ തിരഞ്ഞെടുക്കാൻ സ്ത്രീകൾക്ക് പൂർണ അവകാശം
UAE Marriage Laws: യുഎഇയിലെ പുതിയ വിവാഹനിയമമനുസരിച്ച് സ്ത്രീകൾക്ക് ഇനി തങ്ങളുടെ പങ്കാളികളെ തിരഞ്ഞെടുക്കാൻ പൂർണ അവകാശമുണ്ടാവും. ഏപ്രിൽ 15 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നിയമം രാജ്യത്ത് മറ്റൊരു സംസ്കാരത്തിന് തന്നെ രൂപം നൽകുമെന്നാണ് കരുതപ്പെടുന്നത്.

പങ്കാളിയെ തിരഞ്ഞെടുക്കാൻ സ്ത്രീകൾക്ക് പൂർണ അവകാശം നൽകുന്നതടക്കമുള്ള നിയമങ്ങൾ യുഎഇയിൽ പ്രാബല്യത്തിൽ വരികയാണ്. ഏപ്രിൽ 15 മുതലാണ് രാജ്യത്തെ വിവാഹ, കസ്റ്റഡി നിയമങ്ങൾ പൊളിച്ചെഴുതിയുള്ള പുതിയ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരിക. പുതിയ നിയമങ്ങൾ പ്രകാരം പുരുഷന്മാർക്ക് ഇനി യുഎഇയിൽ വിവാഹം കഴിയ്ക്കുക അത്ര എളുപ്പമല്ലെന്നാണ് വിലയിരുത്തൽ. കുടുംബക്കാർ തമ്മിൽ തീരുമാനിച്ചുള്ള വിവാഹങ്ങളൊക്കെ റദ്ദ് ചെയ്യാൻ സ്ത്രീകൾക്ക് അവകാശം ലഭിക്കുക വഴി പുതിയ ഒരു സംസ്കാരം തന്നെ യുഎഇയിൽ രൂപപ്പെടാനാണ് സാധ്യത.
പുതിയ നിയമപരിഷ്കരണത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്ത്രീകൾക്ക് തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള പങ്കാളിയെ കണ്ടെത്താനുള്ള അവകാശം. വീട്ടുകാർ തീരുമാനിച്ച വിവാഹത്തിന് സമ്മതമല്ലെങ്കിൽ തൻ്റെ വിവാഹം നടത്താനുള്ള അവകാശം വീട്ടുകാരിൽ നിന്നെടുത്ത് കോടതിയെ ഏല്പിക്കാം. ഇങ്ങനെ വിവാഹം നടത്തിപ്പിനുള്ള അവകാശം കോടതിയ്ക്ക് കൈമാറുന്നതിലൂടെ തങ്ങൾക്ക് ഇഷ്ടമുള്ള പങ്കാളിയെ സ്ത്രീകൾക്ക് തിരഞ്ഞെടുക്കാം. ഇങ്ങനെ സ്ത്രീകളുടെ അനുവാദമില്ലാതെ, നിർബന്ധപൂർവം കുടുംബക്കാർ തമ്മിൽ നടത്തുന്ന വിവാഹങ്ങൾ കുറയ്ക്കാൻ ഈ നിയമം സഹായിക്കും.
കുടുംബക്കാർ തമ്മിൽ തീരുമാനിച്ചുറപ്പിയ്ക്കുന്ന വിവാഹങ്ങളിൽ സമ്മതിക്കേണ്ടിവരുന്ന സ്ത്രീകൾ വിവാഹജീവിതത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കാറുണ്ടായിരുന്നു. സ്ത്രീകൾക്ക് തങ്ങളുടെ വിവാഹത്തിന്മേൽ വളരെ കുറച്ച് മാത്രം അവകാശം നൽകുമായിരുന്ന പഴയ പതിവ് പുതിയ നിയമപരിഷ്കരണം പ്രാബല്യത്തിൽ വരുന്നതോടെ കാലഹരണപ്പെടും. ഇത് സ്ത്രീകൾക്ക് തങ്ങളുടെ ജീവിതത്തിൽ കുറച്ചുകൂടി സ്വാതന്ത്ര്യവും നിയന്ത്രണവും നൽകും.
മറ്റ് പ്രധാന നിയമപരിഷ്കാരങ്ങൾ
വിവാഹനിശ്ചയത്തിന് ശേഷം വിവാഹം നടന്നില്ലെങ്കിൽ ലഭിച്ച സ്ത്രീധനവും സമ്മാനങ്ങളും എന്താണ് ചെയ്യേണ്ടതെന്ന് പുതിയ നിയമപരിഷ്കരണങ്ങളിൽ പറയുന്നു. ഇത് രണ്ടും തിരികെനൽകണം. 25,000 ദിർഹമിന് മുകളിൽ മൂല്യമുള്ള സമ്മാനങ്ങൾ തിരികെനൽകുകയോ നഷ്ടപ്പെട്ടാൽ തത്തുല്യമായ തുക നൽകുകയോ വേണം. വിവാഹബന്ധം തുടരാൻ ബുദ്ധിമുട്ടായാൽ വിവാഹമോചനം തേടാൻ ഇനി ഏറെ ബുദ്ധിമുട്ടേണ്ടതില്ല. ഭാര്യയോ ഭർത്താവോ മദ്യം, മയക്കുമരുന്ന്, മറ്റ് ഡ്രഗ്സുകൾ തുടങ്ങിയവയുടെ അടിമകളാണെന്ന കാരണം വിവാഹമോചനം തേടാനുള്ള കാരണമാക്കിയിട്ടുണ്ട്. വിവാഹമോചിതരായ ദമ്പതിമാർക്ക് സ്വന്തം മക്കളിലുള്ള കസ്റ്റഡി അവകാശം ഇനി മുതൽ മക്കൾക്ക് 18 വയസ് പൂർത്തിയാവുന്ന സമയം വരെ ആയിരിക്കും. നേരത്തെ, ആൺകുട്ടികൾക്ക് 11 വയസും പെൺകുട്ടികൾക്ക് 13 വയസുമായിരുന്നു. ഇതിലാണ് മാറ്റം വരുത്തിയത്. 15 വയസായാൽ കുട്ടികൾക്ക് മാതാപിതാക്കളിൽ ആർക്കൊപ്പം കഴിയണമെന്ന് തീരുമാനിക്കാം.