5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UAE Work Permit: നിയമം ലംഘിച്ച് വീട്ടുജോലിക്ക് ആളെ വച്ചാൽ ഒരു വർഷം തടവും 10 ലക്ഷം ദിർഹം പിഴയും

UAE Illegal Employment: മന്ത്രാലയത്തിൽ നിന്ന് വർക്ക് പെർമിറ്റ് നേടുന്ന ഏതൊരു വ്യക്തിയും തൊഴിൽ നിയമങ്ങളുടെ പരിധിയിൽ വരുമെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളമുള്ള നിയമവിരുദ്ധ തൊഴിൽ മേഖലകൾ കണ്ടെത്തുന്നതിനായാണ് നടപടി കടുപ്പിച്ചിരിക്കുന്നത്.

UAE Work Permit: നിയമം ലംഘിച്ച് വീട്ടുജോലിക്ക് ആളെ വച്ചാൽ ഒരു വർഷം തടവും 10 ലക്ഷം ദിർഹം പിഴയും
പ്രതീകാത്മക ചിത്രംImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 21 Mar 2025 07:31 AM

അബുദാബി: വർക്ക് പെർമിറ്റ് ഇല്ലാതെ വീട്ടുജോലിക്കോ സ്ഥാപനങ്ങളിലോ ആളുകളെ ജോലിക്കായി നിയമിക്കുന്നതിനെതിരേ കർശന നടപടിയ്ക്കൊരുങ്ങി യുഎഇ. പരീക്ഷണാടിസ്ഥാനത്തിൽ പോലും നിയമവിരുദ്ധമായി ജോലിക്ക് ആളുകളെ വയ്ക്കുന്നവർക്കെതിരെ കർസന നടപടി സ്വീകരിക്കുമെന്നാണ് ഭരണകൂടം അറിയിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും തൊഴിലുടമകൾക്കും ഉൾപ്പെടെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

സാധുവായ പെർമിറ്റ് ഇല്ലാതെ തൊഴിലാളികളെ നിയമിക്കുന്ന തൊഴിലുടമകളുടെ പ്രവർത്തിയെ യുഎഇ തൊഴിൽ ബന്ധ നിയമത്തിന്റെ ലംഘനമായി കണക്കാക്കും. അതേസമയം മന്ത്രാലയത്തിൽ നിന്ന് വർക്ക് പെർമിറ്റ് നേടുന്ന ഏതൊരു വ്യക്തിയും തൊഴിൽ നിയമങ്ങളുടെ പരിധിയിൽ വരുമെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളമുള്ള നിയമവിരുദ്ധ തൊഴിൽ മേഖലകൾ കണ്ടെത്തുന്നതിനായാണ് നടപടി കടുപ്പിച്ചിരിക്കുന്നത്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) എന്നിവയുമായി സഹകരിച്ചാണ് മന്ത്രാലയം സംയുക്ത പരിശോധനകൾ നടത്തുന്നത്.

ലൈസൻസില്ലാതെ ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗാർഹിക തൊഴിലാളികളെക്കുറിച്ചുള്ള ഫെഡറൽ ഡിക്രി-നിയമത്തിലെ ആർട്ടിക്കിൾ 27 പ്രകാരം, കുറഞ്ഞത് ഒരു വർഷം തടവും 200,000 ദിർഹം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കാവുന്ന കുറ്റവുമാണ്. ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയും പരിശോധിച്ചുറപ്പിച്ച ശേഷം ലൈസൻസുള്ള റിക്രൂട്ട്‌മെന്റ് ഏജൻസികളിലൂടെ മാത്രമെ നിയമനം നടത്താവൂ എന്നും തൊഴിലുടമകളോട് അധികൃതർ പറഞ്ഞു.

ഇത്തരം ഏജൻസികൾ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നതെന്നും, എമിറാത്തികൾക്കും പ്രവാസി കുടുംബങ്ങൾക്കും ഉയർന്ന നിലവാരമുള്ള സേവനങ്ങൾ അതിലൂടെ ഉറപ്പാക്കാൻ കഴിയുമെന്നും നിർദ്ദേശത്തിൽ പറയുന്നു. സമീപകാലത്ത് നിയമനിർമ്മാണത്തിൽ വരുത്തിയ ഭേദഗതികൾ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും സംരക്ഷണം ശക്തിപ്പെടുത്തുന്നതാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.