UAE: അമേരിക്ക ഉപരോധിച്ച ഏഴ് കമ്പനികൾക്ക് രാജ്യത്ത് പ്രവർത്തിക്കാൻ അനുവാദമില്ല; പട്ടിക പുറത്തുവിട്ട് യുഎഇ
USA Sanctioned Companies In UAE: അമേരിക്ക ഉപരോധിച്ച കമ്പനികൾ രാജ്യത്ത് പ്രവർത്തിക്കുന്നില്ലെന്നും അവയ്ക്കൊന്നും ലൈസൻസ് ഇല്ലെന്നും യുഎഇ. ഏഴ് കമ്പനികൾ ഏതൊക്കെയാണെന്ന പട്ടികയും യുഎഇ നിയമമന്ത്രാലയം പുറത്തുവിട്ടു.

അമേരിക്ക ഉപരോധിച്ച ഏഴ് കമ്പനികൾക്ക് രാജ്യത്ത് പ്രവർത്തിക്കാൻ അനുവാദമില്ലെന്ന് യുഎഇ. സുഡാൻ ആഭ്യന്തര യുദ്ധവുമായി ബന്ധമുണ്ടെന്ന് കാട്ടി അമേരിക്ക ഉപരോധിച്ച കമ്പനികൾക്കാണ് രാജ്യത്ത് പ്രവർത്തിക്കാനുള്ള ലൈസൻസ് ഇല്ലെന്ന് നിയമ മന്ത്രാലയം അറിയിച്ചത്. 2025 ജനുവരി ഏഴിനാണ് യുഎഇ ആസ്ഥാനമായ ഏഴ് കമ്പനികളെ അമേരിക്ക ഉപരോധിച്ചത്.
ക്യാപിറ്റൽ ടാപ് ഹോൾഡിങ് എൽഎൽസി, കാപിറ്റൽ ടാപ് മാനേജ്മെൻ്റ് കൺസൾട്ടൻസീസ് എൽഎൽസി, കാപിറ്റൽ ടാപ് ജനറൽ ട്രേഡിങ് എൽഎൽസി, ക്രിയേറ്റിവ് പൈഥൺ എൽഎൽസി, അൽ സുമൊറൂദ് ആൻഡ് അൽ യാഖൂത് ഗോൾഡ് ആൻഡ് ജുവലേഴ്സ് എൽഎൽസി, അൽ ജിൽ അൽ ഖദം ജനറൽ ട്രേഡിങ് എൽഎൽസി, ഹൊറൈസൺ അഡ്വാൻസ്ഡ് സൊല്യൂഷൻസ് ജനറൽ ട്രേഡിങ് എൽഎൽസി എന്നിവയാണ് ഉപരോധിച്ച കമ്പനികൾ. അമേരിക്കയുടെ ഉപരോധത്തിന് പിന്നാലെ യുഎഇ സ്വയം അന്വേഷണം നടത്തിയിരുന്നു. കമ്പനിയെപ്പറ്റിയും കമ്പനി ഭാരവാഹികളെപ്പറ്റിയും അധികൃതർ അന്വേഷിച്ചു. അന്വേഷണത്തിന് അമേരിക്കയിൽ നിന്ന് സഹായവും തേടിയിരുന്നു.
ഈ ഏഴ് കമ്പനികൾക്കും യുഎഇയിൽ പ്രവർത്തിക്കാനുള്ള അംഗീകൃത വാണിജ്യ ലൈസൻസ് ഇല്ലെന്ന് അധികൃതർ പറഞ്ഞു. ഈ കമ്പനികൾ ഇപ്പോൾ യുഎഇയിൽ പ്രവർത്തിക്കുന്നില്ലെന്നും നിയമ മന്ത്രാലയം അറിയിച്ചു. നിയമവിരുദ്ധപ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്ന പരിശോധന തുടരുമെന്നും അധികൃതർ വ്യക്തമാക്കി.