UAE Big Ticket: യുഎഇ ബിഗ് ടിക്കറ്റിൻ്റെ 34 കോടി രൂപയടിച്ചത് മലയാളിയ്ക്ക്; ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ ആളെ കണ്ടെത്തിയെന്ന് അധികൃതർ
UAE Big Ticket Won By A Malayali: യുഎഇ ബിഗ് ടിക്കറ്റിൻ്റെ 34 കോടി രൂപ നേടി മലയാളി. ഒമാനിൽ 33 വർഷമായി താമസിക്കുന്ന മലയാളിയ്ക്കാണ് 15 മില്ല്യൺ ദിർഹം അടിച്ചത്.

യുഎഇ ബിഗ് ടിക്കറ്റിൻ്റെ 34 കോടി രൂപ അടിച്ചത് മലയാളിയ്ക്ക്. ഏപ്രിൽ മൂന്നിന് നറുക്കെടുത്ത യുഎഇ ബിഗ് ടിക്കറ്റിൻ്റെ 15 മില്ല്യൺ ദിർഹമാണ് ഒമാനിൽ താമസിക്കുന്ന മലയാളി രാജേഷ് മുള്ളങ്കിൽ വെള്ളിലപുള്ളിത്തൊടിയ്ക്ക് അടിച്ചത്. ഏപ്രിൽ നാലിലെ വിനിമയ നിരക്കനുസരിച്ച് ഇത് ഏകദേശം 34 കോടി 80 ലക്ഷം രൂപയ്ക്ക് മുകളിൽ വരും.
മാർച്ച് 30ന് രാജേഷ് വാങ്ങിയ 375678 നമ്പരിലുള്ള ടിക്കറ്റാണ് സമ്മാനാർഹമായത്. സമാനമടിച്ച വിവരം അറിയിക്കാൻ രാജേഷിനെ വിളിച്ചെങ്കിലും ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്ന് യുഎഇ ബിഗ് ടിക്കറ്റ് അധികൃതർ പറഞ്ഞു. ഏറെ സമയത്തിന് ശേഷം ഇയാൾ തിരികെ ബന്ധപ്പെട്ടെന്നും സന്തോഷവാർത്ത അറിയിച്ചു എന്നും അധികൃതർ വ്യക്തമാക്കി.
45 വയസുകാരനായ ടെക്നീഷ്യനാണ് രാജേഷ്. 33 വർഷമായി ഇയാൾ ഒമാനിലാണ് താമസിക്കുന്നത്. തുടരെ രണ്ട് വർഷം ബിഗ് ടിക്കെടുത്ത് ഭാഗ്യം പരീക്ഷിക്കുകയാണ് രാജേഷ്. ഒടുവിലാണ് ലോട്ടറി അടിച്ചത്. “എനിക്ക് ഇത് പറയാൻ വാക്കുകൾ കിട്ടുന്നില്ല. വിവരമറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. അതിന് കുറച്ചുമുൻപ് എൻ്റെ പാർട്ണർ പറഞ്ഞിരുന്നു, നറുക്കെടുപ്പ് ഫലം നോക്കാൻ. പക്ഷേ, വിജയിക്കുമെന്ന് ഞാൻ വിചാരിച്ചതേയില്ല. ഇതുവരെ പ്രത്യേക പദ്ധതികളില്ല. സുഹൃത്തുക്കളുമായിച്ചേർന്നാണ് ടിക്കറ്റെടുത്തത്. ഞങ്ങൾ തമ്മിൽ സമ്മാനത്തുക വീതിക്കും. ഇനിയും ബിഗ് ടിക്കറ്റ് എടുക്കും. “- രാജേഷ് പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.
ബിഗ് വിൻ കോണ്ടസ്റ്റും ബിഗ് ടിക്കറ്റ് ഇതിനൊപ്പം അവതരിപ്പിക്കുന്നുണ്ട്. മെയ് മൂന്നിന് നടക്കുന്ന തത്സമയ നറുക്കെടുപ്പ് കാണാൻ നാല് പേർക്ക് അവസരം ലഭിക്കും. അവർക്ക് 20,000 ദിർഹം മുതൽ ഒന്നര ലക്ഷം ദിർഹം വരെ ഉറപ്പായ സമ്മാനങ്ങൾ ലഭിക്കും. മെയ് ഒന്നിന് ഈ നാല് പേരുടെ പട്ടിക ബിഗ് ടിക്കറ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഏപ്രിൽ 1 മുതൽ 24 വരെയുള്ള സമയത്ത് രണ്ടിലധികം ടിക്കറ്റുകൾ വാങ്ങിയവരിൽ നിന്നാണ് ഈ നാല് പേരെ തിരഞ്ഞെടുക്കുക.