UAE Short Term Loans : യുഎഇയിൽ ഇനി അടിയന്തരാവശ്യങ്ങൾക്ക് ചെറുവായ്പകൾ; യോഗ്യത കണക്കാക്കുന്നത് ശമ്പളം പരിഗണിച്ച്
UAE Banks To Introduce Short Term Loans : കുറഞ്ഞ കാല തിരിച്ചടവ് കാലാവധിയുള്ള, ചെറുവായ്പകൾ അവതരിപ്പിച്ച് യുഎഇയിലെ ബാങ്കുകൾ. മാസശമ്പളം പരിഗണിച്ച് ഉപഭോക്താക്കൾക്ക് ബാങ്കുകൾ വായ്പ നൽകും. മൈക്രോഫിനാൻസ് മേഖല ലക്ഷ്യമിട്ടാണ് ബാങ്കുകളുടെ നീക്കം.
അടിയന്തരാവശ്യങ്ങൾക്കായി ചെറുവായ്പകൾ അവതരിപ്പിച്ച് യുഎഇയിലെ ബാങ്കുകൾ. കുറഞ്ഞ തിരിച്ചടവ് കാലാവധിയുള്ള ഈ വായ്പകൾ ലഭിക്കാനുള്ള യോഗ്യത കണക്കാക്കുന്നത് മാസശമ്പളം പരിഗണിച്ചാണ്. രാജ്യത്തെ മുൻനിര ബാങ്കുകൾ മൈക്രോഫിനാൻസ് മേഖലയിലേക്ക് പ്രവേശിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ നീക്കം.
അടിയന്തരാവശ്യങ്ങൾക്കുള്ള വായ്പകൾക്ക് നേരത്തെ മുതലേ ആവശ്യക്കാരുണ്ട്. ഈ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ബാങ്കുകൾ ചെറുവായ്പകൾ അവതരിപ്പിച്ചിരിക്കുന്നത്. കൃത്യസമയത്ത് ഇവർ വായ്പകൾ തിരിച്ചടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ബാങ്കുകൾ ശ്രമിക്കും. രാജ്യത്തെ പ്രധാന ബാങ്കുകളിലൊന്നായ റാക്ബാങ്ക് പ്രതിമാസം 70 മുതൽ 4500 ദിർഹം വരെ ശമ്പളം വാങ്ങുന്നവർക്ക് ചെറുവായ്പകൾ നൽകും. “ഉപഭോക്താക്കൾക്ക് 1500 ദിർഹം വരെ ശമ്പളത്തിൻ്റെ 50 ശതമാനം വായ്പ വാങ്ങാം. ഈ തുക ഉപഭോക്താക്കളുടെ ശമ്പള കാർഡിലേക്കാവും ക്രെഡിറ്റാവുക. ഈ തുക അടുത്ത ശമ്പളത്തിൽ നിന്ന് തിരിച്ചടയ്ക്കാം.”- ബാങ്ക് സിഇഒ റഹീൽ അഹ്മദ് പറഞ്ഞതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
Also Read : Bahrain News: 38 വർഷം ബഹ്‌റൈനിൽ ജീവിതം; അവസാനം രമേശൻ വീട് കണ്ടു
സ്വകാര്യമേഖലയിൽ ഇത്തരം ചെറുവായ്പകൾ നൽകുന്ന കമ്പനികളുണ്ട്. എന്നാൽ, ഇവർ വാങ്ങുന്നത് കഴുത്തറുക്കുന്ന പലിശയാണ്. ഇത്രയധികം പലിശ നൽകാതെ ഉപഭോക്താക്കൾക്ക് ഇത്തരം വായ്പകളെടുക്കാൻ കഴിയും. റാക്ബാങ്കിൻ്റെ ചുവടുപിടിച്ച് മറ്റ് ചില ബാങ്കുകളും മൈക്രോഫിനാൻസ് മേഖലയിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്. സാധാരണയായി വലിയ തുകയും ദീർഘകാല വായ്പകളുമാണ് ബാങ്കുകൾ പരിഗണിച്ചിരുന്നത്. സ്വകാര്യ വായ്പകളോ ഭവന വായ്പകളോ ഒക്കെ ഇത്തരത്തിലായിരുന്നു ബാങ്കുകൾ നൽകിവന്നിരുന്നത്. എന്നാൽ, അടിയന്തരാവശ്യങ്ങൾക്ക് ചെറുവായ്പകൾ വേണ്ട ഉപഭോക്താക്കളുണ്ടെന്ന തിരിച്ചറിവാണ് പുതിയ നീക്കത്തിന് പിന്നിൽ.