Sudan Museum: സുഡാനിലെ നാഷണല്‍ മ്യൂസിയം കൊള്ളയടിച്ചു; യുഎഇ പിന്തുണയോടെയെന്ന് റിപ്പോര്‍ട്ട്
RSF: ഏതെല്ലാം വസ്തുക്കളാണ് കൊള്ളയടിക്കപ്പെട്ടതെന്ന് വ്യക്തമല്ല. സുഡാനിലെ ദേശീയ ബ്രോഡ്കാസ്റ്ററായ എസ്ബിസി റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് കൊള്ളയടിക്കപ്പെട്ട മ്യൂസിയത്തിന്റെ സ്വാഭാവിക ഘടന മാറിയിട്ടുണ്ട്. ഇത് മ്യൂസിയത്തിന്റെ പ്രവര്‍ത്തനത്തെയും ബാധിച്ചു.
ഖാര്‍ത്തൂം: സുഡാനിലെ നാഷണല്‍ മ്യൂസിയം കൊള്ളയടിക്കപ്പെട്ടു. യുഎഇ പിന്തുണയോടെ രാജ്യത്തുള്ള അര്‍ധസൈനിക വിഭാഗമായ സുഡാനീസ് റാപ്പിഡ് ഫോഴ്‌സ് (ആര്‍എസ്എഫ്) ആണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാട്ടുന്നത്. മ്യൂസിയത്തിലുണ്ടായിരുന്ന അതിപുരാതനമായ വസ്തുക്കള്‍ കാണാതായിട്ടുണ്ട്. ഇവ രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തി വഴി കടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ ഏതെല്ലാം വസ്തുക്കളാണ് കൊള്ളയടിക്കപ്പെട്ടതെന്ന് വ്യക്തമല്ല. സുഡാനിലെ ദേശീയ ബ്രോഡ്കാസ്റ്ററായ എസ്ബിസി റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് കൊള്ളയടിക്കപ്പെട്ട മ്യൂസിയത്തിന്റെ സ്വാഭാവിക ഘടന മാറിയിട്ടുണ്ട്. ഇത് മ്യൂസിയത്തിന്റെ പ്രവര്‍ത്തനത്തെയും ബാധിച്ചു.
Also Read: Usha Vance: ഉഷ വാന്‍സിന്റെ ഹിന്ദു ഐഡന്റിറ്റി; റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ബാധ്യതയാകുമോ?
മ്യൂസിയം സ്ഥിതി ചെയ്യുന്ന നിയന്ത്രിത മേഖലയായ കാര്‍ട്ടൂമില്‍ 2024 മുതല്‍ ആര്‍എസ്എഫ് ഓപ്പറേഷന്‍ നടത്തുന്നുണ്ടെന്നും എസ്ബിസി വ്യക്തമാക്കി. കൂടാതെ പ്രദേശത്തെ സാറ്റലൈറ്റ് ചിത്രങ്ങള്‍ ഉള്‍പ്പെടെ ആര്‍എസ്എഫിനെതിരെ എസ്ബിസി പുറത്തുവിട്ടിട്ടുണ്ട്. മ്യൂസിയത്തിലെ സാധനങ്ങള്‍ കയറ്റിയുള്ള ട്രക്കുകള്‍ സുഡാനിന്റെ തെക്കന്‍ അതിര്‍ത്തിയിലേക്ക് പോയതായി സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കൂടാതെ ഈ ട്രക്കുകള്‍ മ്യൂസിയത്തിന് സമീപത്ത് നിന്നാണ് യാത്ര തിരിച്ചതെന്നും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇങ്ങനെ കടത്തികൊണ്ടുപോയ സാധനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയുമുള്ള ഓണ്‍ലൈന്‍ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ വഴിയും വില്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇവയുടെ വില്‍പന നടന്നിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല.
സുഡാനിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ മ്യൂസിയമാണ് കൊള്ളയടിക്കപ്പെട്ടത്. ശിലായുഗ കാലം മുതല്‍ ഇസ്ലാമിക കാലഘട്ടം വരെയുള്ള സുഡാനീസ് ചരിത്രത്തിന്റെ പുരാവസ്തുക്കളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. എന്നാല്‍ സുഡാനിലെ ആഭ്യന്തര കലാപം തുടങ്ങിയതിന് പിന്നാലെയും മ്യൂസിയം കൊള്ളയടിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 2023ല്‍ മ്യൂസിയം കൊള്ളയടിക്കപ്പെട്ടിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ തങ്ങളാണ് കൊള്ളയടിച്ചതെന്ന ആരോപണങ്ങള്‍ ആര്‍എസ്എഫ് നിഷേധിച്ചു. രാജ്യത്തിന്റെ സുപ്രധാനമായ ഉള്ളടക്കങ്ങള്‍ സംരക്ഷിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് ആര്‍എസ്എഫ് വ്യക്തമാക്കി.
അതേസമയം, നോര്‍ത്ത് ഡാര്‍ഫറിലെ മെലിറ്റ് നഗരത്തില്‍ സുഡാന്‍ സൈന്യം നടത്തിയ വ്യാമാക്രമണത്തില്‍ പത്ത് പേര്‍ കൊല്ലപ്പെടുകയും നാല്‍പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ആര്‍എസ്എഫും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പുതിയ ആക്രമണമെന്നാണ് വിവരം.
യുദ്ധവിമാനത്തില്‍ നിന്ന് പത്തോളം ബോംബുകളാണ് പ്രദേശത്ത് വര്‍ഷിച്ചത്. അതില്‍ എട്ടെണ്ണം അല്‍ നാസര്‍, അല്‍ ഖുബ്ബ എന്നിവിടങ്ങളില്‍ വീണ് മാരകമായ നാശനഷ്ടങ്ങള്‍ക്ക് കാരണമായി. രണ്ട് ബോംബുകള്‍ അല്‍ ഐഷ്, അല്‍ തവാഹിര്‍ മാര്‍ക്കറ്റുകളിലും വീണിരുന്നു.