UAE New Ministry : കുടുംബശാക്തീകരണത്തിനായി പുതിയ മന്ത്രാലയം രൂപീകരിച്ച് യുഎഇ; നേതൃത്വം നൽകുക സന സുഹൈൽ
UAE Announced New Ministry : കുടുംബശാക്തീകരണത്തിനായി പുതിയ മന്ത്രാലയം രൂപീകരിച്ച് യുഎഇ. സനാ സുഹൈൽ നേതൃത്വം നൽകുന്ന പുതിയ മന്ത്രാലയം ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് പ്രഖ്യാപിച്ചത്.
പുതിയ മന്ത്രാലയം രൂപീകരിച്ച് യുഎഇ. കുടുംബശാക്തീകരണത്തിനായാണ് യുഎഇ പുതിയ മന്ത്രാലയം രൂപീകരിച്ചത്. യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡൻ്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സനാ സുഹൈൽ ആവും മന്ത്രാലയത്തിന് നേതൃത്വം നൽകുക. കുടുംബങ്ങളെ ശക്തിപ്പെടുത്താനും പരസ്പരാശ്രയത്വത്തെയും സ്ഥിരതയെയും മെച്ചപ്പെടുത്താനുമാണ് പുതിയ മന്ത്രാലയം രൂപീകരിച്ചത്.
“കുടുംബമെന്നത് രാഷ്ട്രത്തിൻ്റെ മുൻഗണനയാണ്. പുരോഗതിയുടെ മൂലക്കല്ലാണ്. രാജ്യത്തിൻ്റെ ഭാവിയിലേക്കുള്ള ഉറപ്പാണ്. രാജ്യത്തെ കുടുംബങ്ങളുടെ പുരോഗതിയ്ക്ക് വേണ്ടിയുള്ള പദ്ധതികൾ ആവിഷ്കരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കുടുംബത്തിൻ്റെ വളർച്ച മെച്ചപ്പെടുത്താനും അവയെ ശാക്തീകരിക്കാനും പ്രത്യുത്പാദന ശേഷി വർധിപ്പിക്കാനുമൊക്കെ ഇത് ആവശ്യമാണ്. പരസ്പരാശ്രയത്വവും സ്ഥിരതയും മെച്ചപ്പെടുത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ പുതിയ മന്ത്രാലയം വളരെ നിർണായകമായ ചുമതലയാണ് വഹിക്കുന്നത്.”- പുതിയ മന്ത്രാലയം പ്രഖ്യാപിച്ചുകൊണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. മുൻപ് വിവിധ മേഖകളിൽ ജോലി ചെയ്തയാളാണ് സനാ സുഹൈൽ. വിവിധ മേഖലകളിലുള്ള സായുധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സന സർക്കാർ ജോലിയിൽ ഏറെ വർഷമായി സജീവമാണ്. സാമൂഹിക വികസന മന്ത്രാലയത്തിൽ അണ്ടർ സെക്രട്ടറിയായിരുന്ന ഇവർ 2021 ഏപ്രിൽ മുതൽ അബൂദബി ഏളി ചൈൽഡ്ഹുഡ് അതോറിറ്റി ഡയറക്ടർ ജനറലാണ്.
Also Read : Israel-Palestine Conflict: മരുന്നും ഭക്ഷണവും കാത്ത് നിന്നവർക്ക് നേരെ ആക്രമണം; പലസ്തീനികൾ കൊല്ലപ്പെട്ടു
മന്ത്രാലയത്തിൻ്റെ പ്രധാന ചുമതലകൾ
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കിയതനുസരിച്ച് പുതിയ നയങ്ങളും പദ്ധതികളും രൂപീകരിക്കുകയാണ് മന്ത്രാലയത്തിൻ്റെ പ്രധാന ചുമതല. മാതൃകാപരമായി കുട്ടികളെ വളർത്താനും കുടുംബങ്ങളുടെ പരസ്പരാശ്രയത്വം ഊട്ടിയുറപ്പിക്കാനുമുള്ള പദ്ധതികൾ ആവിഷ്കരിക്കണം. പ്രത്യുത്പാദന ശേഷി വർധിപ്പിക്കാനുള്ള നയങ്ങൾ രൂപീകരിച്ച് നടപ്പിലാക്കണം. കുടുംബങ്ങൾ ശിഥിലമാകുന്നതിനുള്ള കാരണങ്ങൾ കണ്ടെത്തി അത് കുറയ്ക്കാൻ ശ്രമിക്കണം. വിവാഹത്തിന് മുൻപ് ആവശ്യമായ അവബോധം നൽകണം. കുടുംബമെന്ന സന്ദേശം കൃത്യമായി അവരിലേക്ക് പകരണം. രക്ഷാകർതൃബോധവും വർക്ക് ലൈഫ് ബാലൻസും പരിശീലിപ്പിക്കണം. കുട്ടികളെ എല്ലാ തരത്തിലും സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത ഉദ്ബോധിപ്പിക്കുന്നതിനൊപ്പം അവരുടെ അവകാശങ്ങളെ സംരക്ഷിക്കാൻ ബോധവത്കരണം ചെയ്യണം. സമൂഹത്തിൽ അധകൃതരെ കണ്ടെത്തി അവരെ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണം. സന്നദ്ധ സംഘടനകളെയും സന്നദ്ധ പ്രവർത്തകരെയും നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക എന്നിവയൊക്കെയാണ് ചുമതലകൾ.
ഇതിനിടെ മറ്റൊരു മന്ത്രാലയത്തിൻ്റെ പേര് മാറ്റുന്ന നടപടിയും നടന്നു. സമൂഹ പുരോഗതി മന്ത്രാലയം എന്ന പേര് മാറ്റി സമൂഹ ശാക്തീകരണ മന്ത്രാലയം എന്നാണ് ആക്കിയത്. ഷമ്മ അൽ മസൂരിയ്ക്കാണ് ഈ മന്ത്രാലയത്തിൻ്റെ ചുമതലയുള്ളത്. ഇക്കാര്യം ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തെൻ്റെ എക്സ് ഹാൻഡിലിലൂടെ അറിയിച്ചു.