Donald Trump: ഇന്ത്യയ്ക്ക് ഇളവില്ല; തിരിച്ചടി തീരുവ യുദ്ധവുമായി ട്രംപ് മുന്നോട്ട്
Donald Trump Sign in Plan For Reciprocal Tariffs: യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന എല്ലാ രാജ്യങ്ങള്‍ക്കും മേല്‍ അതേ രീതിയില്‍ തന്നെ നികുതി ചുമത്തും. വ്യപാര കാര്യങ്ങളില്‍ സഖ്യരാജ്യങ്ങള്‍ ശത്രുരാജ്യങ്ങളേക്കാള്‍ മോശമാണെന്നും ട്രംപ് പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, ജപ്പാന്‍, ഇന്ത്യ ഉള്‍പ്പെടെയുള്ള യുഎസിന്റെ പ്രധാന വാണിജ്യ പങ്കാളികളെയെല്ലാം ട്രംപിന്റെ നിലപാട് ബാധിക്കും.

നരേന്ദ്ര മോദി, ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്ക് മേല്‍ പരസ്പര നികുതി (റസിപ്രോക്കല്‍ താരിഫ്) ചുമത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താരിഫ് ചുമത്തുമെന്ന പ്രഖ്യാപനത്തില്‍ ഇളവ് വരുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന എല്ലാ രാജ്യങ്ങള്‍ക്കും മേല്‍ അതേ രീതിയില്‍ തന്നെ നികുതി ചുമത്തും. വ്യപാര കാര്യങ്ങളില്‍ സഖ്യരാജ്യങ്ങള്‍ ശത്രുരാജ്യങ്ങളേക്കാള്‍ മോശമാണെന്നും ട്രംപ് പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, ജപ്പാന്‍, ഇന്ത്യ ഉള്‍പ്പെടെയുള്ള യുഎസിന്റെ പ്രധാന വാണിജ്യ പങ്കാളികളെയെല്ലാം ട്രംപിന്റെ നിലപാട് ബാധിക്കും.
ഓരോ രാജ്യങ്ങളില്‍ നിന്നും ഈടാക്കേണ്ട തീരുവകളെ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യുഎസ് വാണിജ്യ സെക്രട്ടറിക്കും യുഎസ് വ്യാപാര പ്രതിനിധിക്കും ട്രംപ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂല്യവര്‍ധിത നികുതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ടായിരിക്കും നിരക്ക് തീരുമാനിക്കുന്നത്.
എന്നിരുന്നാലും പുതുതായി ഏര്‍പ്പെടുത്തിയിട്ടുള്ള തീരുവകള്‍ ഉടന്‍ പ്രാബല്യത്തില്‍ വരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഓരോ രാജ്യങ്ങള്‍ക്കും യുഎസുമായി ചര്‍ച്ചകള്‍ നടത്താന്‍ അവസരം നല്‍കും.
അതേസമയം, ഇന്ത്യയുമായി ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി സൃഷ്ടിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ പ്രസിഡന്റ് ട്രംപ് പറഞ്ഞത്. ഇന്ത്യയുമായുള്ള സൈനിക വ്യാപാരം വര്‍ധിപ്പിക്കും. എഫ് 35 വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഇന്ത്യയ്ക്ക് കൈമാറുമെന്നും ട്രംപ് പറഞ്ഞു.
2030 ആകുന്നതോടെ ഇന്ത്യ-യുഎസ് വ്യാപാരം ഇരട്ടിപ്പിക്കുമെന്നാണ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. വ്യാപാരം ഇരട്ടിപ്പിച്ച് 500 ബില്യണ്‍ ഡോളറിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കും. യുഎസില്‍ നിന്നും കൂടുതല്‍ പെട്രോളിയം ഉത്പന്നങ്ങള്‍ ഇന്ത്യ വാങ്ങിക്കും. ഇന്ത്യയുടെയും യുഎസിന്റെയും പുരോഗതിക്ക് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കും. ട്രംപുമായി യോജിച്ച് പ്രവര്‍ത്തിച്ചുകൊണ്ട് ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു. ഡൊണാള്‍ഡ് ട്രംപ് വീണ്ടും പ്രസിഡന്റായി അധികാരമേറ്റതിന് ശേഷം മോദിയുമൊന്നിച്ച് നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.