Cargo Ship Abducted: രണ്ട് മലയാളികൾ ഉൾപ്പെടെ 7 ഇന്ത്യക്കാർ; ആഫ്രിക്കയിൽ ചരക്കു കപ്പൽ റാഞ്ചി
Cargo Ship Abducted In Africa: ആഫ്രിക്കയിലെ ലോമോ തുറമുഖത്തു നിന്നു കാമറൂണിലേക്ക് പോയ ചരക്കു കപ്പലാണ് കടൽക്കൊള്ളക്കാർ പിടിച്ചെടുത്തതെന്നാണ് വിവരം. 18 ജീവനക്കാരിൽ 10 പേരെ ബന്ദികളാക്കിയ ശേഷം കപ്പൽ ഉപേക്ഷിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ഉദുമ: രണ്ട് മലയാളികൾ ഉൾപ്പെടെ 10 കപ്പൽ ജീവനക്കാർ ഉൾപ്പെടുന്ന ചരക്കു കപ്പൽ ആഫ്രിക്കയിൽ കടൽക്കൊള്ളക്കാർ റാഞ്ചിയതായി റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് ബന്ധകളാക്കിയവരുടെ ബന്ധുക്കൾക്കാണ് വിവരം ലഭിച്ചത്. കാസർഗോഡ് ഗോപാൽപേട്ട സ്വദേശിയായ രാജേന്ദ്രൻ ഭാർഗവൻ (35), മറ്റൊരു മലയാളി രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ച് പേരും 3 വിദേശികളുമടക്കം 10 പേരാണ് കപ്പലിലുണ്ടായിരുന്നത്.
ആഫ്രിക്കയിലെ ലോമോ തുറമുഖത്തു നിന്നു കാമറൂണിലേക്ക് പോയ ചരക്കു കപ്പലാണ് കടൽക്കൊള്ളക്കാർ പിടിച്ചെടുത്തതെന്നാണ് വിവരം. 18 ജീവനക്കാരിൽ 10 പേരെ ബന്ദികളാക്കിയ ശേഷം കപ്പൽ ഉപേക്ഷിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മാർച്ച് 17നു രാത്രി 11.30നു ശേഷം രജീന്ദ്രനെ ബന്ധപ്പെടാൻ വീട്ടുകാർക്ക് കഴിഞ്ഞിട്ടില്ലെന്ന് കുടുംബം പറഞ്ഞു.
പാനമ രജിസ്ട്രേഷനിലുള്ള ബിറ്റു റിവർ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ. മുംബൈ ആസ്ഥാനമായ മെരി ടെക് ടാങ്കർ മാനേജ്മെന്റാണ് ചരക്ക് കടത്തലിനു ഈ കപ്പൽ ഉപയോഗിക്കുന്നത്. മാർച്ച് 18 ന് ബിറ്റു റിവർ കമ്പനി തന്നയാണ് രാജേന്ദ്രന്റെ ഭാര്യയെ സംഭവത്തെക്കുറിച്ച് അറിയിച്ചത്. നിലവിൽ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് കമ്പനി അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു.
കപ്പലിലെ മറ്റ് ജീവനക്കാരുമായി കമ്പനി അധികൃതർ സംസാരിക്കുന്നുണ്ടെങ്കിലും തട്ടിക്കൊണ്ടു പോയവരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. തട്ടിക്കൊണ്ടു പോയവരെക്കുറിച്ചോ അവർ ആവശ്യപ്പെട്ട മോചനദ്രവ്യത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ കപ്പൽ കമ്പനി വീട്ടുകാരുമായി പങ്കുവച്ചിട്ടില്ല.