Singapore Airlines horror: ആകാശച്ചുഴിയിൽപ്പെട്ട വിമാനം: 22 പേർക്ക് സുഷുമ്നാനാഡിക്കും ആറ് പേർക്ക് മസ്തിഷ്കത്തിലും തലയോട്ടിക്കും പരിക്ക്
ലണ്ടനിൽ നിന്ന് സിങ്കപ്പൂരിലേക്ക് പുറപ്പെട്ട ബോയിങ് 777-300 ഇആർ വിമാനമാണ് 10 മണിക്കൂർ പിന്നിട്ടപ്പോൾ ആകാശച്ചുഴിയിൽപ്പെട്ടത്.
സിങ്കപ്പൂർ: കഴിഞ്ഞ ചൊവ്വാഴ്ച്ച ആകാശച്ചുഴിയിൽപ്പെട്ട സിങ്കപ്പൂർ എയർലൈൻസ് വിമാനത്തിലെ 22 യാത്രക്കാർക്ക് സുഷുമ്നാനാഡിക്ക് പരിക്ക്. രണ്ടുവയസ്സുള്ള കുട്ടിയ്ക്കടക്കം ആറുപേർക്ക് മസ്തിഷ്കത്തിലും തലയോട്ടിക്കും പരിക്കേറ്റിട്ടുണ്ട്.
ഇരുപതുപേർ ഇപ്പോഴും തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. 83-കാരനാണ് ചികിത്സയിൽ കഴിയുന്നവരിൽ പ്രായംകൂടിയ വ്യക്തി. ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിലെ ഒരു യാത്രക്കാരൻ മരിച്ചിരുന്നു. 73-കാരനായ ബ്രിട്ടീഷ് പൗരനാണ് മരിച്ചത്.
ചൊവ്വാഴ്ച ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ നിന്ന് സിങ്കപ്പൂരിലേക്ക് പുറപ്പെട്ട ബോയിങ് 777-300 ഇആർ വിമാനമാണ് 10 മണിക്കൂർ പിന്നിട്ടപ്പോൾ ആകാശച്ചുഴിയിൽപ്പെട്ടത്.
സീറ്റ് ബെൽറ്റിടാതിരുന്ന യാത്രക്കാർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇതിൻ്റെ പശ്ചാത്തലത്തിൽ സിങ്കപ്പൂർ എയർലൈൻസ് സീറ്റ്‌ബെൽറ്റ് നിയമം കർശനമാക്കിയിട്ടുണ്ട്. ചുഴിയിൽ പെട്ടതിനെ തുടർന്ന് വിമാനം ബാങ്കോക്ക് സുവർണഭൂമി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയിരുന്നു.
അപകടസമയം വിമാനത്തിൽ 211 യാത്രക്കാരും 18 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ മരിച്ച യാത്രക്കാരന്റെ കുടുംബത്തിനും പരിക്കേറ്റ യാത്രക്കാർക്കും എല്ലാവിധ സഹായവും എത്തിക്കുമെന്ന് സിംഗപ്പൂർ ട്രാൻസ്പോർട്ട് മന്ത്രി ചീ ഹോങ് ടാറ്റ് അറിയിച്ചിരുന്നു.
അപകടത്തിൽപ്പെട്ട സമയം വിമാനം അഞ്ച് മിനിറ്റിനുള്ളിൽ 37,000 അടി ഉയരത്തിൽ നിന്ന് 31,000 അടിയിലേക്കാണ് താഴ്ന്നതായാണ് ഫ്‌ളൈറ്റ്‌റഡാർ 24-ന്റെ റിപ്പോർട്ട് പ്രകാരം പറയുന്നത്.
എന്താണ് ആകാശച്ചുഴി
പ്രവചനാതീതമായ രീതിയിൽ ചലിക്കുന്ന അസ്ഥിരമായ വായുവിനെ ആണ് ആകാശച്ചുഴി എന്ന് പറയുന്നത്. ഇത് സാധരണയായി ശക്തമായ കാറ്റുള്ള കാലാവസ്ഥയിലാണ് സംഭവിക്കുന്നത്.
ആകാശച്ചുഴിയിൽ ഏറ്റവും വലിയ അപകടകാരി മുന്നിൽ യാതൊരു വിധ സൂചനയും നൽകാത്ത ക്ലിയർ-എയർ ടർബുലൻസാണ്. കാറ്റിന്റെ പ്രവേഗത്തിലുള്ള മാറ്റമാണ് ഇതിന് കാരണമാകുന്നത്.
പരസ്പരം അടുത്തിരിക്കുന്ന രണ്ട് വലിയ വായു പിണ്ഡങ്ങൾ വ്യത്യസ്തമായ വേഗതയിൽ നീങ്ങുമ്പോഴാണ് ക്ലിയർ-എയർ ടർബുലൻസ് ഉണ്ടാകുന്നത്. തുടർന്ന് വെള്ളത്തിലെ ചുഴിപോലെ വായുവിലും ചുഴികളുണ്ടാകുന്നു.
ആകാശച്ചുഴിയിൽപ്പെട്ട് മരണങ്ങൾ ഉണ്ടാകുന്നത് അപൂർവമാണ്. എന്നാൽ പരിക്കേൽക്കുന്നവരുടെ എണ്ണം വളരെയധികമാണ്. ആകാശച്ചുഴി ഉണ്ടാകുന്നതിൽ കാലാവസ്ഥാ വ്യതിയാനം ഒരുപരിധി വരെ കാരണമാകുന്നെന്ന് വിദഗ്ധർ പറയുന്നു.
ആകാശച്ചുഴിയെ മറികടക്കാനാകുമോ?
ആകാശച്ചുഴിയെ നേരിടാൻ പൈലറ്റിന് മുന്നിൽ പലവിധ വഴികൾ ഉണ്ട്. കാലാവസ്ഥാ റഡാർ ഡിസ്‌പ്ലെ പോലുള്ള സംവിധാനങ്ങൾ അതിന് ഉപയോഗപ്പെടുത്താവുന്നതാണ്. ചില സമയങ്ങളിൽ പൈലറ്റുമാർക്ക് കണ്ണുകൾ കൊണ്ട് ആകാശച്ചുഴി നേരിട്ട് കാണാൻ സാധിക്കും.
ആകാശചുഴിയ്ക്ക് തൊട്ടുമുമ്പുള്ളയിടം വരെ വളരെ ശാന്തമായിരിക്കും. അതേസമയം, ഒരു വിമാനം ക്ലിയർ എയർ ടർബുലൻസിൽപ്പെട്ടാൻ എയർ ട്രാഫിക് കൺട്രോളർമാർ മറ്റ് പൈലറ്റുമാർക്ക് മുന്നറിയിപ്പ് നൽകുന്നു.
പുതിയതായി ഇറങ്ങുന്ന വിമാനങ്ങൾ ആകാശച്ചുഴി കൈകാര്യം ചെയ്യാൻ പര്യാപ്തമാണ്. വിമാനത്തിന്റെ കാബിൻ ഏരിയയും ഓവർഹെഡ് ബിന്നിലും ചെറിയ കേടുപാടുകൾ സംഭവിക്കുമെങ്കിലും ഇവ വിമാനത്തിന്റെ ഘടനാപരമായ കാര്യങ്ങളെ ബാധിക്കില്ലെന്ന് മോസ് പറഞ്ഞു.