5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Turkey Fire : തുര്‍ക്കിയില്‍ റിസോര്‍ട്ടില്‍ തീപിടിത്തം, നിരവധി മരണം

Turkey Fire Accident : പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന്‌ ആരോഗ്യമന്ത്രി. 17 പേരെ ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തതായും മന്ത്രി. പ്രാദേശിക സമയം പുലർച്ചെ 3:30 ഓടെയാണ് തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു

Turkey Fire : തുര്‍ക്കിയില്‍ റിസോര്‍ട്ടില്‍ തീപിടിത്തം, നിരവധി മരണം
Representational imageImage Credit source: PTI
jayadevan-am
Jayadevan AM | Published: 21 Jan 2025 20:55 PM

അങ്കാര: തുര്‍ക്കിയില്‍ റിസോര്‍ട്ടിലുണ്ടായ തീപിടിത്തത്തില്‍ 66 പേര്‍ മരിച്ചു. വടക്കുപടിഞ്ഞാറൻ തുർക്കിയിലെ ഒരു സ്കീ റിസോർട്ടിലെ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. 51 പേർക്ക് പരിക്കേറ്റു. കർതാൽകായ എന്ന റിസോർട്ടിലെ ഗ്രാൻഡ് കർതാൽ ഹോട്ടലിലാണ് തീപിടിത്തമുണ്ടായതെന്ന്‌ തുർക്കി ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞു. ഇസ്താംബൂളിൽ നിന്ന് ഏകദേശം 300 കിലോമീറ്റർ (185 മൈൽ) കിഴക്കായി ബൊലു പ്രവിശ്യയിലെ കൊറോഗ്ലു പർവതനിരകളിലാണ് ഈ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. സ്‌കൂള്‍ സെമസ്റ്റര്‍ അവധിക്കാലമായതിനാല്‍ നിരവധി പേര്‍ ഹോട്ടലിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവസ്ഥലം അലി യെർലികായ സന്ദര്‍ശിച്ചു. ദുരന്തത്തില്‍ അതിയായ വേദനയുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന്‌ ആരോഗ്യമന്ത്രി കെമാൽ മെമിസോഗ്ലു പറഞ്ഞു. 17 പേരെ ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. പ്രാദേശിക സമയം പുലർച്ചെ 3:30 ഓടെയാണ് തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആറു പ്രോസിക്യൂട്ടര്‍മാരെ സര്‍ക്കാര്‍ നിയമിച്ചു.

പരിഭ്രാന്തി മൂലം കെട്ടിടത്തില്‍ നിന്ന് എടുത്തുചാടിയതാണ് രണ്ട് പേരുടെ മരണകാരണമെന്ന് ഗവർണർ അബ്ദുൽ അസീസ് അയ്ഡിൻ വാര്‍ത്താ ഏജന്‍സിയായ അനഡോലുവിനോട് പ്രതികരിച്ചു. ചിലര്‍ പുതപ്പുകള്‍, ഷീറ്റുകള്‍ തുടങ്ങിയവ ഉപയോഗിച്ച് താഴേക്ക് ഇറങ്ങാന്‍ ശ്രമിച്ചെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 234 പേര്‍ ഹോട്ടലിലുണ്ടായിരുന്നുവെന്ന് അബ്ദുൽ അസീസ് അയ്ഡിൻ പറഞ്ഞു.

സംഭവസമയത്ത് താന്‍ ഉറങ്ങുകയായിരുന്നുവെന്നും, വിവരമറിഞ്ഞ ഉടന്‍ പുറത്തേക്ക് ഓടിയെന്നും ഹോട്ടലിലെ സ്കീ ഇൻസ്ട്രക്ടറായ നെക്മി കെപ്‌സെറ്റുട്ടൻ ഒരു മാധ്യമത്തോട് പ്രതികരിച്ചു. 20-ഓളം പേരെ ഹോട്ടലില്‍ നിന്ന് പുറത്തെത്തിക്കാന്‍ താന്‍ സഹായിച്ചതായും നെക്മി കെപ്‌സെറ്റുട്ടൻ പറഞ്ഞു.തീപിടിത്തത്തിന് പിന്നാലെ പുകപടലം വ്യാപിച്ചതിനാല്‍ ആളുകള്‍ രക്ഷപ്പെടാന്‍ പ്രയാസപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also : ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറുന്നു; നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ട് ട്രംപ്‌

ഹോട്ടലിന്റെ അഗ്നിശമന സംവിധാനം പ്രവർത്തിക്കുന്നില്ലായിരുന്നുവെന്ന് ആരോപണമുണ്ട്. അഗ്നിശമന സേനാംഗങ്ങൾ എത്താൻ ഏകദേശം ഒരു മണിക്കൂറെടുത്തു എന്ന് ഹോട്ടലിന്റെ മൂന്നാം നിലയിൽ താമസിക്കുന്ന അടകൻ യെൽകോവൻ എന്നയാള്‍ പറഞ്ഞു. ഭാര്യയ്ക്ക് തീപിടിത്തത്തിന്റെ മണം അനുഭവപ്പെട്ടപ്പോഴാണ് വിവരമറിഞ്ഞതെന്നും, മുകളിലെ നിലയില്‍ ആളുകള്‍ നിലവിളിക്കുകയായിരുന്നുവെന്നും അടകൻ യെൽകോവൻ പറഞ്ഞു.

161 മുറികളാണ് ഹോട്ടലിലുണ്ടായിരുന്നത്. പാറക്കെട്ടിന്റെ വശത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ശ്രമകരമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2021 ലും 2024 ലും ഹോട്ടലില്‍ പരിശോധന നടത്തിയിരുന്നെന്നും, എന്നാല്‍ തീപിടിത്തത്തിനുള്ള സാഹചര്യങ്ങള്‍ അഗ്നിശമന വകുപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ടൂറിസം മന്ത്രി മെഹ്മത് നൂറി എർസോയ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളും വെളിച്ചത്തുകൊണ്ടുവരുമെന്നും, ഉത്തരവാദികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും പ്രസിഡന്റ്‌ റജബ് തയ്യിബ് എർദോഗൻ പറഞ്ഞു. അങ്കാറയിൽ ഒരു പ്രസംഗത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 30 ഫയർ ട്രക്കുകളും 28 ആംബുലൻസുകളും സ്ഥലത്തെത്തിയെന്നാണ് റിപ്പോര്‍ട്ട്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി റിസോര്‍ട്ടിലെ മറ്റ് ഹോട്ടലുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. സമീപത്തെ മറ്റ് ഹോട്ടലുകളിലേക്കാണ് ഇവരെ മാറ്റിയത്.