Titanic passenger watch: ടൈറ്റാനിക്കിലെ യാത്രക്കാരൻ്റെ സ്വർണ്ണ പോക്കറ്റ് വാച്ച് വിറ്റത് 1.1 മില്യൺ ഡോളറിന്
1912 ഏപ്രിൽ 15ന് ടൈറ്റാനിക് അറ്റ്ലാൻറ്റിക്ക് സമൂദ്രത്തിൽ മുങ്ങുമ്പോൾ ആസ്റ്ററിന് 47 വയസ് മാത്രമാണ് പ്രായം. അക്കാലത്ത് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായിരുന്നു അദ്ദേഹം.
ആദ്യയാത്രയിൽ തന്നെ മുങ്ങിപ്പോയ ആഢംബര കപ്പലായ ടൈറ്റാനിക്കിലെ യാത്രക്കാരന്റെ സ്വർണ്ണ പോക്കറ്റ് വാച്ച് വിറ്റത് 1.1 മില്യൺ ഡോളറിന് (1.46 ദശലക്ഷം യുഎസ് ഡോളർ). യുഎസ്സിലെ സമ്പന്ന വ്യവസായിയായ ജോൺ ജേക്കബ് ആസ്റ്ററിന്റേതാണ് ഈ സ്വർണ്ണ വാച്ച്. അദ്ദേഹത്തിൻ്റെ പേരിന്റെ ആദ്യാക്ഷരങ്ങളായ ജെജെഎ എന്ന് വാച്ചിൽ എഴുതിയിരുന്നു. യുഎസ് പൗരനാണ് ഈ സ്വർണ്ണ വാച്ച് സ്വന്തമാക്കിയത്.
ഇംഗ്ലണ്ടിലെ കമ്പനിയായ ഹെൻറി ആൽഡ്രിഡ്ജ് ആൻ്റ് സൺ ശനിയാഴ്‌ച്ചയായിരുന്നു വാച്ച് ലേലത്തിൽ വിറ്റത്. ഏകദേശം 100,000 – 150,000 പൗണ്ടായിരുന്നു ലേലത്തിൽ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇത്രയും തുക പ്രതീക്ഷിച്ചിരുന്നില്ലെന്നും കമ്പനി വൃത്തങ്ങൾ പറഞ്ഞു.
1912 ഏപ്രിൽ 15ന് പുലർച്ചെ ടൈറ്റാനിക് അറ്റ്ലാൻറ്റിക്ക് സമൂദ്രത്തിൽ മുങ്ങുമ്പോൾ ആസ്റ്ററിന് 47 വയസ് മാത്രമാണ് പ്രായം. അക്കാലത്ത് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളെന്ന നിലയിലാണ് ആസ്റ്റർ അറിയപ്പെട്ടിരുന്നത്. തന്റെ ഭാര്യയായ മഡലീനെയെ ലൈഫ് ബോട്ടിൽ കയറ്റി ജീവൻ രക്ഷിച്ചശേഷമായിരുന്നു ആസ്റ്റർ മരണത്തിന് കീഴടങ്ങിയത്. മഡലീന അന്ന് ഗർഭിണിയായിരുന്നു.
ടൈറ്റാനിക് മുങ്ങി ദിവസങ്ങൾക്ക് ശേഷം ആസ്റ്ററിൻ്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. അപ്പോൾ ജെജെഎ എന്ന ഇനീഷ്യലുകൾ ആലേഖനം ചെയ്ത ഈ സ്വർണ്ണ വാച്ച് ആസ്റ്ററിൻ്റെ മൃതദേഹത്തോടൊപ്പം കണ്ടെത്തി. വാച്ച് മാത്രമായിരുന്നില്ല വജ്രമോതിരം, സ്വർണം, ഡയമണ്ട് കഫ്‌ലിങ്കുകൾ എന്നിവയും അദ്ദേഹത്തിൻ്റെ പക്കൽ നിന്ന് കണ്ടെത്തിയിരുന്നു.
ടൈറ്റാനിക് മഞ്ഞുമലയിൽ ഇടിച്ച് മുങ്ങിയപ്പോൾ മരിച്ച 1500-ഓളം ആളുകളിൽ ഒരാളാണ് ആസ്റ്റർ. വൈറ്റ് സ്റ്റാർ ലൈൻസിന്റെ ഉടമസ്ഥതയിലുള്ള ഒരു ആഢംബര യാത്രാകപ്പലായിരുന്നു റോയൽ മെയിൽ സ്റ്റീമർ ടൈറ്റാനിക്. അക്കാലത്തെ ഏറ്റവും വലിയ യാത്രാ ആവിക്കപ്പലായി ടൈറ്റാനിക് അറിയപ്പെട്ടു. ഇംഗ്ലണ്ടിലെ സതാംപ്റ്റൺ തുറമുഖത്തു നിന്നും ന്യൂയോർക്കിലേയ്ക്കായിരുന്നു കപ്പലിന്റെ ആദ്യ യാത്ര. ഒരിക്കലും മുങ്ങാത്തത് എന്നു വിശേഷിക്കപ്പെട്ട ആ കപ്പൽ, ആദ്യ യാത്രയിൽത്തന്നെ ഒരു മഞ്ഞുമലയിൽ ഇടിച്ച് കടലിൻ്റെ അടിത്തട്ടിലേക്ക് പോയി.
കപ്പൽ മുങ്ങുമ്പോൾ അതിൽ 2,223 യാത്രക്കാരാണ് ഉണ്ടായിരുന്നത്. എന്നാൽ ഇവരിൽ 1,517 പേർ മരണത്തിന് കീഴടങ്ങി. അപകടത്തിനു ശേഷം എഴുപതിലേറെ വർഷങ്ങൾ കഴിഞ്ഞാണ് കപ്പലിന്റെ അവശിഷ്ടങ്ങൾ കടലിനടിയിൽ കണ്ടെത്തിയത്. കപ്പലിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുക്കാൻ പല ശ്രമങ്ങൾ നടന്നെങ്കിലും ഒന്നുതന്നെ വിജയിച്ചില്ല. 1997ൽ ജയിംസ് കാമറോൺ സംവിധാനം ചെയ്ത ടൈറ്റാനിക് എന്ന ചലച്ചചിത്രം കപ്പലിനെ ഇന്നും ലോകത്തിന് ആശ്ചര്യവും അത്ഭുതവും വേദനാകരവുമാക്കുന്നു ഒന്നാണ്.